
70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളത്തിന് അഭിമാനമായി മികച്ച നടിക്കുള്ള പുരസ്കാരം നിത്യ മേനോന് സ്വന്തമാക്കിയിരുന്നു. ധനുഷിനൊപ്പം അഭിനയിച്ച തിരുച്ചിട്രമ്പലം എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിനാണ് നിത്യയ്ക്ക് പുരസ്കാരം ലഭിച്ചത്. എന്നാല്‍ ഇതിനുപിന്നാലെ വലിയതോതിലുള്ള വിരമര്ശനത്തിനാണ് നിത്യ പാത്രമായത്. ഗാര്‍ഗി എന്ന ചിത്രത്തിലെ അഭിനയത്തിന് സായ്പല്ലവിക്കായിരുന്നു ദേശീയപുരസ്കാരം ലഭിക്കേണ്ടിയിരുന്നത് എന്നായിരുന്നു വിമര്‍ശനം.
ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വിമര്‍ശകര്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടി നല്‍കിയിരിക്കുകയാണ് നിത്യ. പുരസ്കാരം ലഭിക്കാന്‍ തനിക്ക് ഉണ്ടായിരുന്ന അര്‍ഹതയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും വിമര്‍ശകരെ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും നിത്യ അഭിമുഖത്തില്‍ പറയുന്നു.
‘പുരസ്കാരം ലഭിച്ചില്ലെങ്കില്‍ വിമര്‍ശകര്‍ പറയും എനിക്ക് സിനിമയൊന്നുമില്ല, അതുകൊണ്ടാണ് കിട്ടാത്തതെന്ന്. അല്ലെങ്കില്‍ പറയും സാരമില്ല അടുത്ത തവണ കിട്ടും എന്ന്. പുരസ്കാരങ്ങള്‍ ലഭിക്കുമ്പോള്‍ വിമര്‍ശകര്‍ എപ്പോഴും അങ്ങനെയാണ്, നമ്മളേക്കാള്‍ മറ്റൊരാള്‍ക്കായിരുന്നു അര്‍ഹതയെന്ന് പറയും. അതുകൊണ്ട് അവരുടെ വാക്കുകളെ തല്ക്കാലം മുഖവിലയ്ക്കെടുക്കുന്നില്ല’, നിത്യ പറയുന്നു.
കൃതിക ഉയദനിധിയുടെ സംവിധാനത്തില്‍ ജയം രവിക്കൊപ്പം അഭിനയിച്ച ‘കാതലിക്ക നേരമില്ലൈ’ ആണ് നിത്യയുടേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായ ‘ഇഡ്ഡലി കട’യിലാണ് നിത്യ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ധനുഷും പ്രകാശ് രാജുമാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]