
ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയെ ചാറ്റിന് ക്ഷണിച്ച് സല്മാന് ഖാന്റെ മുന്‍ കാമുകയായിട്ടുള്ള നടിയും വനിതാ അവകാശ പ്രവര്‍ത്തകയുമായ സോമി അലി. നിലവില്‍ സബര്‍മതി ജയിലില്‍ കഴിയുന്ന ബിഷ്ണോയിയുമായി സൂം കോളിനുള്ള ക്ഷണവുമായി സാമൂഹിക മാധ്യമങ്ങളിലാണ് സോമി പ്രത്യക്ഷപ്പെട്ടത്. ഇത് ലോറന്‍സ് ബിഷ്ണോയിക്കുള്ള നേരിട്ടുള്ള സന്ദേശമാണെന്ന അടിക്കുറിപ്പോടെ ബിഷ്ണോയിയുടെ ചിത്രവും പങ്കുവെച്ചാണ് ഇന്‍സ്റ്റഗ്രാമിലൂടെ സോമി അലിയുടെ ക്ഷണം. എന്‍സിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍നിന്ന് സല്മാന് ഖാന് ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് സോമി അലി ഖാന്റെ ഇത്തരത്തിലുള്ള പ്രതികരണം.
നമസ്തേ ലോറന്‍സ് ഭായ്… എന്ന് പറഞ്ഞുകൊണ്ടാണ് സോമിയുടെ കുറിപ്പ് തുടങ്ങുന്നത്…
ജയിലില്‍ നിന്ന് പോലും നിങ്ങള്‍ സൂം കോളുകള്‍ ചെയ്യുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്, കണ്ടിട്ടുണ്ട്. അതുകൊണ്ട് നിങ്ങളുമായി ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് എങ്ങനെ വേണമെന്ന് ദയവായി എന്നോട് പറയൂ. ലോകത്തിലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് രാജസ്ഥാന്. എനിക്ക് ഒരു പ്രാര്‍ത്ഥനയ്ക്കായി നിങ്ങളുടെ ക്ഷേത്രം സന്ദര്‍ശിക്കണം, പക്ഷേ ആദ്യം നമുക്ക് സൂം കോള്‍ ഉപയോഗിച്ച് പൂര്‍ത്തിയാക്കാം. എന്നെ വിശ്വസിക്കൂ ഈ ചാറ്റ് നിങ്ങളുടെ സ്വന്തം നന്മയ്ക്കാണ്. ദയവായി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ തരൂ, ഞാന്‍ നന്ദിയുള്ളവനായിരിക്കും. നന്ദി’ സോമി അലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
1999-ലാണ് സോമി അലിയും സല്മാന് ഖാനും തമ്മിലുള്ള ബന്ധം തകരുന്നത്. സല്‍മാനുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷം മുംബൈ വിട്ട അവര്‍ യുഎസിലാണ് ഇപ്പോള്‍ താമസിക്കുന്നത്.
മഹാരാഷ്ട്ര മുന്‍ മന്ത്രി കൂടിയായിട്ടുള്ള ബാബാ സിദ്ദിഖിയെ വെടിവെച്ച ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റെ പ്രധാന നോട്ടപ്പുള്ളികളിലൊരാളാണ് ബോളിവുഡ് താരമായ സല്മാന് ഖാന്. മാന്‍വേട്ടയുമായി ബന്ധപ്പെട്ടാണ് സല്‍മാനുമായുള്ള ശത്രുത. സല്മാന് ഖാന്റെ വീടിനു നേരെയുള്ള വെടിവെപ്പു നടന്ന് മാസങ്ങള്‍ക്കുള്ളിലാണ് ബാബാ സിദ്ദിഖിയെ വെടിവെച്ചു കൊല്ലുന്നത്.
ഇതിന് പിന്നാലെ സല്മാന് ഖാന്റെയും സിദ്ദിഖിയുടെ മകനും എം. എല്‍.എ.യുമായ സീഷാന്‍ സിദ്ദിഖിയുടെയും സുരക്ഷ കൂട്ടിയിരുന്നു. സല്മാന്ഖാന് താമസിക്കുന്ന ബാന്ദ്രയിലെ ഗാലക്സി അപ്പാര്‍ട്ട്മെന്റ് വന്‍ സുരക്ഷാവലയത്തിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]