1970 -80 കളില്‍ ഇന്ത്യന്‍ സിനിമയിലെ നായികാ സങ്കല്‍പ്പത്തിന്റെ പ്രതീകമായിരുന്നു ഹേമമാലിനി. തെന്നിന്ത്യയില്‍നിന്ന് ഹിന്ദി സിനിമയിലേക്ക് സൂപ്പര്‍ താരപദവിയിലെത്തിയ താരറാണി, ആരാധകരുടെ ഡ്രീം ഗേള്‍. അങ്ങനെ വിശേഷണങ്ങളേറെയുള്ള അഭിനേത്രി. ഒക്ടോബര്‍ 16-ന് 75 വയസ്സു പൂര്‍ത്തിയായിരിക്കുകയാണ് ഹേമമാലിനിക്ക്.
ഹേമമാലിനിയുടെ സിനിമകള്‍ പോലെ അവരുടെ വ്യക്തിജീവിതവും എല്ലായ്പ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ നടന് ധര്‍മേന്ദ്രയുമായുള്ള പ്രണയവും വിവാഹവുമാണ് അതില്‍ ഏറ്റവുമേറെ ആഘോഷിക്കപ്പെട്ടത്. മാതാപിതാക്കളുടെ എതിര്‍പ്പ് മറികടന്നായിരുന്നു ഹേമമാലിനി ധര്‍മേന്ദ്രയെ ജീവിത പങ്കാളിയാക്കിയത്. ഒരു റൊമാന്റിക് സിനിമയെ വെല്ലുന്നതായിരുന്നു അവരുടെ പ്രണയകഥ.
സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിരുന്ന കാലത്താണ് ഹേമമാലിനിയുടെ ഹൃദയം ധര്‍മേന്ദ്ര കവരുന്നത്. സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പ് പത്തൊന്‍പതാം വയസ്സില്‍ പ്രകാശ് കൗറുമായിട്ടായിരുന്നു ധര്‍മേന്ദ്രയുടെ ആദ്യവിവാഹം. ഈ വിവാഹത്തിലെ മക്കളാണ് പിന്നീട് ഹിന്ദി സിനിമയില്‍ പ്രശസ്ത നടന്മാരായി തീര്‍ന്ന സണ്ണി ഡിയോളും ബോബി ഡിയോളും.
ഹേമമാലിനിയുമായി ധര്‍മ്മേന്ദ്ര പ്രണയത്തിലായ വിവരം സിനിമാലോകത്ത് കാട്ടുതീ പോലെ പടര്‍ന്നു. സിനിമാ ചീത്രീകരണത്തിന് ശേഷം മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് ഇരുവരും സമയം ചെലവഴിക്കുമായിരുന്നു. ഈ വിവരം ഹേമമാലിനിയുടെ മാതാപിതാക്കളും അറിഞ്ഞും. എങ്ങനെയെങ്കിലും തങ്ങളുടെ മകളെ ധര്മേന്ദ്രയില്നിന്ന് അകറ്റാനായിരുന്നു അവരുടെ ശ്രമം. ധര്‍മേന്ദ്ര വിവാഹിതനാണെന്നതു തന്നെയായിരുന്നു അതിനുള്ള കാരണം.
നടന് ജിതേന്ദ്രയെ ഹേമമാലിനിയുടെ കുടുംബത്തിന് പ്രത്യേകിച്ച് അമ്മ ജയക്ക് വളരെ ഇഷ്ടമായിരുന്നു. അതൊരു അവസരമായി കണ്ട് ഹേമമാലിനിയും ജിതേന്ദ്രയും തമ്മിലുള്ള വിവാഹം നടത്താന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു. വളരെ രഹസ്യമായി ചെന്നൈയില്‍വച്ച് വിവാഹം നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. ഹേമമാലിനിയുടെ ജീവിതത്തെ ആസ്പദമാക്കി മാധ്യമപ്രവര്ത്തകന് രാം കമാല്‍ മുഖര്‍ജി രചിച്ച ഹേമമാലിനി; ബിയോണ്ട് ഡ്രീം ഗേള്‍ എന്ന പുസ്തകത്തില്‍ അതെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. വിവാഹം തീരുമാനിച്ചതിന് പിന്നാലെ ജിതേന്ദ്ര ഒരു സുഹൃത്തിനോട് പറഞ്ഞു, എനിക്ക് ഹേമയെ വിവാഹം ചെയ്യേണ്ട, ഞാന്‍ അവരുമായി പ്രണയത്തിലല്ല. അവര്‍ക്കും എന്നോട് പ്രണയമില്ല. പക്ഷേ, എന്റെയും അവരുടെയും കുടുംബങ്ങള്‍ എല്ലാം തീരുമാനിച്ചിരിക്കുന്നു. ഹേമ നല്ലൊരു പെണ്‍കുട്ടിയാണ്.
വളരെ രഹസ്യമായി വച്ചിട്ടും ഒരു മാസികയില്‍ ഹേമമാലിനിയുടെയും ജിതേന്ദ്രയുടെയും വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്ത വന്നു. ഇതറിഞ്ഞ ധര്‍മേന്ദ്രയും ജിതേന്ദ്രയുടെ കാമുകിയായിരുന്ന ശോഭ സിപ്പിയും ചെന്നൈയിലേക്ക് തിരിച്ചു. വിവാഹചടങ്ങുകള്‍ നടക്കേണ്ടിയിരുന്ന വീടിന് മുന്നില്‍ ധര്‍മേന്ദ്ര നില്‍ക്കുന്നത് കണ്ട് ഹേമമാലിനിയുടെ പിതാവ് വി.എസ്. രാമാനുജം ചക്രവര്‍ത്തി ക്ഷുഭിതനായി. നിങ്ങള്‍ എന്തുകൊണ്ട് എന്റെ മകളുടെ ജീവിതത്തില്‍നിന്ന് ഒഴിഞ്ഞുപോകുന്നില്ല, നിങ്ങള്‍ വിവാഹിതനല്ലേ എന്ന് അദ്ദേഹം ചോദിച്ചു. പക്ഷേ, ഇതൊന്നും ധര്‍മേന്ദ്രയെ പിന്തിരിപ്പിച്ചില്ല. ഹേമമാലിനിയുടെ മുറിയില്‍ കയറിയ ധര്‍മേന്ദ്ര ജിതേന്ദ്രയെ വിവാഹം ചെയ്യരുതെന്ന് കേണപേക്ഷിച്ചു.
മുറിയില്‍നിന്ന് പുറത്തിറങ്ങിയ ഹേമമാലിനി ജിതേന്ദ്രയുടെ കുടുംബത്തോട് തനിക്ക് കുറച്ചുകൂടി സമയം നല്‍കണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ, അവര്‍ അതിന് കൂട്ടാക്കാതെ ഹേമമാലിനിയുടെ വീട് വിട്ടു പോയി. അതോടെ വിവാഹം മുടങ്ങി. എന്നിരുന്നാലും ധര്‍മേന്ദ്രയുമായുള്ള ഹേമമാലിനിയുടെ വിവാഹം അന്ന് നടന്നില്ല.
പ്രണയബന്ധത്തില്‍ അരക്ഷിതാവസ്ഥ തോന്നിയ ധര്‍മേന്ദ്ര ഹേമമാലിനിയുടെ കാര്യത്തില്‍ സ്വാര്ഥനായെന്ന് ഹേമമാലിനി; ബിയോണ്ട് ഡ്രീം ഗേളില്‍ പറയുന്നു. അതില്‍ അസ്വസ്ഥയായ ഹേമമാലിനി മുംബൈയില്‍ തിരിച്ചെത്തുകയും ജിതേന്ദ്രയ്ക്കൊപ്പം അഭിനയിക്കുകയും ചെയ്തു. താനൊരിക്കലും ഇനി സ്വാര്ഥതനാകില്ലെന്ന് ഹേമമാലിനിയ്ക്ക് ധര്‍മേന്ദ്ര പിന്നീട് വാക്ക് നല്കി. 1980 മെയ് രണ്ടിന് ഇരുവരും വിവാഹിതരായി. ഈ ബന്ധത്തില്‍ രണ്ടു പെണ്മക്കളാണ് പിറന്നത്. മൂത്ത മകള്‍ ഇഷാ ഡിയോള്‍ നടിയാണ്. രണ്ടാമത്തെ മകള്‍ അഹാന നര്‍ത്തകിയും.
Content Highlights: Hema Malini dharmendra love story, hema malini parents opposed their wedding, jitendra
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]