ടെഹ്റാൻ: വിഖ്യാത ഇറാനിയൻ സംവിധായകൻ ദാരിയുഷ് മെഹർജുയി (83) യും ഭാര്യ വഹീദ മൊഹമ്മദീഫാറും സ്വവസതിയിൽ കുത്തേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. കൃത്യത്തിന് പിന്നിൽ ആരെന്ന് വ്യക്തമായിട്ടില്ല.
കഴുത്തിലാണ് ദാരിയുഷിനും വഹാദയ്ക്കും കത്തികൊണ്ടുള്ള മുറിവേറ്റതെന്ന് നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥൻ ഹൊസ്സേൻ ഫസേലിയെ ഉദ്ധരിച്ചുകൊണ്ട് ഐ.ആർ.എൻ.എ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കഴുത്തിൽ മുറിവേറ്റ നിലയിൽ ഇരുവരുടേയും മൃതദേഹങ്ങൾ കാണപ്പെടുകയായിരുന്നെന്ന് ഹൊസ്സേൻ ഫസേലി പറഞ്ഞു.
ടെഹ്റാനിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് ദാരിയുഷും വഹീദയും താമസിക്കുന്നത്. സംവിധായകന്റെ മകൾ മോനാ മെഹറുജി പിതാവിനെ കാണാൻ ശനിയാഴ്ച രാത്രി വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചനിലയിൽ മൃതദേഹങ്ങൾ കണ്ടത്. ഇവരാണ് വിവരം പോലീസിൽ അറിയിച്ചത്. ജീവന് ഭീഷണിയുള്ളതായി വഹീദ ഈയിടെ സോഷ്യൽ മീഡിയയിൽ വ്യക്തമാക്കിയിരുന്നു.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍ എന്താണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് സംബന്ധിച്ച് ഇപ്പോള്‍ വിവരങ്ങളൊന്നും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. 1970-കളിൽ ഇറാനിലെ നവതരംഗ സിനിമകൾക്ക് തുടക്കംകുറിച്ചയാളെന്ന നിലയിൽ പ്രശസ്തനായിരുന്നു മെഹർജുയി. റിയലിസമായിരുന്നു മെഹർജുയി ചിത്രങ്ങളുടെ മുഖമുദ്ര. 1960-കളിൽ ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്നായിരുന്നു സിനിമാ പഠനം.
1998 -ലെ ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്ന് സിൽവർ ഹ്യൂഗോയും 1993 -ലെ സാൻ സെബാസ്റ്റ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ സീഷെലും ഉൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചു. 1969-ൽ പുറത്തിറങ്ങിയ ദ കൗ എന്ന ചിത്രമാണ് ഇദ്ദേഹത്തിന്റെ ക്ലാസിക്കുകളില്‍ ഒന്നായി അറിയപ്പെടുന്നത്. ടു സ്റ്റേ എലൈവ്, ദി പിയര്‍ ട്രീ, സാറ എന്നീ ചിത്രങ്ങള്‍ വിവിധ ചലച്ചിത്ര മേളകളില്‍ പ്രേക്ഷകരുടെ കൈയടി നേടിയ സിനിമകളാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എ മൈനറാണ് അവസാന ചിത്രം.
2015ല്‍ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സമഗ്ര സംഭവാനയ്ക്കുള്ള അവാര്‍ഡ് നല്കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
Content Highlights: Dariush Mehrjui killed, Iranian film director Dariush Mehrjui and his wife were stabbed to death
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]