എവർഗ്രീൻ ആക്ഷൻ സിനിമ എന്ന് പറഞ്ഞാൽ അന്നുമിന്നും മലയാളിയുടെ മനസിൽ ആദ്യം വരുന്ന പേര് ‘അങ്ങാടി’ എന്നായിരിക്കും. മീശയും പിരിച്ച് ആണൊരുത്തൻ പ്രേക്ഷക മനസിലേക്ക് തലയെടുപ്പോടെ നടന്നുകയറിയിട്ട് നാൽപ്പത്തി മൂന്ന് വർഷം. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ 1980-ൽ തിയേറ്ററുകളിലെത്തിയ ചിത്രത്തോടെ ജയൻ തന്റെ താരസിംഹാസനം അരക്കിട്ടുറപ്പിച്ചു. ചിത്രവുമായി സഹകരിച്ച പലരും ഇന്ന് നമുക്കൊപ്പമില്ല. സിനിമയുടെ നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് അങ്ങാടി എന്ന മെഗാഹിറ്റിന്റെ പിറവിയേക്കുറിച്ച് നിർമാതാവായ പി.വി ഗംഗാധരൻ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിച്ചപ്പോൾ.
‘സുജാതയ്ക്കും മനസാ വാചാ കർമണായ്ക്കും ശേഷം ഞാൻ നിർമിച്ച ചിത്രമായിരുന്നു അങ്ങാടി. പുതിയ ചിത്രത്തിന്റെ ചർച്ചകൾക്കായി തിരക്കഥാകൃത്ത് ദാമോദരൻ മാസ്റ്റർക്കും സംവിധായകൻ ഐ.വി.ശശിക്കുമൊപ്പം ഇരിക്കുകയായിരുന്നു. അങ്ങനെയാണ് കോഴിക്കോട് അങ്ങാടിയേക്കുറിച്ചുള്ള കഥ പറയുന്നത്. അതെല്ലാവർക്കും ഇഷ്ടമായി. അഭിനേതാക്കളെ കണ്ടെത്താൻ പ്രയാസമൊന്നുമുണ്ടായിരുന്നില്ല. ആ സമയത്ത് ജയന്റെ ഒരു ലൊക്കേഷനിൽ പോയിരുന്നു. അങ്ങനെയാണ് നായകനായി ജയനെ നിശ്ചയിക്കുന്നത്. പിന്നെ സുകുമാരനുണ്ടായിരുന്നു. മനസാ വാചാ കർമണാ കഴിഞ്ഞ ഉടനെ അങ്ങാടിയുടെ ചിത്രീകരണം തുടങ്ങി. 30 ദിവസമായിരുന്നു ഷൂട്ടിങ്.
നമ്മുടെ നാട്ടിൽ നടക്കുന്ന, തൊഴിലാളി വർഗത്തേക്കുറിച്ചുള്ള കഥയാണത്. ചുമട്ടുതൊഴിലാളികളുടെ കഥ. കോഴിക്കോട്ടെ പല തൊഴിലാളി നേതാക്കളും ചിത്രത്തിൽ അഭിനയിച്ചിരുന്നു. പപ്പു, കുഞ്ഞാണ്ടി, നെല്ലിക്കോട് ഭാസ്കരൻ തുടങ്ങി പിന്നണിയിലും മുന്നണിയിലും കോഴിക്കോട്ടുകാർ തന്നെ. ചിത്രം വിജയിക്കുമെന്ന് തന്നെ തോന്നി. ബിച്ചു തിരുമലയും ശ്യാമും ചേർന്നായിരുന്നു പാട്ടുകളൊരുക്കിയത്. എല്ലാം വളരെ നല്ല പാട്ടുകൾ. നന്ദിതാ ബോസ് ഒരു പ്രധാന കഥാപാത്രമായിരുന്നു. അവരുടെ ആദ്യ മലയാള സിനിമയായിരുന്നു അതെന്നാണ് ഓർമ. കോഴിക്കോട് ടൗണിനടുത്ത് അങ്ങാടിയുടെ സെറ്റിട്ടായിരുന്നു ചിത്രീകരണം. ക്രിസ്ത്യൻ കോളേജിനടുത്ത് ഒരു പുതിയ വീട്ടിൽ വച്ചും ചിത്രീകരിച്ചിരുന്നു.
പ്രണയം, ദുഃഖം, ആക്ഷൻ അങ്ങനെ എല്ലാമുള്ള ഒരു ചിത്രമായിരുന്നു അങ്ങാടി. ചിത്രത്തിൽ ജയൻ ഇംഗ്ലീഷ് പറയുന്ന ഒരു രംഗമുണ്ട്. തൊഴിലാളികൾ പഠിപ്പില്ലാത്ത കൂട്ടരാണ് എന്നുള്ള വിചാരത്തെ മാറ്റിമറിക്കുന്ന ആ രംഗം ചിത്രീകരിക്കുമ്പോൾ ആയിരക്കണക്കിനാളുകളാണ് കാണാനായി അവിടെയുണ്ടായിരുന്നത്. ജയൻ ഡയലോഗ് പറഞ്ഞു കഴിഞ്ഞതും നിർത്താതെ കയ്യടിയായിരുന്നു. അപ്പോൾത്തന്നെ സിനിമ വലിയൊരു ഹിറ്റായിരിക്കുമെന്ന് തോന്നിയിരുന്നു. ഐ.വി.ശശി പാടുപെട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. റിലീസായപ്പോൾ കേരളത്തിലെ തിയ്യറ്ററുകളിൽ സന്ദർശനം നടത്തിയപ്പോഴും കാണാൻ കഴിഞ്ഞത് കാണികളുടെ ആവേശം നിറഞ്ഞ പ്രതികരണമായിരുന്നു. എന്റെ മൂന്നാമത്തെ ചിത്രമായ അങ്ങാടിയെ ആളുകൾ ഇത്രകണ്ട് അംഗീകരിച്ചതിൽ വളരെയേറെ സന്തോഷമുണ്ട്. എല്ലാവരും ചേർന്ന് അങ്ങാടിയെ ഒരു ജനകീയ സിനിമയാക്കി.
തൊഴിലാളികളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്നും മറ്റും കാണിക്കുന്ന ഈ ചിത്രം എല്ലാവർക്കും ഒരു മാതൃകയാണ്. ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ‘അങ്ങാടി’ ചർച്ച ചെയ്തത്. ചിത്രത്തിന്റെ പ്രസക്തി നാൽപത് വർഷത്തിന് ശേഷവും നിലനിൽക്കുന്നു. എല്ലാവരും ഉറക്കമൊഴിഞ്ഞുതന്നെയാണ് ഈ സിനിമയ്ക്കുവേണ്ടി പ്രവർത്തിച്ചത്. ചിത്രത്തിനുവേണ്ടി പ്രവർത്തിച്ച ഐ.വി.ശശി, ടി. ദാമോദരൻ മാസ്റ്റർ, ജയൻ തുടങ്ങി പലരും ഇന്ന് നമുക്കൊപ്പമില്ല. അവരെയെല്ലാം ഈയവസരത്തിൽ ഓർക്കുകയാണ്. ഒരു കുടുംബം പോലെയായിരുന്നു എല്ലാവരും. എന്റെ സിനിമാ ജീവിതത്തിൽ മറക്കാനാവാത്ത ആളുകളാണ് ഇവരെല്ലാം. ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് കോഴിക്കോട്ട് വരുമ്പോൾ ജയൻ വീട്ടിൽ വന്ന് അമ്മയോട് അനുഗ്രഹം തേടുമായിരുന്നു.
സിനിമയിൽ വന്നിട്ട് ഇപ്പോൾ നാൽപത്തിയഞ്ച് വർഷമാകുന്നു. ഗൃഹലക്ഷ്മിയിൽ നിന്ന് ഇനിയും സിനിമകളുണ്ടാവും’. അദ്ദേഹം നിർത്തുന്നു.
(അങ്ങാടി എന്ന ചിത്രത്തിന്റെ നാല്പതാം വാർഷികത്തിൽ നിർമാതാവ് പി.വി. ഗംഗാധരൻ മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിന്റെ പുനഃപ്രസിദ്ധീകരണം)
Content Highlights: pv gangadharan interview, Angadi at 40 Years, Interview With PV Gangadharan, Jayan IV Sasi
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]