നിർമാതാവ് എന്നതിന് പുറമെ ഏതൊരു കാര്യത്തിലും സഹായിക്കുകയും ഉപദേശം നൽകുകയും ചെയ്യുന്ന സുഹൃത്തായിരുന്നു പി.വി. ഗംഗാധരനെന്ന് സംവിധായകൻ ജയരാജ്. താൻ ഗംഗേട്ടൻ എന്ന് വിളിച്ചിരുന്ന അദ്ദേഹം പുതിയ സിനിമകൾ ചെയ്യാൻ പ്രേരണയായി മാറുന്ന നിറസാന്നിധ്യമായിരുന്നു. ജയരാജിന്റെ സംവിധാനത്തിൽ 2001-ൽ പുറത്തിറങ്ങിയ ശാന്തം നിർമിച്ചത് പി.വി. ഗംഗാധരനായിരുന്നു.
‘ഞങ്ങളൊക്കെ അദ്ദേഹത്തെ ഗംഗേട്ടൻ എന്നാണ് വിളിച്ചിരുന്നത്. സിനിമ അദ്ദേഹത്തിന്റെ ഒരു ആത്മസുഹൃത്തായിരുന്നു എന്നുപറയാം. ഡൽഹിയിൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നടക്കുന്ന സമയത്തൊക്കെ അദ്ദേഹത്തിന്റെ സാന്നിധ്യം അവിടെ എപ്പോഴുമുണ്ടായിരുന്നു. അവിടെയൊക്കെ മലയാളത്തിന്റെ ഒരു സാന്നിധ്യമായിരുന്നു അദ്ദേഹം. നമ്മളെ എപ്പോഴും നല്ല സിനിമകൾ ചെയ്യാൻ ഗംഗേട്ടൻ പ്രേരിപ്പിക്കുമായിരുന്നു.
2000-ലാണ് ശാന്തം എന്ന സിനിമയുടെ കഥ അദ്ദേഹത്തിനോട് പറയുന്നത്. ഐ. എം വിജയനൊക്കെ അഭിനയിച്ച ശാന്തത്തിന് മികച്ച ഫീച്ചർ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ചിത്രത്തിലെ അഭിനയത്തിന് കെ.പി.എ.സി ലളിതയ്ക്ക് മികച്ച സഹനടിക്കുള്ള പുരസ്കാരവും ലഭിച്ചു. ആ സമയത്ത് ഗംഗേട്ടൻ വളരെയധികം സന്തുഷ്ടനായിരുന്നു. പിന്നീട് എപ്പോൾ കാണുമ്പോഴും നല്ല സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഗംഗേട്ടനെയാണ് കാണാൻ സാധിച്ചത്.
മാസങ്ങൾക്ക് മുൻപ് അവസാനമായി കണ്ടപ്പോഴും അദ്ദേഹം ചെയ്യാൻ ആഗ്രഹിക്കുന്ന നല്ല സിനിമയെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. നിർമാതാവെന്ന നിലയിൽ മാത്രമല്ല, സിനിമയിൽ എന്ത് കാര്യത്തിലും നമ്മളെ സഹായിക്കുകയും ഉപദേശം നൽകുകയും ചെയ്യുന്ന സുഹൃത്തായിരുന്നു അദ്ദേഹം, സ്നേഹസമ്പന്നനായിരുന്നു. മലയാള സിനിമയുടെ ഒരു കാരണവരായിട്ടേ അദ്ദേഹത്തെ നമുക്ക് ഓർമിക്കാൻ സാധിക്കുകയുള്ളൂ.
ചെറുതായി ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സമയത്ത് പോലും പുതിയ ചിത്രമിറങ്ങുമ്പോൾ അദ്ദേഹം ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിക്കുമായിരുന്നു. പുതിയ സിനിമ ചെയ്യാൻ നമുക്ക് പ്രേരണയായി മാറുന്ന നിറസാന്നിധ്യമായിരുന്നു പി.വി. ഇത്രയും സ്നേഹസമ്പന്നനായ ഒരാളെ ഞാൻ ഇൻഡസ്ട്രിയിൽ കണ്ടിട്ടില്ല. ഒരിക്കൽ പോലും അദ്ദേഹം മുഖം കറുപ്പിച്ച് സംസാരിക്കുകയോ ആരോടെങ്കിലും ദേഷ്യപ്പെട്ട് സംസാരിക്കുകയോ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. എന്നും ആ ചിരിയോടെ ചേർത്ത് പിടിക്കുന്ന താങ്ങായിരുന്നു പി.വി’, ജയരാജ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
Content Highlights: film director jayaraj about producer and mathrubhumi director pv gangadharan