‘വാർത്ത’ എന്ന സിനിമയിൽ തിക്കുറിശ്ശിച്ചേട്ടൻ എനിക്ക് ഒരു പേന സമ്മാനിക്കുന്ന രംഗമുണ്ട്. അതുപയോഗിച്ച് എന്റെ കഥാപാത്രമായ മാധവൻകുട്ടി എഴുതുന്ന ദൃശ്യത്തിൽനിന്നാണ് ആ സിനിമയുടെ ടൈറ്റിലുകൾ തെളിഞ്ഞുതുടങ്ങുന്നത്. നാട്ടിൽനിന്ന് ദൂരെയിരുന്ന് മാതൃഭൂമിക്കുവേണ്ടി പ്രിയപ്പെട്ട പി.വി.ജി.യുടെ ഓർമക്കുറിപ്പെഴുതുമ്പോൾ ഓർത്തുപോകുന്നത് ആ പേനയെക്കുറിച്ചാണ്. അത് ഞങ്ങൾ തമ്മിലുള്ള ഹൃദയബന്ധത്തിന്റെ പ്രതീകം പോലെയായിരുന്നു. ഈ അക്ഷരങ്ങൾ കുറിക്കുന്നത് അതേ പേനകൊണ്ടാണ് എന്നു ഞാൻ മനസ്സാലെ കരുതുന്നു.
‘തൃഷ്ണ’യുടെ ഷൂട്ടിങ് സമയത്ത് കൊടൈക്കനാലിലാണ് ഞങ്ങൾ ആദ്യം കാണുന്നത്. അന്ന് ദാമോദരൻമാഷും അബ്ദുള്ളാക്കയും കൂടെയുണ്ട്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് നിർമിക്കുന്ന അടുത്ത ചിത്രത്തിലേക്ക് എന്നെ വിളിക്കാനാണ് അവർ വന്നത്. അതായിരുന്നു തുടക്കം. അതിന് ശേഷം ‘അഹിംസ’ എന്ന സിനിമയിൽ ഞങ്ങൾ ആദ്യമായി ഒരുമിച്ചു. ‘മാതൃഭൂമി’യുടെ അമരക്കാരിലൊരാളായ പി.വി.ജി. പത്രലോകം കേന്ദ്രമാക്കി പിന്നീട് ‘വാർത്ത’ ഒരുക്കിയപ്പോൾ അതിലെ പത്രാധിപവേഷവും എന്നിലേക്കെത്തി. ‘ഒരു വടക്കൻവീരഗാഥ’യാണ് ഞങ്ങളുടെ ബന്ധത്തിലെ എക്കാലത്തെയും അവിസ്മരണീയ ഓർമ.
എല്ലാത്തിന്റെയും ചിത്രീകരണം കോഴിക്കോട്ടായിരുന്നു. അങ്ങനെ പി.വി.ജി.യുടെ കുടുംബവുമായി അടുത്തബന്ധം രൂപപ്പെട്ടു. അദ്ദേഹത്തിന്റെ വിരുന്നുമുറിയിൽ വിളമ്പിയിരുന്ന ഏറ്റവും സ്വാദേറിയ വിഭവത്തിന്റെ പേരും സ്നേഹം എന്നായിരുന്നു. സിനിമയോട് ആഗ്രഹം മാത്രമല്ല, അടങ്ങാത്ത ആവേശവും സൂക്ഷിച്ചയാളായിരുന്നു പി.വി.ജി. അതുകൊണ്ടാണ് വീരഗാഥകൾ സൃഷ്ടിക്കാനായതും. ‘അഹിംസ’യൊക്കെ അക്കാലത്തെ വമ്പൻസിനിമകളായിരുന്നു. ‘വടക്കൻവീരഗാഥ’പോലെ വലിയ കാൻവാസിലുള്ള ചിത്രം പി.വി.ജി.ക്ക് സിനിമയോടുള്ള ആവേശത്തിന്റെ പ്രതിഫലനം തന്നെ.
പി.വി.ജി.യിൽ കണ്ട ഏറ്റവുംവലിയ പ്രത്യേകത നിഷ്കളങ്കതയാണ്. വാക്കിലും പ്രവൃത്തിയിലും എപ്പോഴും അത് ദൃശ്യമായിരുന്നു. ആരെയും ഒരിക്കലും വേദനിപ്പിക്കരുത് എന്ന നിർബന്ധബുദ്ധിയുള്ളതുപോലെയായിരുന്നു എപ്പോഴും പി.വി.ജി.യുടെ പെരുമാറ്റം. യാത്രയിലായതിനാൽ പി.വി.ജി.യെ അവസാനമായി കാണാനാകില്ല എന്ന സങ്കടമുണ്ട്. നാലുപതിറ്റാണ്ടോളം നീളുന്ന ബന്ധം. ഒരു വടക്കൻ സ്നേഹഗാഥ എന്ന് വിളിക്കാം അതിനെ. പക്ഷേ, അത് അവസാനിക്കുന്നില്ല. പി.വി.ജി. മാത്രമേ യാത്രയാകുന്നുള്ളൂ. അദ്ദേഹം ബാക്കിവെച്ച സ്നേഹവും പിൻതലമുറയിലേക്ക് കൈമാറിയ നിഷ്കളങ്കമായ ജീവിതസന്ദേശവും ഇവിടെയൊക്കെത്തന്നെയുണ്ടാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]