
തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ARM-ന്റെ വ്യാജ പ്രിൻ്റ് വ്യാപകമായി പ്രചരിക്കുന്നു. വീട്ടിലിരുന്ന് ടിവിയിൽ വ്യാജ പ്രിൻ്റ് കണ്ടയാൾ ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. സിനിമയെ നശിപ്പിക്കരുതെന്ന് പറഞ്ഞുകൊണ്ട് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
150 ദിവസങ്ങൾക്ക് മേലെ ഷൂട്ടിംഗ്, ഒന്നര വർഷത്തെ പോസ്റ്റ് പ്രൊഡക്ഷൻ, 8 വർഷത്തെ സംവിധായകൻ – തിരക്കഥാകൃത്തിൻ്റെ സ്വപ്നം , ഇൻവെസ്റ്റ് ചെയ്ത നിർമാതാക്കൾ, 100ൽ അതികം വരുന്ന ടീമിൻ്റെ സ്വപ്നം, അധ്വാനം എല്ലാം ഒന്നും അല്ലാതെ ആക്കുന്ന കാഴ്ച ആണ് കാണേണ്ടി വരുന്നതെന്ന് ലിസ്റ്റിൻ സ്റ്റീഫൻ കുറിച്ചു. 100 ശതമാനം തിയേറ്റർ എക്സ്പീരിയൻസ് അനുഭവിക്കേണ്ട സിനിമയാണിതെന്നും ഒരിക്കലും ഇങ്ങനെ ചെയ്തു കൊണ്ട് നശിപ്പിക്കരുതെന്നും ലിസ്റ്റിൻ കൂട്ടിച്ചേർത്തു.
ലിസ്റ്റിൻ സ്റ്റീഫൻ പങ്കുവെച്ച കുറിപ്പിൻ്റെ പൂർണരൂപം
നന്ദി ഉണ്ട്….ഇങ്ങനെ പ്രചരിപ്പിക്കുന്നത്തിൽ ഒരുപാട് ഒരുപാട് നന്ദി ഉണ്ട്..
ഇന്നത്തെ ദിവസം കൊണ്ട് 50 കോടി ക്ലബിൽ കയറാൻ പോകുന്ന സിനിമയുടെ അവസ്ഥയാണ് !!!!
വീട്ടിൽ ഇരുന്ന് തിയേറ്റർ പ്രിൻ്റ് കാണുകയും സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റും ചെയ്യുന്നു.
150 ദിവസങ്ങൾക്ക് മേലെ ഷൂട്ടിംഗ്, ഒന്നര വർഷത്തെ പോസ്റ്റ് പ്രൊഡക്ഷൻ, 8 വർഷത്തെ സംവിധായകൻ – തിരക്കഥാകൃത്തിൻ്റെ സ്വപ്നം , ഇൻവെസ്റ്റ് ചെയ്ത നിർമാതാക്കൾ, 100ൽ അതികം വരുന്ന ടീമിൻ്റെ സ്വപ്നം, അധ്വാനം എല്ലാം ഒന്നും അല്ലാതെ ആക്കുന്ന കാഴ്ച ആണ് ഈ കാണേണ്ടി വരുന്നത്.
മലയാള സിനിമയെ നശിപ്പിക്കുന്നു എന്നല്ലാതെ കൂടുതൽ ആയി വേറെ എന്തു പറയാനാ…
ഈ നേരവും കടന്നു പോവും.കേരളത്തിൽ 90% ARM കളിക്കുന്നതും 3D ആണ്, 100% തീയറ്റർ എക്സ്പീരിയൻസ് അനുഭവിക്കേണ്ട സിനിമയാണ്, ഒരിക്കലും ഇങ്ങനെ ചെയ്തു കൊണ്ട് നശിപ്പിക്കരുത് പ്ലീസ് 🙏🏻
Nb : കുറ്റം ചെയ്യുന്നതും, ചെയ്തത് പ്രചരിപ്പിക്കുന്നതും കുറ്റകരം തന്നെ ആണ് !!!
Ajayante Randam Moshanam
നേരത്തെ ട്രെയിനിലിരുന്ന് ഒരാൾ മൊബൈലിൽ സിനിമ കാണുന്ന വീഡിയോയും സംവിധായകൻ ജിതിൻ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. ഹൃദയം തകരുന്ന കാഴ്ചയാണിതെന്ന് സംവിധായകൻ ഇതിനൊപ്പം കുറിച്ചു. വേറെയൊന്നും പറയാനില്ല. ടെലിഗ്രാം വഴി ARM കാണേണ്ടവർ കാണട്ടേ, അല്ലാതെന്തുപറയാനാ എന്നും ജിതിൻ ലാൽ കുറിച്ചു.
മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നിങ്ങനെ മൂന്നുവേഷങ്ങളിലാണ് ചിത്രത്തിൽ ടൊവിനോ എത്തിയത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും UGM മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ഈ ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. സുരഭി ലക്ഷ്മി, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]