കാനഡ, ഇലപൊഴിയും കാലത്തിന്റെ മനോഹാരിതയിലേയ്ക്കും വലിഞ്ഞുമുറുകുന്ന തണുപ്പുകാലത്തിന്റെ ആരംഭത്തിലേയ്ക്കുമുള്ള പ്രയാണം തുടങ്ങുമ്പോള്‍, ടൊറോന്റോ നഗരത്തിന്റെ വാര്‍ഷികാഘോഷമായ ‘ഉത്സവങ്ങളുടെ ഉത്സവ’ത്തിന് ഒരിക്കല്‍ക്കൂടി തിരശ്ശീല വീണു. എഴുപത് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ഇരുനൂറ്റമ്പതോളം ചിത്രങ്ങളാണ് ഇരുപത്തഞ്ചോളം വേദികളിലായി മൂന്നരലക്ഷത്തോളം പ്രേക്ഷകര്‍ പതിനൊന്നു ദിവസങ്ങളിലായി കണ്ടുതീര്‍ത്തത്.
പല പ്രമുഖചിത്രങ്ങളുടേയും സംവിധായകരും അഭിനേതാക്കളുമുള്പ്പെടുന്ന കലാപ്രവര്‍ത്തകര്‍, നാലു വേദികളിലായി നിവര്‍ന്ന ചുവപ്പുപരവതാനിയില്‍, വെള്ളിവെളിച്ചത്തില്‍ ആരാധകര്‍ക്കായി കയറിയിറങ്ങി. ഇഷ്ടതാരങ്ങളെ ഒരു നോക്കുകാണാന്‍ ആരാധകര്‍ തണുപ്പും വെയിലും വകവയ്ക്കാതെ മണിക്കൂറുകളോളം കാത്തുനിന്നു. ആദ്യത്തെ നാലുദിവസം നഗരഹൃദയത്തിലെ രാജപാതയായ കിങ് സ്ട്രീറ്റ് വെസ്റ്റ് വാഹനങ്ങളെ മാറ്റിനിര്‍ത്തി നടപ്പാത മാത്രമാക്കിയിരുന്നു. നഗരത്തിലെ ഹോട്ടല്മുറികളെല്ലാംതന്നെ സ്വദേശികളും വിദേശികളുമായ അതിഥികള്‍ നേരത്തേ തന്നെ കൈയ്യടക്കിയിരുന്നു.
പതിനൊന്നാം ദിവസം കാഴ്ചയുടെ ഉത്സവം കൊടിയിറങ്ങുമ്പോള്‍, ചലച്ചിത്രങ്ങളെ ഗൗരവമായി സമീപിക്കുന്ന പ്രേക്ഷകര്‍ കണ്ടതും കാണാനുള്ളവയുമായ ഒരു പറ്റം ചിത്രങ്ങളുടെ പേരുകള്‍ മനസ്സുകളില്‍ കുറിച്ചെടുത്തു. നാലും അഞ്ചും ചിത്രങ്ങള്‍ ദിവസേന കണ്ടുതീര്ത്താല്പ്പോലും ഇഷ്ടചിത്രങ്ങളെല്ലാം കണ്ടുതീര്ക്കാനാവില്ലല്ലോ ആര്‍ക്കും! ടൊറോന്റോ തിരഞ്ഞെടുക്കുന്ന ചിത്രങ്ങളില്‍ ഭൂരിപക്ഷവും ഓസ്ക്കര്‍ നോമിനേഷനുകളില്‍ എത്തിച്ചേരുകയും അവയില്‍ പലതും പുരസ്കൃതമാകുകയും ചെയ്യാറുണ്ടെന്നുള്ളതാണ് ഈ ചലച്ചിത്രമേളയുടെ ഏറ്റവും വലിയ പ്രത്യേകതയായി പ്രേക്ഷകര്‍ കണ്ടെടുത്തിട്ടുള്ളത്.
2024 ലെ ചലച്ചിത്രമേളയിലെ ഏറ്റവും മികച്ച കഥാചിത്രമായി കാണികള്‍ തിരഞ്ഞെടുത്തിട്ടുള്ളത് (People’s Choice Award) മൈക്ക് ഫ്ലാനഗന് സംവിധാനം ചെയ്ത ‘Life of Chuck’ ആണ്. ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത് Jacques Audiard ന്റെ ‘Emilia Perez’ ഉം മൂന്നാം സ്ഥാനത്തെത്തിയത് ഷോണ്‍ ബേക്കറിന്റെ ‘അനോര’ (Anora)യുമാണ്.
Midnight Madness വിഭാഗത്തിലെ മികച്ച ചിത്രമായി കാണികള്‍ തിരഞ്ഞെടുത്തത് ‘ദ സബ്സ്റ്റന്‍സ്’ (The Substance) എന്ന Coralie Fargeat ചിത്രവും, രണ്ടാം സ്ഥാനത്ത് John Hsu സംവിധാനം ചെയ്ത ‘Dead Talents Society’ എന്ന തായ്വാനീസ് ചിത്രവും തൊട്ടുപിന്നില്‍ Andrew DeYoung ന്റെ അമേരിക്കന്‍ ചിത്രമായ ‘Friendship’ മാണ്.
വാര്‍ത്താചിത്രങ്ങളുടെ (Documentary) വിഭാഗത്തില്‍ മികച്ചതായി കാണികള്‍ തിരഞ്ഞെടുത്തത് Mike Downie-യുടെ ‘The Tragically Hip: No Dress Rehearsal’ എന്ന ചിത്രവും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ യഥാക്രമം Josh Greenbaum ന്റെ ‘Will & Harper’ ഉം Ali Weinstein ന്റെ ‘Your Tomorrow’ യുമാണ്.
ആഗോളചലച്ചിത്രനിരൂപകസംഘടനയായ FIPRESCI (International Federation of Film Critics) മികച്ച നവാഗതസംവിധായകര്ക്കായി നല്കുന്ന പുരസ്ക്കാരം ഇക്കുറി ലഭിച്ചത് സൊമാലി-കനേഡിയനായ കനാന്‍ വര്സമേ (K’naan Warsame)യ്ക്കാണ്. ചിത്രം: ‘മദര്‍ മദര്‍’ (‘Mother Mother’). അക്രമവും വ്യാകുലതകളും കൊടികുത്തി വാഴുന്ന ഒരു പ്രദേശത്തു നടക്കുന്ന പ്രതികാരനടപടികള്ക്കുമേല് മാനുഷികതയുടെ സന്ദേശം പരത്തുന്ന ചിത്രമായിട്ടാണ് ജൂറി ഈ ചിത്രത്തെ കണ്ടത്. Li Cheuk-to, Pierre-Simon Gutman, Azadeh Jafari, Saffron Maeve, and Wilfred Okiche എന്നീ വിഖ്യാതനിരൂപകരായിരുന്നു ജൂറിയംഗങ്ങള്‍.
മികച്ച ഏഷ്യാ-പസിഫിക്ക് ചിത്രത്തിനുള്ള NETPAC (Network for the Promotion of Asian Pacific Cinema) പുരസ്ക്കാരം നേടിയത് സ്യൂ കിം (Sue Kim) സംവിധാനം ചെയ്ത ‘The Last of the Sea Women’ എന്ന ചിത്രമാണ്. തെക്കന്‍ കൊറിയയിലെ ജെജു ദ്വീപി (Jeju Island) ലെ ഒരു പറ്റം മുതിര്‍ന്ന വനിതാ മുങ്ങല്‍ വിദഗ്ദ്ധരുടെ കഥയാണ് ചിത്രം പറയുന്നത്. പാര്‍ശ്വവത്ക്കരിക്കപ്പെട്ട, അനുകമ്പയര്‍ഹിക്കുന്ന ഇക്കൂട്ടരുടെ, ആഗോളതാപനത്തിനും സമുദ്രമലിനീകരണത്തിനുമെതിരേയുള്ള യുദ്ധത്തിലേയ്ക്കുള്ള ശ്രദ്ധക്ഷണിക്കല്‍ കൂടിയാണീ ചിത്രമെന്ന് ജൂറി അഭിപ്രായപ്പെടുന്നു. Hannah Fisher, Dr. Vilsoni Hereniko, Kerri Sakamoto എന്നിവരായിരുന്നു ജൂറിയംഗങ്ങള്‍.
Matthew Rankin ന്റെ ‘Universal Language’ മികച്ച കനേഡിയന്‍ നവാഗതചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. Marie Helen Viens, Philippe Lupien എന്നിവര്‍ സംവിധാനം ചെയ്ത ‘You Are Not Alone’ ഈ വിഭാഗത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.
Canada Goose ഏര്‍പ്പെടുത്തിയ മികച്ച കഥാചിത്രത്തിനുള്ള സമ്മാനം നേടിയത് Sophie Deraspe യുടെ ‘Shepherds’ ആണ്. ‘They Will Be Dust’ എന്ന സ്പാനിഷ് ചിത്രമാണ് Platform വിഭാഗത്തില്‍ മികച്ചതായി ജൂറി തിരഞ്ഞെടുത്തത്. സംവിധായകന് – Carlos Marques-Marcet. ഈ വിഭാഗത്തില്‍ ജൂറിയുടെ പ്രത്യേകപരാമര്‍ശം നേടിയത് Huang Xi സംവിധാനം ചെയ്ത ‘Daughter’s Daughter’ എന്ന തായ്വാനീസ് ചിത്രമാണ്.
ഹ്രസ്വചിത്രങ്ങളും മേളയില്‍ സമ്മാനങ്ങള്‍ നേടിയെടുത്തു. ഇക്കുറി, ഇന്ത്യയില്‍ നിന്നുള്ള ചിത്രങ്ങളിലൊന്നു പോലും പുരസ്ക്കാരങ്ങള്‍ക്ക് അര്‍ഹമായില്ല എന്നതും ശ്രദ്ധേയമാണ്.
11 ദിവസത്തെ ദൃശ്യമാസ്മരികതയുടെ നീണ്ട നിര അവസാനിക്കുന്നതോടൊപ്പം ടൊറോന്റോ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകളും ആരംഭിക്കുകയായി. 2025 സെപ്റ്റംബര്‍ 4 മുതല്‍ 14 വരെയാണ് അടുത്ത ഉത്സവകാലം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]