അർബുദം സ്ഥിരീകരിച്ച നാളുകളേക്കുറിച്ചും രോഗവുമായുള്ള പോരാട്ടത്തേക്കുറിച്ചും തുറന്നുപറഞ്ഞ് കൊറിയൻ നടൻ കിം വൂ ബിൻ. നെറ്റ്ഫ്ളിക്സിനുവേണ്ടിയുള്ള തന്റെ പുതിയ ചിത്രമായ ഓഫീസർ ബ്ലാക്ക് ബെൽറ്റിന്റെ പ്രചാരണത്തിനിടെയാണ് കിം വൂ ഇക്കാര്യം വെളിപ്പെടുത്തിയത്. 2017-ലാണ് രോഗം സ്ഥിരീകരിച്ചതെന്നും ആറുമാസമേ ജീവിച്ചിരിക്കൂ എന്നാണ് ഡോക്ടർ അന്ന് പറഞ്ഞിരുന്നതെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഓർത്തെടുത്തു.
എപ്പോഴും പോസിറ്റീവായി കാര്യങ്ങളെ സമീപിക്കുന്നയാളാണ് താനെന്ന് വൂ പറഞ്ഞു. ഏത് സാഹചര്യമായാലും അതിന്റെ നല്ല വശങ്ങളെ കാണാൻ ശ്രമിക്കും. ഒരു കൊറിയൻ ഡ്രാമയിലെ രംഗം പോലെയാണ് ഡോക്ടർ പൊടുന്നനേ അന്ന് ആ കാര്യം പറഞ്ഞത്. ചുരുക്കിപ്പറയുകയാണെങ്കിൽ നിങ്ങൾ ആറു മാസമേ ജീവിക്കൂ എന്നായിരുന്നു ഡോക്ടറുടെ വാക്കുകൾ. അതു കേട്ടപ്പോൾ ഒരേസമയം ഞെട്ടലും ഭയവുമുണ്ടായി. അതൊരു സ്വപ്നമായിരിക്കണേ എന്നായിരുന്നു പ്രാർത്ഥിച്ചതെന്നും താരം പറഞ്ഞു.
ഈ സാഹചര്യത്തെ മറികടക്കാൻ കഴിയുന്നില്ലെങ്കിൽ എന്തുചെയ്യുമെന്നുള്ള ചിന്ത തൻ്റെ മനസ്സിൽ കടന്നു വന്നില്ലെന്ന് കിം പറഞ്ഞു. “എന്റെ മുഖം തിരിച്ചറിയുന്നു എന്ന ഒറ്റക്കാരണംകൊണ്ട് എത്രയോ പേരാണ് പിന്തുണയും പ്രാർഥനയുമായെത്തിയത്. ആ പിന്തുണയാണ് എന്റെ ഏറ്റവും വലിയ ശക്തിയായതെന്ന് ഞാൻ കരുതുന്നു. എനിക്ക് ലഭിച്ച പ്രാർഥനകൾ എന്റേതായ രീതിയിൽ കഴിയുന്നത്ര പേരിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുകയാണ്.” അദ്ദേഹം പറഞ്ഞു.
2017-ലാണ് ഏറെ ആരാധകരുള്ള ഈ കൊറിയൻ യുവതാരത്തിന് അപൂർവമായ നാസോഫാറിംഗിയൽ കാൻസർ സ്ഥിരീകരിക്കുന്നത്. തുടർന്ന് അദ്ദേഹം റേഡിയഷൻ ചികിത്സ ആരംഭിച്ചതായും ജോലിപരമായ ഉത്തരവാദിത്തങ്ങളിൽനിന്ന് പിന്മാറുകയാണെന്നും കിമ്മിന്റെ ഏജൻസിയായ സൈഡസ് എച്ച്.ക്യൂ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. മാസങ്ങൾക്കുശേഷം ചികിത്സ പൂർത്തിയാക്കുന്നതിനെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞു. ഇതിനു പിന്നാലെ നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു.
ഒടുവിൽ, 2019 ൽ, താൻ പൂർണ രോഗമുക്തനായെന്ന സന്തോഷവാർത്ത ആരാധകരോട് കിം പങ്കുവെച്ചു. പിന്നീട് 2022-ൽ ഏലിയനോയ്ഡ് എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമയിലേക്ക് മടങ്ങിയെത്തി. ഈ വർഷം ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഏലിയനോയ്ഡ്: റിട്ടേൺ റ്റു ദ ഫ്യൂച്ചർ എന്ന ചിത്രത്തിലും കിം വൂ ബിൻ വേഷമിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]