തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ARM-നും പൈറസി ഭീഷണി. ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങി. സംവിധായകൻ ജിതിൻ ലാൽ തന്നെയാണ് അതീവ സങ്കടത്തോടെ ഇക്കാര്യം പറഞ്ഞത്. ട്രെയിനിലിരുന്ന് ഒരാൾ മൊബൈലിൽ സിനിമ കാണുന്ന വീഡിയോയും ജിതിൻ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടു.
ഇത്തവണത്തെ ഓണം റിലീസ് ചിത്രങ്ങളിലെ ത്രീഡി ചിത്രം എന്ന ഖ്യാതിയുമായാണ് ARM തിയേറ്ററുകളിലെത്തിയത്. ടൊവിനോ തോമസ് മൂന്നു വേഷങ്ങളിലെത്തുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത കിട്ടിക്കൊണ്ടിരിക്കവേയാണ് വ്യാജപതിപ്പും ഓൺലൈനിലെത്തിയത്. ഒരു സുഹൃത്ത് അയച്ചുതന്ന വീഡിയോ എന്നുപറഞ്ഞുകൊണ്ടാണ് സംവിധായകൻ ജിതിൻ ലാൽ ഞെട്ടിക്കുന്ന വീഡിയോ പങ്കുവെച്ചത്.
ട്രെയിനിലിരുന്നുകൊണ്ട് ബ്ലൂടൂത്ത് ഹെഡ്സെറ്റുംവെച്ച് ചായയും കുടിച്ചുകൊണ്ട് ആരെയും കൂസാതെയാണ് ചെറുപ്പക്കാരൻ മൊബൈലിൽ ARM കാണുന്നത്. ഹൃദയം തകരുന്ന കാഴ്ചയാണിതെന്ന് സംവിധായകൻ ഇതിനൊപ്പം കുറിച്ചു. വേറെയൊന്നും പറയാനില്ല. ടെലിഗ്രാം വഴി ARM കാണേണ്ടവർ കാണട്ടേ, അല്ലാതെന്തുപറയാനാ എന്നും ജിതിൻ ലാൽ കുറിച്ചു.
നിരവധി പേരാണ് സംഭവത്തിൽ ജിതിനെ ആശ്വസിപ്പിച്ചുകൊണ്ടും പൈറസിക്കെതിരെ സംസാരിച്ചുകൊണ്ടും രംഗത്തെത്തിയത്. ഇത്രയും CCTV ക്യാമറ സൗകര്യങ്ങളോടെയുള്ള തിയേറ്ററുകളിൽ രണ്ട് മണിക്കൂറിൽ കൂടുതൽ ദൈർഘ്യമുള്ള സിനിമയൊക്കെ ഇങ്ങനെ പകർത്തിയിട്ടും ആള് പിടിക്കപ്പെടുന്നില്ലല്ലോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നാണ് ഒരു കമന്റ്. പൈറസിക്കെതിരെ ശക്തമായ നിയമ സംവിധാനങ്ങൾ വരണം. തിയേറ്ററിൽ നിന്നും സിനിമ പകർത്തുന്നവരെ താക്കീത് ചെയ്ത് പറഞ്ഞുവിടാതെ കേസ് എടുക്കണം. ഇന്ന് കൂടെ വർക്ക് ചെയ്യുന്ന ഒരു പഞ്ചാബി ഇതേപോലെ ഇരുന്നു കാണുന്നു. ഹിന്ദി ഓഡിയോ ആണിട്ടിരുന്നത്. ഇത്ര സെറ്റ് അപ്പിൽ ഇരുന്ന് തിയേറ്റർ പ്രിന്റ് കാണുന്ന ഒരുത്തനെ ആദ്യമായിട്ടാ കാണുന്നത് എന്നെല്ലാം നീളുന്നു കമന്റുകൾ.
മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നിങ്ങനെ മൂന്നുവേഷങ്ങളിലാണ് ചിത്രത്തിൽ ടൊവിനോ എത്തിയത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും UGM മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ഈ ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. സുരഭി ലക്ഷ്മി, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, എന്നിവരാണ് ചിത്രത്തിലെ മറ്റുരണ്ട് നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]