കൊച്ചി: സംവിധായകൻ ആഷിഖ് അബുവിന്റെ നേതൃത്വത്തിലുള്ള സംഘം ആദ്യം ആലോചിച്ചത് ഇടത് ആഭിമുഖ്യമുള്ള നിർമാതാക്കളുടെ സംഘടന. പിന്നീടിത് ഫെഫ്കയ്ക്കുകൂടി ബദലായി തൊഴിലാളികളുടെ സംഘടനയാക്കി മാറ്റുകയായിരുന്നു.
‘വിഷൻ ഫോർ എ പ്രോഗ്രസീവ് മലയാളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ’ എന്ന തലക്കെട്ടിലുള്ള ഇംഗ്ലീഷിലുള്ള കത്താണ് പുതിയ നീക്കത്തിന്റെ അണിയറക്കാർ ചില നിർമാതാക്കൾക്ക് അയച്ചിരുന്നത്. ചിലരെ നേരിട്ട് ബന്ധപ്പെടുകയും ചെയ്തു. നിർമാതാക്കളുടെ പുതിയ സംഘടനയാണ് ലക്ഷ്യമെന്ന് കത്തിന്റെ രണ്ടാംഖണ്ഡികയിൽ വ്യക്തമാക്കിയിരുന്നു. ഇടത് പുരോഗമന മൂല്യങ്ങളായിരിക്കും ഉയർത്തിപ്പിടിക്കുകയെന്നും ഇതിൽ പറയുന്നു.
ആദ്യഘട്ട നീക്കങ്ങൾക്കു ശേഷമാണ് തൊഴിലാളികളുടെയും നിർമാതാക്കളുടെയും സംഘടനയെന്ന തീരുമാനത്തിൽ എത്തിയത്. പുതിയ സംഘടനയെക്കുറിച്ച് വിശദമാക്കുന്ന മലയാളത്തിലുള്ള കത്തിൽ നിർമാതാക്കൾ എന്നതു മാറ്റി പിന്നണിപ്രവർത്തകർ എന്നാക്കിയിട്ടുണ്ട്. ‘ഇടത് പുരോഗമ മൂല്യങ്ങൾ’ എന്നു പറയുന്ന ഭാഗം ‘സമത്വം, സഹകരണം, സാമൂഹികനീതി’ എന്നീ മൂല്യങ്ങൾ എന്നാക്കിയും മാറ്റി.
നിലവിൽ ആറുപേരുടെ പേരാണ് കത്തിലുള്ളത്. നിർമാതാക്കളുടെ സംഘടനയിലെ അസംതൃപ്തരും ഫെഫ്ക നേതൃത്വത്തോട് എതിർപ്പുള്ളവരും പുതിയ സംഘടനയിലേക്കു വരുമെന്നാണ് ആഷിഖ് അബുവിന്റെയും സംഘത്തിന്റെയും പ്രതീക്ഷ.
അതിനിടെ അസോസിയേഷനിലേക്ക് ക്ഷണം ലഭിച്ചിരുന്നതായി നിർമാതാവ് സാന്ദ്രാതോമസ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുള്ളിൽനിന്നുകൊണ്ട് പോരാടാനാണ് ഉദ്ദേശിക്കുന്നതെന്നും തത്കാലം പുതിയ സംഘടനയിലേക്ക് ഇല്ലെന്ന് അറിയിച്ചതായും അവർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]