ബെംഗളൂരു: കേരളത്തിലെ ഹേമ കമ്മിറ്റി മാതൃകയിൽ കർണാടകത്തിലും കമ്മിറ്റി രൂപവത്കരിച്ചേക്കും. സർക്കാരിനോട് ഇക്കാര്യം അഭ്യർഥിച്ചതായി സംസ്ഥാന വനിതാകമ്മിഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി പറഞ്ഞു.
വനിതാകമ്മിഷന്റെ നിർദേശപ്രകാരം കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് (കെ.എഫ്.സി.സി.) സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ കേൾക്കാൻ ബെംഗളൂരുവിൽ യോഗം ചേർന്നു. തൊഴിൽവിവേചനം, ലൈംഗികചൂഷണം, സുരക്ഷയില്ലായ്മ എന്നിവയെല്ലാം കന്നഡ സിനിമാമേഖലയിലെ സ്ത്രീകളും അനുഭവിക്കുന്നതായി യോഗത്തിൽ അഭിപ്രായമുയർന്നു.
ലൈംഗികാതിക്രമങ്ങൾക്കെതിരേ കമ്മിറ്റി രൂപവത്കരിക്കുന്നതിനായി 15 ദിവസത്തിനകം കർമപദ്ധതി തയ്യാറാക്കാൻ കമ്മിഷൻ ഫിലിം ചേംബറിനോട് ആവശ്യപ്പെട്ടു.
സിനിമാമേഖലയിലെ സ്ത്രീകൾ ചൂഷണംചെയ്യപ്പെടുന്നത് തടയണം, ചിത്രീകരണവേളയിൽ മതിയായ സുരക്ഷ ഉറപ്പാക്കണം, ഇഷ്ടമില്ലാത്ത രംഗങ്ങളിൽ നിർബന്ധിപ്പിച്ച് അഭിനയിപ്പിക്കരുത് തുടങ്ങിയ കാര്യങ്ങൾ നാഗലക്ഷ്മി ചൗധരി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ഉറപ്പാക്കാൻ എന്തുനടപടി സ്വീകരിക്കുമെന്ന് അറിയിക്കണമെന്ന് കെ.എഫ്.സി.സി.യോട് നിർദേശിച്ചു.
കെ.എഫ്.സി.സി. അധ്യക്ഷൻ എൻ.എം. സുരേഷിന് മുൻപാകെ ഒട്ടേറെ വനിതാ സിനിമാപ്രവർത്തകരാണ് പരാതിയുമായെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]