സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണവേദിയിൽ നടൻ അലൻസിയർ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്കെതിരെ നിശിത വിമർശനവുമായി ഡബ്ലിയു സി സി. അലൻസിയർ നടത്തിയ മറുപടി പ്രസംഗത്തിലെ ഭാഗങ്ങൾ അങ്ങേയറ്റം നിന്ദ്യവും സ്ത്രീവിരുദ്ധവും അപലപനീയവുമായിരുന്നെന്ന് അവർ എഴുതി.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെയും സ്ത്രീവിരുദ്ധതയെയും ആഘോഷിക്കുന്ന പ്രവണതയെ ചലച്ചിത്ര മേഖല പ്രോത്സാഹിപ്പിക്കരുതെന്നുള്ള മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തെ പാടെ അട്ടിമറിക്കുന്നതായിരുന്നു അലൻസിയറുടെ വാക്കുകളെന്ന് ഡബ്ലിയു സി സി പറഞ്ഞു. മാധ്യമങ്ങളും നിരീക്ഷകരുമുൾപ്പെടെ പലരും ഇതിനൊരു തിരുത്തൽ ആവ്യശ്യപ്പെട്ടിട്ടും, താനൊരു തെറ്റും ചെയ്തിട്ടില്ലെന്നുള്ള അലൻസിയറുടെ നിലപാടിനെ തങ്ങൾ അങ്ങേയറ്റം അപലപിക്കുന്നുവെന്നും അവർ വ്യക്തമാക്കി.
പൊതുസമൂഹത്തിനൊന്നടങ്കം മാതൃകയാകേണ്ട ഒരു സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവിൽനിന്ന് സ്ത്രീസമൂഹത്തെയും കലാപ്രവർത്തകരെയും അടച്ചധിക്ഷേപിക്കുന്ന ഇത്തരം പ്രസ്താവനകളുണ്ടാവുക എന്നത്, ഇക്കാലമത്രയും സ്ത്രീകളുടെ ഉയർച്ചയ്ക്കായും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായും മുന്നിട്ടിറങ്ങിയ കലാസാംസ്കാരിക പ്രവർത്തകരുടെ പ്രവർത്തനവഴികൾക്ക് തുരങ്കം വയ്ക്കുന്നതിന് തുല്യമാണ്. ഇത്തരം “സെക്സിസ്റ്റ്” പ്രസ്താവനകൾ ഇതാദ്യമായല്ല അലൻസിയറിൽ നിന്നും ഉണ്ടാവുന്നത് എന്നതുകൊണ്ടുതന്നെ സിനിമാപ്രവർത്തകരുടെ ഇത്തരം വാക്കുകളെയും പ്രവൃത്തികളെയും സിനിമാ മേഖല കൂടുതൽ ഗൗരവതരമായിക്കണ്ട് ചെറുക്കേണ്ടതുണ്ടെന്നും ഡബ്ലിയു സി സി ആവശ്യപ്പെട്ടു.
ചലച്ചിത്ര പുരസ്കാര വേദിയിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ നടൻ അലൻസിയറിനെതിരേ വിമർശനം ശക്തമാകുകയാണ്. സിനിമയിൽ നിന്നുൾപ്പടെയുള്ളവർ വിമർശനവുമായി എത്തുന്നുണ്ട്. പ്രത്യേക ജൂറി പരാമർശം ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തിൽ പുരസ്കാരത്തെ തള്ളിപ്പറയുന്ന പരാമർശമാണ് അലൻസിയർ നടത്തിയത്.
‘നല്ല ഭാരമുണ്ടായിരുന്നു അവാർഡിന്. സ്പെഷ്യൽ ജൂറി അവാർഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം, അപേക്ഷയാണ്. സ്പെഷ്യൽ ജൂറിക്ക് സ്വർണം പൂശിയ പ്രതിമ തരണം. പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള ശില്പം വേണം. അത് എന്നുമേടിക്കാൻ പറ്റുന്നുവോ, അന്ന് അഭിനയം നിർത്തും’ എന്നായിരുന്നു അലൻസിയർ പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]