
അപൂർവനേട്ടത്തിനരികെ നടൻ മമ്മൂട്ടി. ഓഗസ്റ്റ് 16 വെള്ളിയാഴ്ചയാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാരവും പ്രഖ്യാപിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം മികച്ച നടനുള്ള പോരാട്ടത്തിൽ ദേശീയ-സംസ്ഥാന തലത്തിൽ മമ്മൂട്ടി ഫെെനൽ റൗണ്ടിലെത്തിയിട്ടുണ്ട്. രണ്ടിടത്തും മികച്ച നടനായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില് ഒരേദിവസം മികച്ച നടനുള്ള ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സ്വന്തമാക്കുന്ന താരമെന്ന അപൂർവ നേട്ടമാണ് താരത്തെ കാത്തിരിക്കുന്നത്.
എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വെള്ളിയാഴ്ച വെെകിട്ട് മൂന്നുമണിക്കാണ് പ്രഖ്യാപിക്കുന്നത്. 2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിക്കുക. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചിരിക്കുന്നത്.
മികച്ച നടനുള്ള പുരസ്കാരത്തിനായി മമ്മൂട്ടിക്കെതിരെ മത്സരിക്കുന്നത് കന്നഡ താരം റിഷഭ് ഷെട്ടിയാണ്. നൻ പകൽ നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനവുമായാണ് മമ്മൂട്ടി മത്സരിക്കുന്നത്. ഈ രണ്ട് ചിത്രങ്ങളും മമ്മൂട്ടിയുടെ സ്വന്തം നിർമാണക്കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് നിർമിച്ചത് എന്നതാണ് ശ്രദ്ധേയം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നൻ പകൽ നേരത്ത് മയക്കത്തിലെ മമ്മൂട്ടിയുടെ ഇരട്ട വേഷപ്പകർച്ച ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. റോഷാക്കിലെ ലൂക്ക് ആന്റണി എന്ന വേഷവും തിയേറ്ററുകളിൽ കയ്യടി നേടി.
കാന്താര എന്ന ചിത്രത്തിലെ പ്രകടനമാണ് റിഷഭ് ഷെട്ടിയെ മത്സരരംഗത്ത് സജീവമാക്കുന്നത്. ചിത്രം തിരക്കഥയെഴുതി സംവിധാനംചെയ്തതും അദ്ദേഹംതന്നെയാണ്. 2022 സെപ്റ്റംബർ 30ന് തിയേറ്ററുകളിൽ എത്തിയ കാന്താര പ്രേക്ഷകർ നിറഞ്ഞമനസോടെയാണ് ഏറ്റെടുത്തത്. കേരളത്തിലും ചിത്രം വലിയ വിജയമായി. സ്വിറ്റ്സർലൻഡിലെ ജനീവയിലുള്ള ഐക്യരാഷ്ട്രസഭയുടെ ഓഫീസിൽ പ്രദർശിപ്പിക്കാനുള്ള ബഹുമതിയും കാന്താര നേടിയിരുന്നു. പുരസ്കാരങ്ങൾ ഒക്ടോബറിലായിരിക്കും വിതരണം ചെയ്യുകയെന്നും റിപ്പോർട്ടുകളുണ്ട്.
54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനവും വെള്ളിയാഴ്ചയാണ്. 2023 ലെ പുരസ്കാരങ്ങൾ ഉച്ചയ്ക്ക് 12 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സെക്രട്ടറിയേറ്റിലെ പി.ആർ.ചേമ്പറിൽ പ്രഖ്യാപിക്കും.
മികച്ച നടനുള്ള പുരസ്കാരത്തിന് കണ്ണൂർ സ്ക്വാഡിലെയും കാതലിലെയും പ്രകടത്തിന് മമ്മൂട്ടിയും ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജും തമ്മിൽ കടുത്ത മത്സരം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. സർപ്രെെസായി മറ്റൊരു എൻട്രി ഉണ്ടാകുമോയെന്നും ആരാധകർ ഉറ്റുനോക്കുന്നുണ്ട്. ഉർവശിയും പാർവതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കും മത്സരിക്കുന്നു.
സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്രയാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി അധ്യക്ഷൻ. സംവിധായകൻ പ്രിയാനന്ദനനും ഛായാഗ്രാഹകൻ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷൻമാർ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ.എസ്. മാധവൻ എന്നിവർ ജൂറി അംഗങ്ങളാണ്.
ആദ്യഘട്ടത്തിൽ നൂറ്റിയറുപതിലേറെ ചിത്രങ്ങൾ ഉണ്ടായിരുന്നെങ്കിലും രണ്ടാംഘട്ടത്തിൽ അമ്പതിൽ താഴെയായി ചുരുങ്ങി. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളെയും മത്സരത്തിൽ പരിഗണിച്ചിട്ടുണ്ട്. കഴക്കൂട്ടത്തെ ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാനമന്ദിരത്തിലെ രണ്ടു തിയറ്ററുകളിലായിരുന്നു സ്ക്രീനിങ്.
ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ കാതൽ, റോബി വർഗീസ് രാജ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കണ്ണൂർ സ്ക്വാഡ്, പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം എന്നീ ചിത്രങ്ങൾ മികച്ച സിനിമയ്ക്കുള്ള മത്സരത്തിലുണ്ട്. റിലീസ് ചെയ്യാത്ത ചിത്രങ്ങളും ജൂറി കാണുന്നുണ്ട്.
കഴിഞ്ഞ തവണ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. ആറ് തവണയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം മമ്മൂട്ടി നേടിയിട്ടുള്ളത്. മികച്ച നടിക്കുള്ള പുരസ്കാരം ഉള്ളൊഴുക്കിലൂടെ നേടാൻ ഉർവശിക്ക് കഴിഞ്ഞാൽ അത് കരിയറിലെ ആറാം പുരസ്കാരമാകും. മഴവിൽക്കാവടി, വർത്തമാന കാലം (1989), തലയണ മന്ത്രം (1990), കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം (1991), കഴകം (1995), മധുചന്ദ്രലേഖ (2006) എന്നീ സിനിമകളിലെ അഭിനയത്തിനാണ് മുമ്പ് പുരസ്കാരം ലഭിച്ചത്.
വാസ്തവം, സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം പൃഥ്വിരാജ് രണ്ടു വട്ടം നേടിയിട്ടുണ്ട്. ചാർലി, എന്ന് നിന്റെ മൊയ്തീൻ തുടങ്ങിയ സിനിമകളിലെ അഭിനയത്തിന് 2015 ലും ടേക്ക് ഓഫിലെ അഭിനയത്തിന് 2017-ൽ പാർവതി മികച്ച നടിക്കുള്ള പുരസ്കാരത്തിന് അർഹയായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]