
“നിങ്ങൾ കുട്ട്യോൾക്കൊക്കെ സ്വാതന്ത്ര്യദിനം ന്ന് പറഞ്ഞാൽ ഇപ്പൊ ഒരു അവധി ദിവസം മാത്രല്ലേ? ഞങ്ങൾക്കൊന്നും അങ്ങനെ ആയിരുന്നില്ല്യ.”- തങ്കമ്മായി പറയും. “ലോകം മുഴോൻ വെട്ടിപ്പിടിച്ച സന്തോഷായിരുന്നു അന്ന്. തലേന്ന് രാത്രി ശരിക്കും ഒറങ്ങീട്ടുണ്ടാവില്യ വീട്ടിൽ ആരും. ഒരു വലിയ യുദ്ധം ജയിച്ച പ്രതീതി. പുതിയൊരു സൂര്യനല്ലേ പിറ്റേന്ന് ഉദിക്കാൻ പോണത്…” ആ വാക്കുകളിൽ – കണ്ണുകളിലും – കത്തിജ്വലിച്ചു നിന്ന ആവേശവും അഭിമാനബോധവും ഇന്നുമുണ്ട് ഓർമയിൽ. കേരളത്തിലെ കോൺഗ്രസ്സിന്റെ സമുന്നത നേതാക്കളിൽ ഒരാളായിരുന്ന യു ഗോപാലമേനോന്റെ മകൾ; സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖ അഭിഭാഷകനുമായ കെ പി രാമുണ്ണി മേനോന്റെ പ്രിയ പത്നി, അങ്ങനെ ആയില്ലെങ്കിലല്ലേ അത്ഭുതപ്പെടാനുള്ളൂ.
അമ്മമ്മയുടെ ജ്യേഷ്ഠന്റെ ഭാര്യ മാത്രമായിരുന്നില്ല എനിക്ക് തങ്കമ്മായി എന്ന സ്വർണ്ണകുമാരി. പ്രായത്തിനതീതമായ ഒരു അപൂർവസൗഹൃദമുണ്ടായിരുന്നു ഞങ്ങൾക്കിടയിൽ. അമ്മായി സംസാരിക്കാൻ ആഗ്രഹിച്ച വിഷയങ്ങൾ എനിക്കും പ്രിയപ്പെട്ടതായതുകൊണ്ടാവാം. ഗാന്ധിജി, നെഹ്റു, വിനോബാജി, രാജാജി, കൃപലാനിജി ഇവരൊക്കെ കുട്ടിക്കാലം മുതലേ അമ്മായി അടുത്തറിഞ്ഞ ആളുകൾ. ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയനായ നേതാവായിരുന്നല്ലോ അച്ഛൻ ഗോപാലമേനോൻ. മഹാത്മജിയും പണ്ഡിറ്റ്ജിയുമൊക്കെ വന്നു താമസിച്ചിട്ടുണ്ട് അമ്മായിയുടെ കോഴിക്കോട്ടെ വീട്ടിൽ.
കൗമുദി ടീച്ചറെ പോലെ കയ്യിലെ സ്വർണവള ഗാന്ധിജിക്ക് ഊരിക്കൊടുത്ത കഥ ആവേശപൂർവം വിവരിക്കുമ്പോൾ ശരിക്കും ഒരു കുട്ടിയായി മാറും അമ്മായി . “ഒരു കയ്യിലെ വള അഴിച്ചു കൊടുത്തപ്പോൾ ബാപ്പുജി ചോദിക്കുകയാണ്: അയ്യേ, ഒറ്റക്കയ്യിൽ വളയിട്ടു നടക്കുന്ന കുട്ടികളാണ് മലബാറിൽ എന്ന് ഞാൻ നാട്ടിൽ ചെന്ന് എല്ലാവരോടും പറയണോ? പിന്നെ സംശയിച്ചില്ല; മറ്റേ കയ്യിലെ വളയും ഊരിക്കൊടുത്തു. അപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് വിരിഞ്ഞ നിഷ്കളങ്കമായ ചിരി മറക്കാൻ പറ്റില്ല.” ഓർമകളിൽ മുഴുകി തെല്ലു നേരം നിശബ്ദയായി നിന്ന ശേഷം അമ്മായി പറയും; ആത്മഗതം പോലെ: “ഇല്ല. ഇനിയുണ്ടാവില്ല അതുപോലൊരു മനുഷ്യൻ.”
സ്വാതന്ത്ര്യ സമരത്തിന്റെ ചൂടും പുകയും അനുഭവിച്ചു വളർന്ന ബാല്യമായിരുന്നു അമ്മായിയുടേത്. ഓർമവെച്ച നാൾ മുതൽ അച്ഛൻ ബ്രിട്ടീഷുകാരുടെ നോട്ടപ്പുള്ളി. ഇടയ്ക്കിടെ ജയിൽ വാസം. ജീവിതപങ്കാളിയായി വന്നയാളും തിരഞ്ഞെടുത്തത് ആ വഴി തന്നെ. “ഏകാന്തതയിൽ പുസ്തകങ്ങളായിരുന്നു എനിക്ക് കൂട്ട്. പുരാണങ്ങൾ, ചരിത്രം, ആത്മീയത ഒക്കെ ഇഷ്ടവിഷയങ്ങൾ.” അന്ന് അച്ഛനെ കാണാൻ പതിവായി വീട്ടിൽ വന്നിരുന്ന നേതാക്കന്മാരിൽ ഒരാളുടെ രൂപം സ്നേഹാദരങ്ങളോടെ എന്നും മനസ്സിൽ കൊണ്ടുനടന്നു അമ്മായി – പി കൃഷ്ണപിള്ളയുടെ.
“സഖാവ് കൃഷ്ണപിള്ളയോ? കമ്യൂണിസ്റ്റ് നേതാക്കൾക്ക് കോൺഗ്രസുകാരുടെ വീട്ടിൽ എന്ത് കാര്യം? അന്നേ അവർ പ്രതിയോഗികളല്ലേ?”- എന്റെ ചോദ്യം.
സൗമ്യമായ ചിരിയോടെ അമ്മായി പറഞ്ഞ മറുപടി മറക്കാനാവില്ല: “അഭിപ്രായവ്യത്യാസം ആശയങ്ങളുടെ കാര്യത്തിലേ ഉണ്ടായിരുന്നുള്ളൂ. വ്യക്തിബന്ധത്തിൽ ഒട്ടും ഉണ്ടായിരുന്നില്ല. പരസ്പരമുള്ള ആദരവിൽ അധിഷ്ഠിതമായ സൗഹൃദമായിരുന്നു അവരുടേത്. രണ്ടുപേരും തമ്മിലുള്ള ചൂടേറിയ രാഷ്ട്രീയ സംവാദങ്ങൾ കൗതുകത്തോടെ കേട്ടിരുന്നിട്ടുണ്ട് ഞാൻ. തിരിച്ചുപോകുമ്പോൾ വാത്സല്യത്തോടെ എന്റെ താടി പിടിച്ചുയർത്തി കൃഷ്ണപിള്ള പറയും: “മോളും അച്ഛനെപ്പോലെ നല്ലൊരു വക്കീലാവണം.” പക്ഷേ, സ്വർണകുമാരി വക്കീലായില്ല. വക്കീലിന്റെ ഭാര്യയായി. പിതാവിന്റെയും ഭർത്താവിന്റെയും രാഷ്ട്രീയ വഴി പിന്തുടർന്നില്ലെങ്കിലും കോഴിക്കോട്ടെ സാമൂഹ്യ രംഗത്തും വനിതാക്ഷേമ പ്രവർത്തനങ്ങളിലും മരണം വരെ സജീവമായിരുന്നു അവർ. ആൾ ഇന്ത്യ വിമൻസ് കോൺഫറൻസ് ആയിരുന്നു പ്രധാന തട്ടകം.
സ്വാതന്ത്ര്യ സമരത്തിലും സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരായ പോരാട്ടത്തിലും സജീവമായിരുന്ന അച്ഛന്റെ മകൾക്ക് അത്തരം യജ്ഞങ്ങളുമായി കുട്ടിക്കാലത്തേ സഹകരിക്കാൻ ഭാഗ്യമുണ്ടായത് സ്വാഭാവികം. 1930 കളുടെ തുടക്കത്തിലെ ചരിത്രപ്രസിദ്ധമായ ഗുരുവായൂർ സത്യാഗ്രഹം ഉദാഹരണം. കേളപ്പജി, കൃഷ്ണപിള്ള, മന്നത്ത് പത്മനാഭൻ, എ കെ ജി, കെ മാധവൻ നായർ, സുബ്രഹ്മണ്യൻ തിരുമുമ്പ് തുടങ്ങിയവർ നേതൃത്വം നൽകിയ സത്യാഗ്രഹത്തിന് പ്രാർത്ഥന ചൊല്ലി തുടക്കം കുറിച്ചത് അന്ന് പതിനാലോ പതിനഞ്ചോ വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന കൊച്ചു സ്വർണകുമാരിയാണ്. “രാഷ്ട്രീയപരമായി പല ചേരികളിൽ പെട്ടവരാകാം ആ നേതാക്കൾ. പക്ഷേ മനസ്സുകൊണ്ട് ഒന്നായിരുന്നു അവരെല്ലാം. ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ എല്ലാവർക്കും. രാജ്യത്തിന്റെ സ്വാതന്ത്ര്യം. സഭ്യേതരമായ ഒരു വാക്കു പോലും സംവാദങ്ങളിൽ ഉപയോഗിച്ചു കേട്ടിട്ടില്ല അവർ. അത്തരം മഹാരഥന്മാരുടെ വാത്സല്യം നുകർന്ന് വളരാൻ കഴിഞ്ഞത് എന്റെ മുജ്ജന്മ സുകൃതമാവാം.”- നിറഞ്ഞ കണ്ണുകളോടെ അമ്മായി പറയും.
കോഴിക്കോട്ടെ ബാങ്ക് റോഡിൽ കരുണാകര ഫാർമസിയുടെ എതിർവശത്ത് ഇപ്പോൾ എസ് ഐ ഫ്ളാറ്റ് സമുച്ചയം തലയുയർത്തി നിൽക്കുന്ന സ്ഥലത്തായിരുന്നു അമ്മായി താമസിച്ചിരുന്ന ശിവപുരി എന്ന പുരാതനമായ വീട്. എനിക്കും ലതയ്ക്കും ആ വീടിനോടുള്ള ഹൃദയബന്ധം അനിർവചനീയം. വിവാഹിതരായി ഞങ്ങൾ ആദ്യം താമസിച്ചത് അവിടെയാണ്. വീടിന്ടെ ഒരു ഭാഗം നവവധൂവരന്മാർക്ക് വേണ്ടി സ്നേഹപൂർവ്വം നീക്കിവെക്കുകയായിരുന്നു അമ്മായി. ഒരു വർഷത്തോളം അമ്മായിയുടെ സ്നേഹത്തണലിൽ ഞങ്ങൾ അവിടെ കഴിഞ്ഞു.
പഴയ ശിവപുരി കോമ്പൗണ്ടിന് മുന്നിലൂടെ കടന്നുപോകുമ്പോൾ ഇന്നും ഒരുപാട് ഓർമകൾ വന്ന് മനസ്സിനെ തഴുകും. മധുവിധുക്കാലത്തിന്റെ ഓർമകൾ; ഒപ്പം ഇന്ത്യൻ എക്സ്പ്രസിലെ മാധ്യമപ്രവർത്തനകാലത്തിന്റെയും. തിരിച്ചറിയാനാവാത്ത വിധം മാറിപ്പോയിരിക്കുന്നു അവിടമെല്ലാം. എങ്കിലും സ്നേഹസുരഭിലമായ ഒരു കാലത്തിന്റെ ഓർമകൾ വീണുമയങ്ങുന്ന ആ മണ്ണിലൂടെ നിറം മങ്ങിയ ഖദർ സാരിയുടുത്ത് തൊഴുകൈയോടെ നടന്നുവരുന്ന അമ്മായിക്ക് വേണ്ടി പരതും കണ്ണുകൾ- വെറുതെയാണെന്നറിഞ്ഞിട്ടും.
കാതുകളിൽ ആ ശബ്ദം വീണ്ടും മുഴങ്ങും അപ്പോൾ; പ്രായത്തെ വെല്ലുന്ന ഊർജസ്വലതയോടെ: “പേപ്പർ വായിക്കാൻ പേടിയാ ഇപ്പൊ. എന്തൊക്കെ അതിക്രമങ്ങളാ നാട് മുഴോൻ? ആർക്കും ആരോടും സ്നേഹം ല്യാന്ന് തോന്നും… കഷ്ടം. ഞങ്ങൾടെ കാലായിരുന്നു ഭേദം അല്ലേ?”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]