
ഇന്ത്യൻ ചലച്ചിത്രലോകത്തിന് അഭിമാനമായി മാറിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ താരങ്ങളെ അനുമോദിച്ച് കേരള സർക്കാർ. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതി, ദിവ്യ പ്രഭ, അസീസ് നെടുമങ്ങാട്, ഹൃദു ഹാറൂൺ എന്നിവരെ പ്രശസ്തി പത്രം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ ആദരിച്ചു. 77-ാം കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ‘ഗ്രാൻഡ് പ്രി’ പുരസ്കാരം സ്വന്തമാക്കിയ ചിത്രമാണ് പായൽ കപാഡിയ ഒരുക്കിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. 80 ശതമാനവും മലയാളഭാഷയിലുള്ള ചിത്രം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ സിനിമയെന്ന ചരിത്ര നേട്ടവും സ്വന്തമാക്കിയിരുന്നു.
താരങ്ങൾക്കൊപ്പമുള്ള ചിത്രം മുഖ്യമന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. കുവൈത്ത് തീപിടിത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് ആഘോഷപരിപാടികൾ ഒഴിവാക്കി സെക്രട്ടേറിയറ്റിലെ കോൺഫറൻസ് ഹാളിൽ വെച്ച് ലളിതമായ ചടങ്ങാണ് സംഘടിപ്പിച്ചത്.
‘കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻഡ് പ്രി പുരസ്കാരം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതി, ദിവ്യ പ്രഭ, അസീസ് നെടുമങ്ങാട്, ഹൃദു ഹാറൂൺ എന്നിവരെ ആദരിച്ചു. കുവൈത്ത് തീപിടിത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് ആഘോഷപരിപാടികൾ ഒഴിവാക്കി സെക്രട്ടേറിയറ്റിലെ കോൺഫറൻസ് ഹാളിലായിരുന്നു ലളിതമായ ചടങ്ങ്. കാനിൽ ഇന്ത്യൻ സിനിമയുടെ യശസ്സുയർത്തിയ മറ്റ് കലാകാരന്മാർക്കും അഭിനന്ദനങ്ങൾ. കലാജീവിതത്തിൽ ഇനിയും വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു’, മുഖ്യമന്ത്രി കുറിച്ചു.
പ്രഭ (കനി കുസൃതി), അനു (ദിവ്യപ്രഭ) എന്നീ മലയാളി നഴ്സുമാരുടെ മുംബൈ ജീവിതത്തിലെ സംഘർഷങ്ങളുടെയും അതിജീവനത്തിന്റെയും കഥയാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്.’ മുംബൈയിലും രത്നഗിരിയിലും 40 ദിവസം ചിത്രീകരിച്ച സിനിമയുടെ തിരക്കഥാകൃത്തും പായൽ കപാഡിയയാണ്. ഇന്ത്യയിലെ ആദ്യതലമുറ വീഡിയോ ആർട്ടിസ്റ്റുകളിൽ ഒരാളായ നളിനി മാലനിയുടെ മകളാണ് പായൽ. ഫ്രഞ്ച് കമ്പനിയായ പെറ്റിറ്റ് കെയോസും ഇന്ത്യൻ കമ്പനികളായ ചോക്ക് ആൻഡ് ചീസും അനദർ ബെർത്തും ചേർന്നാണ് ചിത്രം നിർമിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]