
കണ്ണൂർ: അമ്മയെ നെഞ്ചോട് ചേർത്ത് കാസർകോട് സൂരംബയൽ സ്വദേശി അമൽരാജ് ‘മലർകളേ… മലർകളേ… ഇത് എന്ന കനവാ…’ എന്ന തമിഴ് മെലഡി പാടിയത് മേയ് 17-ന്. അന്നേ ദിവസം റീൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഗായകന്റെ പാടവവും അമ്മയുടെ കണ്ണീരും സന്തോഷവുമടങ്ങിയ റീലിന് നല്ല ‘റീച്ച്’ കിട്ടി. നിരവധി പേർ ലൈക്ക് ചെയ്തു.
എന്നാൽ ‘അദ്ഭുതം’ സംഭവിച്ചത് മൂന്നാഴ്ചയ്ക്കുശേഷമാണ്. സ്നേഹവും പ്രോത്സാഹനവുമടങ്ങിയ രണ്ട് ഇമോജികൾ കമന്റ് ബോക്സിൽ സ്ഥാനംപിടിച്ചു. കമന്റിട്ടയാളെ തിരിച്ചറിഞ്ഞ അമൽരാജ് ശരിക്കും ഞെട്ടി. സാക്ഷാൽ എ.ആർ. റഹ്മാൻ! ഇന്ത്യൻ സിനിമാസംഗീതത്തിലെ ഇതിഹാസത്തിനൊപ്പം അദ്ദേഹത്തിന്റെ മകൾ ഖദീജ റഹ്മാനും അഭിനന്ദിച്ച് കമന്റിട്ടിരുന്നു.
പി. വാസു സംവിധാനം ചെയ്ത് 1996-ൽ പുറത്തിറങ്ങിയ ‘ലൗ ബേർഡ്സ്’ എന്ന തമിഴ് പടത്തിനുവേണ്ടി എ.ആർ. റഹ്മാൻ ഈണമിട്ട പാട്ടാണ് ‘മലർകളേ… മലർകളേ…’ നേരത്തെ എ.ആർ. റഹ്മാന്റെ പാട്ടുകൾ പാടി റീലുകൾ ചെയ്യുമ്പോൾ അദ്ദേഹത്തെ ടാഗ് ചെയ്യാറുണ്ടെങ്കിലും പ്രതികരണം ഇതാദ്യം. 21-കാരനായ അമൽരാജിനെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം. ആറാം വയസ്സിലാണ് അമൽ സംഗീതലോകത്തേക്ക് ചുവടുവെച്ചത്. തികഞ്ഞ സംഗീതപ്രേമിയായ അമ്മയാണ് വഴിതുറന്നത്. ഇപ്പോൾ അമ്മയും അമലിനൊപ്പം സംഗീതം അഭ്യസിക്കുന്നു. ബിരുദപഠനം പൂർത്തിയാക്കിയ അമൽ ഇക്കഴിഞ്ഞ കണ്ണൂർ സർവകലാശാല കലോത്സവത്തിൽ ഹിന്ദുസ്ഥാനി, ഗസൽ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ഗിറ്റാറും തബലയും അമലിന് വഴങ്ങും.
കമന്റുമായി പ്രമുഖർ
‘നീയെൻ വെണ്ണിലാ കാതിൻ തേന്മഴ…’, ‘പൊടിമീശ മുളക്കണ കാലം…’, ‘മറുവാർത്തെ പേസാമൽ മടിമീതെ നീ തൂങ്കിട്…’, ‘നിലാമലരേ… നിലാമലരേ…’ എന്നീ തമിഴ്-മലയാളം മെലഡികൾ ആലപിച്ചുള്ള വീഡിയോയ്ക്ക് ആരാധകരിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ചില വീഡിയോകൾക്ക് ഗായകരായ സിതാര കൃഷ്ണകുമാർ, ഹരീഷ് ശിവരാമകൃഷ്ണൻ, നടൻ ജോജു ജോജ് തുടങ്ങിയവർ സന്ദേശങ്ങളയച്ചു.
മുൻ പോലീസ് സബ് ഇൻസ്പെക്ടർ പി. സോമയ്യയുടെയും മുൻ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് എസ്. ശാരദയുടെയും മകനാണ്. ഗവേഷണ വിദ്യാർഥി പി.എസ്. അനിൽ രാജാണ് സഹോദരൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]