
വെള്ളിമൂങ്ങയിലെ ചിരിക്കുന്ന മാമച്ചനെ ഇഷ്ടപ്പെട്ട അതേമലയാളിയാണ് ഒട്ടുംചിരിക്കാത്ത അയ്യപ്പൻ കോശിയിലെ അയ്യപ്പൻ നായരെയും നെഞ്ചിലേറ്റിയത്. ബിജു മേനോൻ എന്നനടൻ ഏതുവേഷത്തിൽ വന്നാലും മലയാളി ഇരുകൈയുംനീട്ടി സ്വീകരിക്കും. തലവനിലെ പരുക്കനായ സി.ഐ. ജയശങ്കറായി തിയേറ്ററിൽ കൈയടിനേടുമ്പോൾത്തന്നെ മുഖത്ത് ചിരിനിറഞ്ഞ ഉണ്ണിയായി ‘നടന്ന സംഭവം’എന്ന സിനിമയിലൂടെ വീണ്ടും ബിജു മേനോൻ പ്രേക്ഷകർക്കുമുന്നിലേക്കെത്തുകയാണ്. ‘നടന്ന സംഭവ’ത്തെക്കുറിച്ചും വിജയചിത്രമായ തലവനെക്കുറിച്ചും ബിജു മേനോൻ സംസാരിക്കുന്നു.
തലവന്റെ വിജയമധുരത്തിൽ നിൽക്കുമ്പോൾത്തന്നെ നടന്ന സംഭവവും തിയേറ്ററിലേക്ക് എത്തുന്നു, ഇരട്ടി സന്തോഷമാണോ…
തലവനും നടന്ന സംഭവവും രണ്ടുസമയങ്ങളിൽ ഞാൻചെയ്ത സിനിമകളാണ്. അടുത്തടുത്ത് റിലീസ് ചെയ്യുന്നു എന്നേ ഉള്ളൂ. രണ്ടും വ്യത്യസ്ത ജോണറായതിന്റെ സന്തോഷമുണ്ട്. തലവൻ സീരിയസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണെങ്കിൽ നടന്ന സംഭവം ഫൺ കലർന്ന ട്രാക്കിലാണ് കഥ പറയുന്നത്. ഒരുദിവസംനടന്ന സംഭവത്തെ ആധാരമാക്കിയുള്ള കഥയാണ് സിനിമ പറയുന്നത്. വ്യത്യസ്തമായ രീതിയിൽ ജീവിക്കുന്ന ഒരു കഥാപാത്രമാണ് ചിത്രത്തിൽ എന്റേത്. അയാൾ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നത്തെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ടുപോകുന്നത്. അയാളും കുടുംബവും ഒരു ഹൗസിങ് കോളനിയിൽ താമസിക്കാനെത്തുന്നു. അവിടത്തെ ചിലയാളുകൾക്ക് അയാളുടെ സ്വഭാവം അംഗീകരിക്കാനുണ്ടാകുന്ന ബുദ്ധിമുട്ടും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ്. കുടുംബപ്രേക്ഷകർക്കെല്ലാം നല്ലരീതിയിൽ ആസ്വദിച്ച് കാണാൻപറ്റുന്ന സിനിമയാണിതെന്നാണ് വിശ്വാസം. സുരാജ് വെഞ്ഞാറമ്മൂട്, ലിജോമോൾ, ശ്രുതി രാമചന്ദ്രൻ, ജോണി ആന്റണി അങ്ങനെ മികച്ച ഒരുപിടി അഭിനേതാക്കൾ നടന്ന സംഭവത്തിൽ പ്രധാനകഥാപാത്രങ്ങളാകുന്നുണ്ട്. നമ്മൾ ജീവിതത്തിൽ എവിടെയൊക്കെയോ കണ്ട കഥാപാത്രങ്ങളായി ഓരോരുത്തരെയും നമുക്ക് റിലേറ്റ് ചെയ്യാനാകും.
ഇറങ്ങുന്ന എല്ലാസിനിമകളും ഹിറ്റടിക്കുന്നു, മലയാളത്തിന്റെ ഭാഗ്യവർഷമാണോ…
ഇപ്പോൾ ഞാൻ മുരുഗദോസ് സംവിധാനം ചെയ്യുന്ന തമിഴ് സിനിമയിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സെറ്റിലുള്ളവരെല്ലാം മലയാളസിനിമയുടെ ഈ വർഷത്തെ കുതിപ്പുകണ്ട് കൊതിച്ചുനിൽക്കുകയാണ്. എന്താണ് ഈ തുടർച്ചയായ വിജയത്തിന്റെ ട്രിക്ക് എന്നാണ് അവരെന്നോട് ചോദിക്കുന്നത്. അവരോട് ഞാൻ പറഞ്ഞത് കഥയാണ് മലയാളത്തിലെ ഹീറോ എന്നാണ്. ഹിന്ദിയും തമിഴും തെലുഗും കന്നടയുമൊക്കെ നോക്കുമ്പോൾ അവരേക്കാൾ ഏറെ ബജറ്റ് ലിമിറ്റേഷനുള്ള ഇൻഡസ്ട്രിയാണ് നമ്മുടേത്. അതിനാൽ ചെറിയ ബജറ്റിൽ മികച്ച കഥകൾ പറയാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്ന് മറുപടി നൽകി.
തങ്കം, ഗരുഡൻ, തലവൻ, നടന്ന സംഭവം അങ്ങനെ ഇറങ്ങുന്ന ഓരോസിനിമയിലും ഇതുവരെ കാണാത്ത ബിജു മേനോനാണ്, വ്യത്യസ്ത കഥാപാത്രങ്ങൾ നോക്കി തിരഞ്ഞെടുക്കുന്നതാണോ…
വരുന്ന സിനിമകളിൽനിന്ന് നല്ലതുനോക്കിയിട്ടാണ് തിരഞ്ഞെടുക്കുന്നത്. ക്ലീഷേ റോളുകൾ ചെയ്യാൻ ആർക്കും താത്പര്യമുണ്ടാകില്ലല്ലോ…? ചില സിനിമകൾ നമുക്ക് ഒഴിവാക്കാൻപറ്റാത്തതുണ്ടാകും. എന്നാലും പുതിയതെന്തെങ്കിലും ചെയ്യാനാണ് എപ്പോഴും ശ്രമിക്കുന്നത്. പിന്നെ നമ്മൾ എന്തുചെയ്താലും അതിന്റെ ഫൈനൽ റിസൾട്ട് തീരുമാനിക്കുന്നത് തിയേറ്ററിൽ പ്രേക്ഷകരാണ്. അവർ സിനിമയെക്കുറിച്ച് നല്ലതുപറയുന്നതും, ഹിറ്റാകുന്നതിനുമപ്പുറം സന്തോഷം മറ്റൊന്നും നൽകില്ല. ഒരുസിനിമ വിജയിക്കുമ്പോൾ അത് നമ്മളെടുത്ത അധ്വാനത്തിനുകിട്ടുന്ന അംഗീകാരമായിക്കൂടിയാണ് കാണുന്നത്. കോവിഡിനുശേഷം കുറച്ചുകാലം പ്രേക്ഷകർ തിയേറ്ററിലേക്ക് വരാൻ മടിച്ചപ്പോൾ ഒരുഭയമുണ്ടായിരുന്നു. ഇനി തിയേറ്ററിലേക്ക് ആളെത്തില്ലേ എല്ലാം ഒ.ടി.ടി.യിൽ മാത്രമാകുമോ എന്നൊരു ആശങ്ക. എന്നാൽ ആ ആശങ്ക വേറുതെയാണെന്ന് പ്രേക്ഷകർതന്നെ തെളിയിച്ചു. നല്ല സിനിമയാണെങ്കിൽ തിയേറ്ററിലേക്ക് തീർച്ചയായും ആളുവരും എന്നൊരു ധൈര്യം ഇന്നെല്ലാവർക്കുമുണ്ട്. പുതിയൊരുതരം സിനിമ ചെയ്യാനും അത്തരം കഥാപാത്രങ്ങൾ സെലക്ട് ചെയ്യാനുമെല്ലാം പ്രേക്ഷകർ തിയേറ്ററിൽ നൽകുന്ന ഈ പിന്തുണ ഊർജമാകുന്നുണ്ട്.
തലവൻ-2 പ്രതീക്ഷിക്കാമോ…
അത്തരമൊരു പ്ലാനിങ് സംവിധായകൻ ജിസ് ജോയും ടീമും നടത്തുന്നുണ്ട്. നിർബന്ധപൂർവം രണ്ടാംഭാഗം എടുക്കണമെന്നുകരുതി ഒരുകഥ തട്ടിക്കൂട്ടില്ല. മറിച്ച് അതിനുപറ്റിയ നല്ലൊരു തിരക്കഥ തയ്യാറാവുകയാണെങ്കിൽ ഉറപ്പായും തലവൻ 2 വരും. ആലോചനകൾ നടക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]