
1997-ൽ പുറത്തിറങ്ങി ഇന്ത്യയെമ്പാടും വൻവിജയമായിത്തീർന്ന ചിത്രമാണ് ജെ.പി. ദത്ത സംവിധാനംചെയ്ത ബോർഡർ. വൻതാരനിരയുടെ പിൻബലത്തിലെത്തിയ ചിത്രം ബോളിവുഡിലെ ക്ലാസിക് വിശേഷണമുള്ള ചിത്രങ്ങളിലൊന്നാണ്. ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്ന് നേരത്തേ ചില റിപ്പോർട്ടുകൾ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു നിർണായക വിവരം പുറത്തുവിട്ടിരിക്കുകയാണ് ബോർഡറിൽ നായകനായെത്തിയ സണ്ണി ഡിയോൾ.
ബോർഡറിന് രണ്ടാംഭാഗം തീർച്ചയായും വരുമെന്നാണ് സണ്ണി ഡിയോൾ അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ ഇതുവരെ നിർമിക്കപ്പെട്ടിട്ടുള്ളവയിൽ ഏറ്റവും വലിയ യുദ്ധസിനിമയായിരിക്കും ഇതെന്നും സണ്ണി ഡിയോൾ പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബോർഡർ സിനിമ പുറത്തിറങ്ങി 27 വർഷം പൂർത്തിയായ അവസരത്തിലായിരുന്നു ഈ പോസ്റ്റ്. സണ്ണി ഡിയോളിന്റെ വീഡിയോ പുറത്തുവന്നതോടെ ആരാധകരും ആവേശത്തിമിർപ്പിലായി.
ബോർഡർ 2-ലേക്ക് സണ്ണി ഡിയോളിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. അനുരാഗ് സിംഗ് ആണ് ചിത്രം സംവിധാനംചെയ്യുന്നത്. ഭൂഷൺ കുമാർ, ക്രിഷൻ കുമാർ, ജെ.പി.ദത്ത, നിധി ദത്ത എന്നിവർ ചേർന്നാണ് നിർമാണം. 2026-റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആയുഷ്മാൻ ഖുറാനയായിരിക്കും മറ്റൊരു സുപ്രധാനവേഷത്തിലെത്തുകയെന്നും റിപ്പോർട്ടുണ്ട്.
സുനിൽ ഷെട്ടി, അക്ഷയ് ഖന്ന, ജാക്കി ഷ്റോഫ്, സുദേശ് ബെറി, പുനീത് ഇസ്സർ, തബു, രാഖീ ഗുൽസാർ, പൂജാ ഭട്ട്, ശർബാനി മുഖർജി തുടങ്ങിയവരായിരുന്നു ബോർഡറിലെ പ്രധാന അഭിനേതാക്കൾ. അതേസമയം ലാഹോർ 1947 എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് സണ്ണി ഡിയോൾ ഇപ്പോൾ. പ്രീതി സിന്റയാണ് ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിലെ നായിക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]