
ശബരിമലനട വൈകുന്നേരം തുറക്കുമ്പോൾ മുഴങ്ങുന്ന ആ ഗാനമുണ്ട്:
‘ശ്രീകോവിൽ നട തുറന്നൂ,
പൊന്നമ്പലത്തിൽ ശ്രീകോവിൽ നട തുറന്നൂ…’
കാടും മേടും താണ്ടി സന്നിധിയിലേക്ക് നടന്നുവരുന്ന സ്വാമിഭക്തന്റെ മനസ്സിലേക്ക് ആ ശ്രീകോവിൽ തുറക്കുകയായി. അങ്ങകലെ മരങ്ങൾക്കിടയിലൂടെ പൊന്നമ്പലത്തിലെ കർപ്പൂരദീപങ്ങൾ കാണാം. അവിടെയെത്തുംമുമ്പേ ജയവിജയന്മാർ സ്വാമി അയ്യപ്പനെ മനസ്സിലേക്ക് കുടിയിരുത്തും. സന്നിധാനത്ത് വിരിവെച്ച് കാത്തിരിക്കുന്നവർ തിരുമുറ്റത്തേക്ക് നടന്നുതുടങ്ങും.
പ്രഭാതത്തിൽ യേശുദാസിന്റെ സുപ്രഭാതമാണ് സ്വാമിക്ക് കണി. രാത്രി ഉറക്കുപാട്ടായി ഹരിവരാസനവും ആ ശബ്ദത്തിൽത്തന്നെ. വൈകീട്ട് നട തുറക്കുമ്പോൾ ജയവിജയന്മാർ സന്നിധാനത്ത് സ്തുതി മുഴക്കും. ആ അപൂർവസൗഭാഗ്യം സ്വാമിയുടെ അനുഗ്രഹമായി ഇരുവരും കരുതി. ജയവിജയന്മാർക്ക് സംഗീതമെന്നാൽ സ്വാമി അയ്യപ്പനായിരുന്നു. സ്വാമിയുടെ അനുഗ്രഹമാണ് നാദമായും അത് ഐശ്വര്യം ചൊരിഞ്ഞ ജീവിതമായും മാറിയതെന്ന് ജയൻ പലവട്ടം പറഞ്ഞിട്ടുണ്ട്.
രണ്ടുശരീരം ഒരുനാദം എന്ന് ആസ്വാദകർ വിശേഷിപ്പിച്ച അപൂർവ കൂട്ടുകെട്ട് ജയവിജയ എന്നപേരിൽ മലയാളത്തെ രമിപ്പിച്ചു. ജയവും വിജയവും അർഥം ഒന്നുതന്നെ. ശ്രുതിമുറിയാത്ത ആ കൂട്ടുകെട്ട് പിരിഞ്ഞത് 1988 ജനുവരി എട്ടിന്. മകരവിളക്കിന് ആറുനാൾമുമ്പുമാത്രം. ജനുവരി-14 വിജയന്റെ വിയോഗത്തിനു ശേഷമുള്ള ആദ്യ മകരവിളക്കുദിനം. സ്വാമിക്ക് ചാർത്താനുള്ള തിരുവാഭരണം സന്ധ്യക്ക് സന്നിധാനത്തെത്തുമ്പോൾ സ്വാമിഭക്തരുടെ മനസ്സിലേക്ക് നിറയുന്ന ജയവിജയന്മാരുടെ സംഗീതധാര ഉണ്ടായിരുന്നില്ല.
30 വർഷംനീണ്ട ആ പതിവ് മുടങ്ങിയ സന്ധ്യ. വിജയനെ പിരിഞ്ഞ ജയന് മാത്രമായി ഒരു കച്ചേരിയോ. അത് ജയനും ഇരുവരുടെയും ആരാധകർക്കും സങ്കല്പിക്കാൻ കഴിയുമായിരുന്നില്ല. വിളിപ്പാടകലെ പമ്പയിൽ ജയൻ നിൽക്കുന്നുണ്ടായിരുന്നു. കൈയിൽ വിജയന്റെ ചിതാഭസ്മം. അത് പമ്പയിലൊഴുക്കി ജയൻ സ്വാമിയെ മലയിലേക്ക് നോക്കി പ്രണമിച്ചു. ആ മനസ്സ് മന്ത്രിച്ചു: ‘‘സ്വാമീ, ഞാൻ തനിച്ചായോ…’’
ദിണ്ടിഗലിലെ അയ്യപ്പക്ഷേത്രത്തിൽ കച്ചേരിക്ക് പോകവേയായിരുന്നു വിജയന്റെ വിയോഗം. സപ്തസ്വരങ്ങളുടെ ആരോഹണവും അവരോഹണവും ഇഴചേർന്ന കുരലുകളിൽ ഒന്ന് നിശ്ശബ്ദമായി. ‘‘ഓർമവെച്ചകാലംമുതൽ ഒന്നിച്ചായിരുന്നു. പഠിച്ചതും പാടിയതും ഒരേപോലെ. ഒരേനിറമുള്ള ജുബ്ബയണിഞ്ഞ് കഴുത്തിൽ ഒരേ എണ്ണത്തിൽ തുളസിമാല ധരിച്ച് ഏകധാരയായ ജീവിതം. ഞങ്ങളിൽനിന്ന് ഞാനായ നിമിഷം എന്നെ തളർത്തി. എനിക്കുമാത്രമായി ഒരു ജീവിതം വേണ്ടെന്ന് തോന്നിപ്പോയി. ആകെ മരവിപ്പ് ബാധിച്ചു.” -ജയൻ അക്കാലത്തെ അടയാളപ്പെടുത്തിയത് ഈ വാക്കുകളിൽ.
‘തനിയെ’ പാടിയ നാളുകൾ
വിജയന്റെ വിയോഗത്തിനുശേഷം ആദ്യകച്ചേരി നാഗമ്പടം മഹാദേവക്ഷേത്രത്തിലായിരുന്നു. മുമ്പേ ഏറ്റ പരിപാടി. പാടിത്തുടങ്ങിയപ്പോഴേ കണ്ണുകൾ നിറഞ്ഞു, സ്വരമിടറി, വരികൾ പിടിതരാതെ പിടഞ്ഞു. ആരും അപസ്വരം മുഴക്കിയില്ല. അവരാദ്യമല്ലല്ലോ ജയനെ കാണുന്നത്. ആ ദുഃഖം അവരും ഏറ്റുവാങ്ങി. അദ്ദേഹം തങ്ങളുടെ ചിട്ട അടുപ്പമുള്ളവരോട് പറഞ്ഞു. ഷഡ്ജംമുതൽ പഞ്ചമംവരെ വിജയൻ പാടും; പഞ്ചമംമുതൽ ഷഡ്ജംവരെ താനും. ഓരോതവണ ഊഴമനുസരിച്ച് പാടി പിന്നെ ഒന്നായിപ്പാടുന്ന രീതിയായിരുന്നു. പിന്നെ ഒരുവർഷം വീട്ടിൽത്തന്നെ കഴിഞ്ഞു. പാടാൻ ആവശ്യപ്പെട്ടു വന്നവരെ പറഞ്ഞുവിട്ടു. യേശുദാസാണ് ജയന്റെ പിന്നീടുള്ള ജീവിതം വഴിമാറ്റിയത്. ‘‘സംഗീതം വരദാനമാണ്, മാറിനിൽക്കരുത്. നമുക്ക് കൃഷ്ണഭക്തിഗാന ആൽബം ചെയ്യണം, തരംഗിണി അതിന് തയ്യാർ.’’ -യേശുദാസ് പറഞ്ഞു. അതാണ് മയിൽപ്പീലി. എസ്. രമേശൻ നായരുടെ രചന. ജയനും രമേശൻ നായരും ഒന്നിച്ചിരുന്നു. ഒരുരാത്രികൊണ്ട് പാട്ടുകൾ തയ്യാറാക്കി. ഗാനങ്ങൾ എക്കാലത്തെയും ജനപ്രിയഗീതങ്ങളായി. -ഇതാണ് തന്റെ സംഗീതജീവിതത്തിന്റെ രണ്ടാംഭാഗത്തിന്റെ തുടക്കമെന്ന് ജയൻ.
ദാസേട്ടന്റെ സാമീപ്യമാണ് വിഷാദകാലത്ത് തന്റെ ജീവിതം മാറ്റിയതെങ്കിൽ യൗവനത്തിൽ ഒരു മഴയാണ് സംഗീതത്തിൽ വലിയ അവസരം തുറന്നതെന്ന് ജയൻ പറയും. വൈക്കം ക്ഷേത്രത്തിൽ ഡോ. ബാലമുരളീകൃഷ്ണയുടെ കച്ചേരി കേൾക്കാൻ പോയതായിരുന്നു ജയനും വിജയനും. പരിപാടിക്കിടെ മഴ. നനയാതിരിക്കാൻ രണ്ടുപേരും വേദിയോട് ചേർന്നുനിന്നു. ബാലമുരളീകൃഷ്ണ ഇവരെ കണ്ടു. മാവേലിക്കര കൃഷ്ണൻകുട്ടി നായർക്ക് ഈ സഹോദരങ്ങളെ അറിയാമായിരുന്നു. അദ്ദേഹം ഇരുവരുടെയും സംഗീതതാത്പര്യവും ഒന്നിച്ചുള്ള കച്ചേരിക്കാര്യവുമൊക്കെ ബാലമുരളീകൃഷ്ണയെ ധരിപ്പിച്ചു.
ബാലമുരളീകൃഷ്ണ ഉടൻ വിസിറ്റിങ് കാർഡ് കൊടുത്തു. സംഗീതം പഠിക്കാൻ വിജയവാഡയിലേക്ക് വരണമെന്ന് പറഞ്ഞു. പിന്നീട് ബാലമുരളീകൃഷ്ണയ്ക്കൊപ്പം ഇരുവരും ചെന്നൈയിലേക്ക് വന്നു. അവിടെ വെച്ചാണ് ചെമ്പൈയെ കണ്ടുമുട്ടുന്നത്. അദ്ദേഹത്തിനുകീഴിലും സംഗീതം പഠിച്ചു. ചെമ്പൈയുടെ അകമ്പടിപ്പാട്ടുകാരനായ മരുമകൻ സുഖമില്ലാതെ കിടക്കുന്ന സമയമായിരുന്നു. സ്വാമി അകമ്പടിക്കാരെ തിരയുന്ന സമയം. മൃദംഗവിദ്വാൻ ടി.വി. ഗോപാലകൃഷ്ണൻ ജയവിജയന്മാരെ പരിചയപ്പെടുത്തി. 18 വർഷം ചെമ്പൈയ്ക്കൊപ്പം ഇരുവരും പഠനവും കച്ചേരിയും നടത്തി. കർണാടകസംഗീതത്തിന്റെ പലധാരകൾ അടുത്തുനിന്നറിഞ്ഞത് രണ്ട് വന്മരങ്ങൾക്കുതാഴെ തണലനുഭവിച്ച്നിന്നതുകൊണ്ടാണെന്ന് ജയൻ പറഞ്ഞിട്ടുണ്ട്; ബാലമുരളീകൃഷ്ണയും ചെമ്പൈ സ്വാമിയും. നിറഞ്ഞ സ്നേഹംകൊണ്ടും അറിവിന്റെ അഗാധതകൊണ്ടും അമ്പരപ്പിച്ചു. അറിഞ്ഞതിലേറെ കടലായി ബാക്കിയുണ്ടെന്ന് ഓർമിപ്പിച്ചു. ആ അറിവ് വിനയം നിറച്ചു. മനസ്സിൽ ഭക്തിയും.
അയ്യപ്പഭക്തിയുടെ വഴിയിലേക്ക് പിന്നീട് ഒന്നിച്ച് യാത്രചെയ്ത ജയനും വിജയനും 30 വർഷം സന്നിധാനത്തെ മകരവിളക്ക് സന്ധ്യയെ പാടിയുണർത്തി; 14 വർഷം ജയൻ തനിച്ചും. 2019-ലെ മകരവിളക്കിനാണ് ജയൻ അവസാനം സന്നിധാനത്തെത്തി സ്വാമിസംഗീതം ആലപിച്ചത്. വിജയൻ മരിച്ചശേഷം നാഗമ്പടം മഹാദേവക്ഷേത്രത്തിലായിരുന്നു ആദ്യകച്ചേരി. നിറകണ്ണുകളുമായി ജയൻ പാടി. പലപ്പോഴും സ്വരമിടറി