
കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം സല്മാന് ഖാന്റെ വീടിന് മുന്നില്‍ വെടിവെപ്പ് നടന്നത്. മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷന് പരിധിയിലെ സല്മാന് ഖാന്റെ വസതിയായ ഗാലക്സി അപ്പാര്‍ട്ട്മെന്റിന് മുന്നിലാണ് വെടിവെപ്പുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ 4.55-ഓടെയായിരുന്നു സംഭവം. നടന്റെ വീടിന് മുന്നിലേക്ക് ബൈക്കിലെത്തിയ രണ്ടുപേര്‍ മൂന്നുതവണ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ബാന്ദ്ര പോലീസ് അന്വേഷണം ആരംഭിച്ചു. നടന്റെ വീടിന് പുറത്തും പരിസരത്തും കനത്ത പോലീസ് കാവലും ഏര്‍പ്പെടുത്തി.
വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നിരിക്കുയാണ് അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന് അന്മോല് ബിഷ്ണോയി. തമാശയല്ലെന്നും, തങ്ങളെ നിസ്സാരമായി കരുതരുതെന്നും ഇത് അവസാന താക്കീതാണെന്നും അന്മോല് ബിഷ്ണോയി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. സല്‍മാന്റെ വീട്ടിലാണ് ഇനി വെടിവെപ്പ് നടക്കുകയെന്നും ഇയാള്‍ പ്രഖ്യപിച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷവും സൽമാന് നേരേ വധഭീഷണി ഉയർന്നിരുന്നു. റോക്കി ഭായി എന്ന പേരില്‍ രാജസ്ഥാനില്‍ നിന്നാണ് കോള്‍ വന്നത്. പതിനാറ് വയസ്സുള്ള ഒരു ആണ്‍കുട്ടിയാണ് അതിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന സംഗതി. ഏപ്രില്‍ 30 ന് സല്‍മാനെ വകവരുത്തുമെന്നായിരുന്നു ഭീഷണി. അന്നും അന്വേഷണം എത്തിയത് ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിന് നേരെയായിരുന്നു.
എന്തുകൊണ്ട് ലോറന്‍സ് ബിഷ്ണോയിയ്ക്ക് സൽമാനോട് ഇത്രയും പക?
1998-ല്‍ സല്മാന് ഖാന് രാജസ്ഥാനില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സംഭവത്തിന്റെ പകയിലാണ് ലോറന്‍സ് ബിഷ്ണോയി നടനെ വകവരുത്താന്‍ ശ്രമിച്ചത്. ഒരു സിനിമയുടെ ചിത്രീകരണത്തിനായി രാജസ്ഥാനില്‍ എത്തിയതായിരുന്നു സല്മാന്. ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്, നീലം കോത്താരി, സൊനാലി ബേന്ദ്ര, തബു എന്നിവരായിരുന്നു അന്ന് സല്‍മാനോടൊപ്പം ഉണ്ടായിരുന്നത്. ഇവരും സല്‍മാന്റെ സഹായികളായ ദുഷ്യന്ത് സിങ്, ദിനേഷ് ഗാവ്റ എന്നിവരും കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു. കൃഷ്ണമൃഗത്തെ ബിഷ്ണോയി വിഭാഗം പരിപാവനമായാണ് കരുതുന്നത്. തങ്ങളുടെ ഗുരുവായ ജംബാജിയുടെ പുനര്‍ജ്ജന്മമായാണ് ഇവര്‍ കൃഷ്ണമൃഗത്തെ കണക്കാക്കുന്നത്. പക്ഷിമൃഗാദികളെ വേട്ടയാടുന്നതും കൊലപ്പെടുത്തുന്നതും വലിയ പാപമായി അവര്‍ കണക്കാക്കുന്നു. വന്യമൃഗങ്ങളെ വേട്ടയാടിയ കേസുകളില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കാന്‍ ബിഷ്ണോയികള്‍ ഇടപെടാറുണ്ട്.
1998 ഒക്ടോബര്‍ 2 നാണ് സല്‍മാനെതിരേ ബിഷ്ണോയി വിഭാഗത്തിലുള്ള ഒരാള്‍ പോലീസില്‍ പരാതി നല്‍കുന്ന്. കൃത്യം പത്ത് ദിവസത്തിന് ശേഷം സല്മാന് അറസ്റ്റിലാവുകയും ജാമ്യത്തിലറങ്ങുകയും ചെയ്തു. ഈ സംഭവവികാസങ്ങള്‍ നടക്കുമ്പോള്‍ ലോറന്‍സ് ബിഷ്ണോയ്ക്ക് വെറും അഞ്ച് വയസ്സുമാത്രമായിരുന്നു പ്രായം. ലോറന്‍സ് ബിഷ്ണോയി വളരുന്നതിനൊപ്പം അയാളില്‍ സല്‍മാനോടുള്ള പകയും വര്‍ധിച്ചുകൊണ്ടേയിരുന്നു. സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ബിരുദത്തിന് കോളേജില്‍ ചേര്‍ന്ന ലോറന്‍സ് ബിഷ്ണോയി പഠനം പൂര്‍ത്തിയാക്കിയില്ല. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചത് പിടിക്കപ്പെട്ടപ്പോള്‍ ഇയാള്‍ ഒന്നാം നിലയിലെ പരീക്ഷ ഹാളില്‍ നിന്ന് ഉത്തരക്കടലാസുമായി നിലത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ നിയമപഠനത്തിന് ചേര്‍ന്ന് ലോറന്‍സ് ബിഷ്ണോയി കാമ്പസ് രാഷ്ട്രീയത്തില്‍ സജീവമായി. ആ കാലഘട്ടത്തില്‍ തന്നെയാണ് ഇയാള്‍ ഗോള്‍ഡ് ബ്രാര്‍ എന്നറിയപ്പെടുന്ന സതീന്ദര്‍ സിംഗ് എന്ന അധോലോകാംഗവുമായി ചങ്ങാത്തതിലാകുന്നത്. ഈ സൗഹൃദം ഇയാളെ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് ആകര്‍ഷിച്ചു. 2010 മുതല്‍ ഇയാള്‍ക്കെതിരേ വധശ്രമം, ഭീഷണിപ്പെടുത്തല്‍, മോഷണം തുടങ്ങി വിവിധ കേസുകള്‍ പോലീസില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. നിയമ പഠനം പൂര്‍ത്തിയാക്കിയെങ്കിലും അധോലോക നായകനായി അറിയപ്പെടാനായിരുന്നു ലോറന്‍സ് ബിഷ്ണോയിയുടെ തീരുമാനം
കൃഷ്ണമൃഗ വേട്ട കേസില്‍ ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം 2018 ല്‍ സല്മാന് ഖാന് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. വന്യജീവി സംരക്ഷണ നിയമപ്രകാരം അഞ്ച് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ജോധ്പൂര്‍ കോടതി സല്മാന് ശിക്ഷ വിധിച്ചത്. കേസിലെ മറ്റു പ്രതികളെ വെറുതെ വിട്ടു. സല്മാന് പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു. അതേ സമയം നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലാത്ത ലോറന്‍സ് കൃഷ്ണമൃഗത്തെ കൊന്നതിന് താന്‍ സല്‍മാനോട് പകരം വീട്ടുമെന്ന് ഭീഷണിപ്പെടുത്തി കൊണ്ടേയിരുന്നു. ഇത് ഇയാള്‍ പരസ്യമായി പറഞ്ഞിട്ടുമുണ്ട്. സല്മാന് ഖാനെപ്പോലെയുള്ള ഒരു പ്രമുഖ നടനെ ഭീഷണിപ്പെടുത്തുക വഴി തന്റെ പ്രശസ്തി വര്‍ധിപ്പിക്കാനാണ് ഇയാള്‍ ലക്ഷ്യമിടുന്നതെന്ന വാദവുമുണ്ട്.
സല്മാന് ഖാനെ വകവരുത്താന്‍ ലോറന്‍സ് ബിഷ്ണോയി ഷൂട്ടറെ അയച്ചിരുന്നുവെന്ന് പോലീസ് റെക്കോഡിലുണ്ട്. രാജസ്ഥാന് സ്വദേശിയായ സമ്പത്ത് നെഹ്റയോട് സല്‍മാനെ വകവരുത്തണമെന്ന് ബിഷ്ണോയി ആവശ്യപ്പെട്ടു. സമ്പത്ത് നെഹ്റ മുംബൈയിലെത്തുകയും ബാന്ദ്രയിലെ നടന്റെ വസതിയുടെ പരിസരത്ത് ചുറ്റിത്തിരിയുകയും ചെയ്തു. ഒരു പിസ്റ്റള്‍ മാത്രമേ ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ദൂരെ നിന്ന് സല്‍മാനെ വെടിവെയ്ക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഇയാള്‍ ദിനേഷ് ഫൗജി എന്നൊരോളോട് ആര്‍കെ സ്പിങ് റൈഫിള്‍ എത്തിച്ചു നല്കാന് ആവശ്യപ്പെട്ടു. 4 ലക്ഷം രൂപ അതിനായി അനില്‍ പാണ്ഡെ എന്നൊരാളുടെ പക്കല്‍ കൊടുക്കുകയും ചെയ്തു. എന്നാല്‍ പോലീസ് ദിനേഷ് ഫൗജിയെ അറസ്റ്റ് ചെയ്തതോടെ ഓപ്പറേഷന് നടന്നില്ല. 2011-ല്‍ റെഡി എന്ന സിനിമയുടെ സെറ്റില്‍വച്ചു സല്മാന് ഖാനെ അപായപ്പെടുത്താന്‍ ഇവര്‍ ആസൂത്രണം ചെയ്തിരുന്നു. നരേഷ് ഷെട്ടിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. എന്നാല്‍ ആയുധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് ആ ശ്രമവും പരാജയപ്പെട്ടു.
സല്മാന് ഖാന്റെ പിതാവും നടനും തിരക്കഥാകൃത്തുമായ സലിം ഖാനും വധഭീഷണി നേരിടേണ്ടി വന്നു. കത്തു വഴിയാണ് ഭീഷണി ലഭിച്ചത്. ബാന്ദ്ര ബസ് സ്റ്റാന്‍ഡ് പരിസരത്താണ് കത്ത് കണ്ടത്. സലിം ഖാന്റെ സുരക്ഷാ ജീവനക്കാരനാണ് കത്ത് കണ്ടത്. സലിം ഖാന് തന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ രാവിലെ ബസ് സ്റ്റാന്‍ഡ് പ്രൊമനേഡില്‍ പതിവായി നടക്കാന്‍ പോകാറുണ്ട്. അവര്‍ സാധാരണയായി വിശ്രമിക്കാറുള്ള സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കത്ത് കണ്ടെത്തിയത്. പഞ്ചാബി ഗായകന് മൂസാവാലെയെ ചെയ്തതുപോലെ ചെയ്യും എന്നാണ് കത്തിലുണ്ടായിരുന്നത്.
പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസേവാലയുടെ കൊലപാതകത്തിന് പിന്നില്‍ അധോലോക സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്ന് പഞ്ചാബ് പോലീസ് വ്യക്തമാക്കിയിരുന്നു. ലോറന്‍സ് ബിഷ്ണോയിയുടെ സംഘമാണ് സിദ്ധുവിന്റെ കൊലപാതകത്തിന് പിറകിലെന്ന് പോലീസ് പറയുന്നു. ഈ സംഘത്തിലെ അംഗമായ ലക്കി, കാനഡയില്‍നിന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ഗോള്‍ഡി ബ്രാര്‍, ലോറന്‍സ് ബിഷ്ണോയിയുടെ ബന്ധു സച്ചിന് ബിഷ്ണോയി എന്നിവരാണ് മറ്റുപ്രതികള്‍. പഞ്ചാബിലെ ഒരു ജയിയിലാണ് ലോറന്‍സ് ബിഷ്ണോയിയെ പാര്‍പ്പിച്ചിരിക്കുന്നത്. അതിനിടെ അയാളുടെ അഭിമുഖം പുറത്ത് വന്നത് വിവാദമായിരുന്നു. ബതിന്ദയിലെ സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ള ലോറന്‍സ് ബിഷ്ണോയിയുടെ അഭിമുഖം എന്ന തരത്തിലാണ് വാര്‍ത്ത പുറത്ത് വന്നത്. എന്നാല്‍ ജയില്‍ അധികൃതര്‍ ഇത് നിഷേധിച്ചു. ഇയാളെ താമസിപ്പിച്ചിരിക്കുന്നത് സെന്‍ട്രല്‍ ജയിലില്‍ അല്ലെന്നും മറ്റൊരു ജയിലിലാണെന്നും അവര്‍ വൃക്തമാക്കി. ജയിലിലാണെങ്കിലും പദ്ധതികള്‍ നടപ്പാക്കാന്‍ ലോറന്‍സ് ബിഷ്ണോയിയ്ക്ക് സാധിക്കുന്നുവെന്ന ആരോപണം നിലനില്ക്കുന്നു. ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലായി നൂറ് കണക്കിന് ഷൂട്ടര്‍മാര്‍ ഇയാളുടെ സംഘത്തിലുണ്ടെന്നാണ് കരുതപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]