
1980-കളിലും 90-കളിലും മലയാള സിനിമയിലെ പ്രിയപ്പെട്ട നായികമാരിലൊരാളായിരുന്നു ശാന്തി കൃഷ്ണ. 16-ാം വയസ്സില്‍ ഭരതന് സംവിധാനം ചെയ്ത ‘നിദ്ര’ എന്ന സിനിമയിലൂടെയായിരുന്നു ശാന്തി കൃഷ്ണയുടെ സിനിമാരംഗത്തെ അരങ്ങേറ്റം. പിന്നീടങ്ങോട്ട് മലയാളത്തിലെ മിക്ക നടന്മാരുടെയും നായികയായി ശാന്തി കൃഷ്ണ അഭിനയിച്ചു. 1994-ല്‍ ചകോരം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും സ്വന്തമാക്കി.
സിനിമയില്‍ തിളങ്ങിനില്ക്കുന്നതിനിടെയായിരുന്നു ശാന്തി കൃഷ്ണയും നടന് ശ്രീനാഥും വിവാഹിതരായത്. 1984-ലായിരുന്നു ഇരുവരുടെയും വിവാഹം. ഇതോടെ ശാന്തി കൃഷ്ണ സിനിമയില്‍നിന്ന് പിന്‍വാങ്ങുകയുംചെയ്തു. പിന്നീട് 1991-ലാണ് ശാന്തി കൃഷ്ണ സിനിമയിലേക്ക് മടങ്ങിയത്. എന്നാല്‍, വിവാഹം കഴിഞ്ഞ് 12 വര്‍ഷങ്ങള്‍ക്ക് ശേഷം ശാന്തികൃഷ്ണയും ശ്രീനാഥും വിവാഹമോചിതരായി. പിന്നീട് 1998-ല്‍ യുഎസില്‍ വ്യവസായിയായ ബജോരെ സദാശിവനെ ശാന്തി കൃഷ്ണ വിവാഹം കഴിച്ചു. പക്ഷേ, വര്‍ഷങ്ങള്‍ക്കുശേഷം 2016-ല്‍ ഇരുവരും വിവാഹമോചിതരായി. ഈ ബന്ധത്തില്‍ ശാന്തികൃഷ്ണയ്ക്ക് രണ്ടുമക്കളുമുണ്ട്.
ജീവിതത്തില്‍ ഏറെ വെല്ലുവിളികള്‍നിറഞ്ഞ ഈ ഘട്ടങ്ങളിലെല്ലാം സിനിമയാണ് തനിക്ക് പിന്തുണ നല്‍കിയതെന്നാണ് ശാന്തി കൃഷ്ണ പറയുന്നത്. അടുത്തിടെ തമിഴ് യൂട്യൂബ് ചാനലായ ‘ഗലാട്ട പിങ്കി’ന് നല്കിയ അഭിമുഖത്തിലാണ് തന്റെ രണ്ട് വിവാഹങ്ങളെക്കുറിച്ചും അതില്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും ശാന്തി കൃഷ്ണ മനസ്സുതുറന്നത്.
19-ാം വയസ്സിലായിരുന്നു നടന് ശ്രീനാഥുമായി ശാന്തികൃഷ്ണയുടെ ആദ്യവിവാഹം. ആ വിവാഹത്തെക്കുറിച്ച് അഭിമുഖത്തില്‍ ശാന്തികൃഷ്ണ പറയുന്നത് ഇങ്ങനെയായിരുന്നു:-
‘വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമെല്ലാം ഏറെ കാല്പനിക ധാരണകളുള്ള പ്രായമായിരുന്നു അത്. എന്റേത് ശരിയായ തിരഞ്ഞെടുപ്പാണോ എന്ന് എന്റെ കുടുംബംവരെ ചോദ്യംചെയ്തു. പക്ഷേ, ഞാന്‍ പിടിവാശിയില്‍ തന്നെയായിരുന്നു. ചിലര്‍ മറ്റുള്ളവരുടെ അനുഭവങ്ങളില്‍നിന്നാണ് പാഠങ്ങള്‍ പഠിക്കുക. മറ്റുചിലര്‍ സ്വന്തം അനുഭവങ്ങളിലൂടെയാകും പലതും മനസിലാക്കുക. ഞാന്‍ രണ്ടാമത്തെ വിഭാഗത്തിലായിരുന്നു’, ശാന്തി കൃഷ്ണ പറഞ്ഞു.
രണ്ടാമത്തെ വിവാഹബന്ധം തുടക്കക്കാലത്ത് നല്ലരീതിയില്‍ പോയെങ്കിലും പിന്നീട് ആ ബന്ധത്തിലും വിള്ളലുകളുണ്ടായെന്നും നടി വെളിപ്പെടുത്തി. ‘കാലക്രമേണ എനിക്ക് എന്നെത്തന്നെ പൂര്‍ണമായും നഷ്ടപ്പെട്ടു. സ്വന്തമായി ചിന്തിക്കാന്‍ പോലും കഴിയാതെ, വെറും ഉത്തരവുകള്‍ മാത്രം പിന്തുടരുകയായിരുന്നു. ഞാന്‍ ഒരു പാവയെപ്പോലെയായി. അതൊരു ബുദ്ധിമുട്ടേറിയ കാലമായിരുന്നു. എനിക്ക് സ്വന്തമായി വരുമാനമുണ്ടായിരുന്നില്ല. പൂര്‍ണമായും മറ്റൊരാളെ ആശ്രയിക്കേണ്ട അവസ്ഥ. എനിക്ക് എന്റെ വ്യക്തിത്വം നഷ്ടപ്പെട്ടു. പക്ഷേ, ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ എന്തിനാണ് എല്ലാം സഹിച്ചതെന്ന് ഞാന്‍ എന്നോട് തന്നെ ചോദിക്കും. അതൊരു പാവയെപ്പോലെയുള്ള ജീവിതമായിരുന്നു. ജോലി ഇല്ലാതിരുന്നപ്പോള്‍ ഏകാന്തത എന്നെ അലട്ടി. എനിക്ക് പുറത്തുപോകണമെങ്കില്‍ ഞാന്‍ ഒറ്റയ്ക്ക് പോകണം. സുഹൃത്തുക്കളോടൊപ്പം പുറത്തുപോകുന്നത് വ്യത്യസ്തമാണ്. ഒറ്റയ്ക്ക് ജീവിക്കണമെന്ന് ഒരിക്കലും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. പക്ഷേ, എന്റെ വിവാഹങ്ങള്‍ വിജയിച്ചില്ല. ചിലസമയങ്ങളില്‍ അത് എന്റെ തെറ്റായിരുന്നോ എന്ന് തോന്നും. അത് എന്റെ തെറ്റല്ലെന്ന് പിന്നെ ഞാന്‍ എന്നെത്തന്നെ ഓര്‍മിപ്പിക്കും’, ശാന്തി കൃഷ്ണ പറഞ്ഞു.
രണ്ടാമത്തെ വിവാഹമോചനത്തിന് ശേഷം ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന മലയാളചിത്രത്തിലൂടെയാണ് ശാന്തികൃഷ്ണ ഗംഭീര തിരിച്ചുവരവ് നടത്തിയത്. അല്‍ത്താഫ് സലീം സംവിധാനം ചെയ്ത് നിവിന്‍ പോളി, ലാല്‍, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവര്‍ അഭിനയിച്ച ചിത്രത്തില്‍ പ്രധാന കഥാപാഥത്തെ അവതരിപ്പിച്ച ശാന്തി കൃഷ്ണ ഏറെ പ്രശംസനേടി. പിന്നാലെ ചില തമിഴ് ചിത്രങ്ങളിലും ശാന്തി കൃഷ്ണ അഭിനയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]