
എന്റെ വ്യക്തിജീവിതത്തെ ഏറെ സ്വാധീനിച്ച ഗാനമാണ് വിഷുക്കണിയിലെ ‘മലർക്കൊടി പോലെ’എന്ന രചന. എന്റെ വിവാഹം കഴിഞ്ഞു ഏഴുവർഷത്തിനുശേഷമാണ് ആദ്യ പുത്രൻ വിനോദ് ജനിക്കുന്നത്, 1977-ൽ. ആ വർഷമാണ് വിഷുക്കണി എന്ന ചിത്രം റിലീസ് ആയതും. ‘കാലമറിയാതെ ഞാൻ അച്ഛനായ്…’ എന്നു തുടങ്ങുന്ന ആ പാട്ടിന്റെ ചരണത്തിലെ വരികൾ പാടുമ്പോൾ എന്റെ കണ്ണ് നനഞ്ഞുപോയിരുന്നു. അതെഴുതിയത് എന്റെ ആത്മസുഹൃത്ത് ശ്രീകുമാരൻതമ്പിയായിരുന്നു.
1966-ൽ സുബ്രഹ്മണ്യം സാറിന്റെ കാട്ടുമല്ലികയുടെ ഗാനങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ടാണ് ഞാനും തമ്പിയും ആദ്യമായി കാണുന്നത്. തമ്പിയുടെ ആദ്യചിത്രം. സംഗീതസംവിധായകൻ എം.എസ്. ബാബുരാജ്. ഗാനത്തിന്റെ റെക്കോഡിങ് നടക്കുന്നതിനുമുമ്പേ ഒരുദിവസംമുഴുവൻ റിഹേഴ്സൽ നടക്കും. ചിത്രത്തിന്റെ നിർമാതാവും സംവിധായകനും ഒ.കെ. പറഞ്ഞാൽ മാത്രമാണ് ഗാനത്തിന്റെ റിഹേഴ്സൽ നടക്കുക. റിഹേഴ്സലിനു ഗാനരചയിതാവും സംഗീതസംവിധായകനും ഗായകരും ഉണ്ടാകും. പാട്ടുമുഴുവൻ പാടി പെർഫെക്ട് ആയതിനുശേഷംമാത്രമേ റെക്കോഡിങ് നടക്കൂ. കാട്ടുമല്ലികയിലെ ‘താമരത്തോണിയിൽ താലോലമാടി താനെ തുഴഞ്ഞുവരും’ എന്ന ഗാനം ഞാനും ജാനകിയമ്മയും ചേർന്നാണ് പാടിയത്. തമ്പിയെ ആദ്യമായി കാണുന്നതും മദ്രാസ് റോയപ്പേട്ടിലെ ആ റിഹേഴ്സൽ സമയത്താണ്. അന്നൊന്നും ഞാൻ അറിഞ്ഞതേയില്ല കലാപരമായി ഇത്രയും കഴിവുള്ള ഒരു വ്യക്തിയാണ് ആ ചെറുപ്പക്കാരനെന്ന്. വയലാർ സാറും ഭാസ്കരൻമാഷും ഒ.എൻ.വി.സാറുമൊക്കെ തിളങ്ങിനിൽക്കുന്ന സമയത്താണ് ശ്രീകുമാരൻ തമ്പിയെന്ന യുവാവിന്റെ അരങ്ങേറ്റം എന്നതും ഒരു പ്രത്യേകതയായിരുന്നു. വലിയമരങ്ങൾക്കുകീഴെ ചെറിയ മരം വളരില്ല എന്ന പഴഞ്ചൊല്ലിനെ അദ്ദേഹം തന്റെ സിനിമാജീവിതംകൊണ്ട് മാറ്റിയെഴുതി. തമ്പിയുടെ കേവലം മൂന്നാമത്തെ ചിത്രമായിരുന്നു ചിത്രമേള. മുത്തയ്യസാറിന്റെ ചിത്രം. ദേവരാജൻ മാഷുടെ സംഗീതം. ആകാശ ദീപമേ, ചെല്ല ചെറുകിളിയെ, പാടുവാൻ മോഹം, നീയൊരു മിന്നലായ്, നീയെവിടെ നിൻ നിഴലെവിടെ, കണ്ണുനീർ കായലിലെ, അപസ്വരങ്ങൾ എന്നീ ഏഴു സോളോ ഗാനങ്ങൾ.
ജാനകിയമ്മയോടൊപ്പമുള്ള മദംപൊട്ടി ചിരിക്കുന്ന മാനം. ചിത്രത്തിലെ എട്ടു ഗാനങ്ങൾ പാടാനുള്ള ഭാഗ്യമുണ്ടായി എനിക്ക്. ഒന്നിനൊന്നു വ്യത്യസ്തമായ, അർഥസമ്പുഷ്ടമായ വരികളും സംഗീതവും.തമ്പി സിനിമാലോകത്തേക്ക് വരുന്നതിനു ഏറെ മുമ്പുതന്നെ ഒട്ടേറെ ഗാനങ്ങൾ പാടിയെങ്കിലും സമപ്രായക്കാരായ എന്റെയും തമ്പിയുടെയും സിനിമാ സംഗീതലോകത്തേക്കു തുറന്ന വലിയൊരു വാതിലായിരുന്നു ചിത്രമേള. സിനിമാഗാനം മാത്രമല്ല മനോഹരങ്ങളായ ലളിതഗാനങ്ങളും എനിക്കായി തമ്പി എഴുതി. ചിത്രമേളയുടെ വിജയത്തിനുശേഷം എച്ച്.എം.വി.യുടെ മധുരഗീതങ്ങൾ എന്ന സംഗീത ആൽബത്തിൽ ഒരു കരിമൊട്ടിന്റെ, കരിനീല കണ്ണുള്ള പെണ്ണേ തുടങ്ങിയ പന്ത്രണ്ടു ഗാനങ്ങളിൽ തമ്പിയുടെ വരികൾക്ക് ഈണമിട്ടത് ദക്ഷിണാമൂർത്തി സ്വാമിയായിരുന്നു. ഇതിന്റെ വിജയത്തിനുശേഷം മധുരഗീതങ്ങൾ രണ്ടാംഭാഗത്തിൽ അനുരാഗ ലോല നീ, മാലേയമണിയും, പണ്ട് പാടിയ തുടങ്ങിയ ഗാനങ്ങളിലും ഞങ്ങളുടെ പാട്ടുകൾ ഏറെ പ്രചാരം നേടി. തരംഗിണി പുറത്തിറക്കിയ ഉത്സവഗാനങ്ങൾ (1983) എന്ന ആൽബത്തിലെ ഉത്രാടപ്പൂനിലാവേ, പായിപ്പാട്ടാറ്റിൽ വള്ളംകളി തുടങ്ങിയ ഗാനങ്ങളിലും മുടിപ്പൂക്കൾ വാടിയാൽ, പാതിരാമയക്കത്തിൽ തുടങ്ങിയ ഗാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പോന്നോണതരംഗിണി(1992)യിലും തമ്പിയുടെ കൂട്ടായെത്തിയത് രവീന്ദ്രൻ ആയിരുന്നു.
സിനിമകളിൽ എത്രയെത്ര ഹിറ്റുകൾ ഞങ്ങൾ തീർത്തു… അകലെ അകലെ നീലാകാശം (മിടുമിടുക്കി), വൈക്കത്തഷ്ടമി, ചന്ദ്രികയിൽ അലിയുന്നു (ഭാര്യമാർ സൂക്ഷിക്കുക), പൗർണമി ചന്ദ്രിക (റെസ്റ്റ്ഹൗസ്), മനസ്സിലുണരൂ (മറുനാട്ടിൽ ഒരു മലയാളി), ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു (അയൽക്കാരി), സുഖമെവിടെ (വിലയ്ക്കു വാങ്ങിയ വീണ), ഈശ്വരനൊരിക്കൽ വിരുന്നിനു പോയി, സ്വർഗനന്ദിനീ (ലങ്കാദഹനം), പ്രിയതമേ പ്രഭാതമേ (പുഷ്പാഞ്ജലി), ചന്ദ്രബിംബം (പുള്ളിമാൻ), ജീവിതേശ്വരിക്കേകുവാനൊരു (ലേഡീസ് ഹോസ്റ്റൽ), കാലമൊരജ്ഞാത കാമുകൻ (കാലചക്രം), ആ നിമിഷത്തിന്റെ നിർവൃതിയിൽ (ചന്ദ്രകാന്തം), ഉഷസാം സ്വർണ (പദ്മരാഗം), സ്നേഹഗായികേ (പ്രവാഹം), മംഗളം നേരുന്നു (ഹൃദയം ഒരു ക്ഷേത്രം), സ്വന്തമെന്ന പദത്തിനെന്തർഥം (മോഹിനിയാട്ടം), രണ്ടു നക്ഷത്രങ്ങൾ (കന്യാദാനം), നീലാംബുജങ്ങൾ, ആഷാഢം മയങ്ങി (സത്യവാൻ സാവിത്രി), രാക്കുയിലിൻ (കാലചക്രം) എണ്ണിയാൽ തീരാത്ത അത്രയും അനശ്വരഗാനങ്ങൾ.
നിർമാണം, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം തുടങ്ങിയ മേഖലകളിലും തിളങ്ങിയ വ്യക്തിത്വത്തിനുടമയാണ് തമ്പി. പ്രകൃതിവർണന, തത്ത്വചിന്തകൾ, പ്രണയം, ഭക്തി, ശോകം തുടങ്ങി വ്യത്യസ്ത ഭാവങ്ങളിലുള്ള ഗാനങ്ങളാൽ മലയാള ചലച്ചിത്രലോകത്തെയും ലളിതഗാനശാഖയെയും സമ്പുഷ്ടമാക്കിയ കലാകാരൻ. ഇന്നും സാഹിത്യരചനയിലും വായനയിലും വ്യാപൃതനായ അദ്ദേഹത്തിന് ഇനിയും തന്റെ കഴിവുകളാൽ മലയാള ചലച്ചിത്രലോകത്തെയും സാഹിത്യലോകത്തെയും സമ്പന്നമാക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.
തമ്പിയുടെ യേശു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]