
നടനായും നിർമാതാവായും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് വിശാൽ. സംവിധായകനായി താരം ഉടൻ അരങ്ങേറിയേക്കുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിരിക്കുകയാണ് ഇപ്പോൾ. താൻ സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ പോവുകയാണെന്നും തുപ്പറിവാളൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരിക്കും ഇതെന്നും വിശാൽ എക്സിൽ പോസ്റ്റ് ചെയ്തു. ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് പുതിയ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.
25 വർഷങ്ങളായി മനസിൽ താലോലിച്ച സ്വപ്നമെന്നാണ് സംവിധായകവേഷമണിയുന്നതിനേക്കുറിച്ച് വിശാൽ പറഞ്ഞത്. തന്റെ സ്വപ്നം, ആഗ്രഹം, ജീവിതത്തിൽ തനിക്ക് എന്താവണമെന്ന ചിന്ത ഇപ്പോൾ യാഥാർത്ഥ്യമാവുകയാണ്. നവാഗത സംവിധായകനെന്ന ഏറെ വെല്ലുവിളികൾ നിറഞ്ഞ പുതിയൊരു ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്. തുപ്പറിവാളൻ 2 എന്ന ചിത്രത്തിന്റെ ജോലികൾക്കായി ലണ്ടൻ, അസർബൈജാൻ, മാൾട്ട എന്നിവിടങ്ങളിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കുകയാണെന്ന് എക്സിൽ വീഡിയോക്കൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പിൽ വിശാൽ അറിയിക്കുന്നു.
‘കഠിനാധ്വാനംചെയ്താൽ ഒരിക്കലും പരാജയപ്പെടില്ലെന്ന എന്റെ പിതാവ് ജി.കെ. റെഡ്ഡിയുടേയും നടൻ അർജുന്റെയും വാക്കുകൾ ഈയവസരത്തിൽ ഓർക്കുകയാണ്. എന്ത് വന്നാലും നിങ്ങളുടെ സ്വപ്നങ്ങൾ വാശിയോടെയും സ്ഥിരതയോടെയും പിന്തുടരുക. ഒരു ദിവസം അത് യാഥാർത്ഥ്യമാകും. നടനെന്ന നിലയിൽ എനിക്ക് നൽകിയ പിന്തുണ ഇനിയും തുടരണമെന്ന് അഭ്യർത്ഥിക്കുന്നു. എന്റെ സ്വപ്നം നേരത്തേ നിറവേറ്റാൻ സഹായിച്ചതിന് സംവിധായകൻ മിഷ്കിനോടുള്ള നന്ദി അറിയിക്കുന്നു. മറ്റൊരാളുടെ കുഞ്ഞിനെ യഥാർത്ഥ ജീവിതത്തിലോ സിനിമാ ജീവിതത്തിലോ ഒരിക്കലും ഉപേക്ഷിക്കില്ല. അത് ലക്ഷ്യസ്ഥാനത്ത് എത്തിക്കും സർ.’ വിശാൽ കുറിച്ചു.
മിഷ്കിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ചിത്രമാണ് തുപ്പറിവാളൻ. വിശാൽ, പ്രസന്ന, വിനയ് റായ്, ആൻഡ്രിയ, അനു ഇമ്മാനുവൽ എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ. കുറ്റാന്വേഷണചിത്രമായെത്തിയ തുപ്പറിവാളൻ ബോക്സോഫീസിൽ വലിയ വിജയം സ്വന്തമാക്കി. ഇതിന്റെ രണ്ടാംഭാഗം ഒരുക്കാൻ മിഷ്കിനും വിശാലും ശ്രമിക്കുന്നതിനിടെ അഭിപ്രായ വ്യത്യാസമുണ്ടാവുകയും പ്രോജക്റ്റിൽ നിന്ന് മിഷ്കിൻ പിന്മാറുകയും ചെയ്തിരുന്നു. തുടർന്നാണ് വിശാൽ ഈ ചിത്രം സംവിധാനം ചെയ്യാൻ മുന്നോട്ടുവന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]