
നിര്‍മാതാക്കളുടെ സംഘടന വക്കീല്‍ നോട്ടീസ് അയച്ച സംഭവത്തില്‍ പ്രതികരണവുമായി അഭിനേതാക്കളുടെ സംഘടനായ അമ്മ’യുടെ അഡ്-ഹോക് കമ്മിറ്റി ഭാരവാഹി ജയന് ചേര്‍ത്തല. താന്‍ സത്യമേ പറഞ്ഞിട്ടുള്ളൂവെന്നും മാറ്റിപ്പറയേണ്ട കാര്യങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനയില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ ബലത്തിലാണ് താന്‍ സംസാരിച്ചത്. വക്കീല്‍ നോട്ടസീന് ‘അമ്മ’യുടെ അഭിഭാഷകന് പ്രതികരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘ഞാന്‍, ജയനെന്ന വ്യക്തി സംഘടനയെ പ്രതിനിധാനം ചെയ്തുവരുന്ന ആളാണ്. നമുക്ക് ആ സംഘടനയില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ ബലത്തിലാണ് സംസാരിക്കുന്നത്. അത് എന്റെ അറിവില്‍ സത്യസന്ധമായ കാര്യങ്ങളാണ്. അങ്ങനെയൊരു പ്രശ്നമുണ്ടാവുമ്പോള്‍, വക്കീല്‍ നോട്ടീസ് ലഭിക്കുമ്പോള്‍ ആദ്യം സംഘടന തന്നെയാണ് ഇടപെടുന്നത്. സംഘടന അത് ഏറ്റെടുക്കും. സംഘടന അറിയാത്ത ഒന്നും ജയന് എന്ന സാധാരണക്കാരനോ അഭിനേതാവോ സ്വന്തം ഭാഷയില്‍ ഒന്നും നിര്‍മിച്ചെടുക്കുകയോ ചെയ്തിട്ടില്ലെന്നും ‘അമ്മ’യ്ക്ക് കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ സംഘടന ഡീല്‍ ചെയ്തോളും’, ജയന് ചേര്‍ത്തല പറഞ്ഞു.
ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ഒരിക്കലും സിനിമ മേഖലയ്ക്ക് നല്ലതല്ല. സിനിമയില്‍ നിര്‍മാതാക്കളുടെ സംഘടന വേണം, എക്സിബിറ്റര്‍മാരുടെ സംഘടന വേണം, ടെക്നീഷ്യന്‍സിന്റേയും അഭിനേതാക്കളുടേയും സംഘടന വേണം. പക്ഷേ, അത് പരസ്പര ബഹുമാനത്തോടെ പോകണം. എവിടെയൊക്കെയോ വെച്ച് പരസ്പരബഹുമാനം ഇല്ലാതായി. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. എല്ലാവരും സിനിമയെ ആവശ്യമുള്ളവരാണ്. ഇപ്പോഴത്തേത് വികാരത്തിന് പുറത്തുള്ള പ്രശ്നമാണ്. അത് തണുക്കുമെന്ന് തന്നെയാണ് വിശ്വാസമെന്നും അദ്ദേഹം പ്രതീക്ഷപ്രകടിപ്പിച്ചു.
തര്‍ക്കം പാടില്ലാത്തതാണ്. ചിലര്‍ ചില കാര്യങ്ങള്‍ പറയുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ പറ്റാത്തതുകൊണ്ട് പ്രതികരിച്ചുപോവുന്നതാണ്. പറഞ്ഞ വസ്തുതകള്‍ സത്യം തന്നെയാണ്. സംഘടനയുടെ നേതാക്കളുമായി സംസാരിച്ചാണ് പ്രതികരിച്ചത്. സംഘടനയ്ക്ക് വക്കീലുണ്ട്. വക്കീല്‍ പ്രതികരിക്കുമെന്നും ജയന് ചേര്‍ത്തല വ്യക്തമാക്കി.
ഞാനൊരു സൂപ്പര്‍സ്റ്റാര്‍ പോലും അല്ലാത്ത ആളാണ്. എന്നെ എന്തിനാണ് ടാര്‍ജറ്റ് ചെയ്യുന്നത്. വ്യക്തിപരമായ ആക്രമണമായി കാണുന്നേയില്ല. എനിക്കെതിരെയുള്ള അജന്ഡയായൊന്നും ഞാന്‍ കാണുന്നില്ല. സത്യമേ പറഞ്ഞിട്ടുള്ളൂ, മാറ്റിപ്പറയേണ്ട കാര്യങ്ങളില്ലെന്നും താങ്കളെ ലക്ഷ്യംവെച്ചുള്ള നീക്കമാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ജയന് ചേര്‍ത്തല പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]