
‘എവിടെ ത്യാഗരാജന്?’ ടീച്ചറുടെ അലര്‍ച്ചയില്‍ ക്ലാസ് നടുങ്ങി. നട്ടുച്ചയ്ക്ക് കണക്കുടീച്ചര്‍ ചൂരലുമായി തിടുക്കത്തില്‍ വന്നതു കണ്ട നാലാം ക്ലാസിലെ കുട്ടികള്‍ വല്ലാതെ ഭയന്നു.
‘ത്യാഗരാജന് സ്റ്റാന്‍ഡ് അപ്!’ വാക്കുകളുടെ മൂര്‍ച്ചയേറ്റ് പിന്‍ബെഞ്ചില്‍നിന്ന് അവന് പതിയെ എഴുന്നേറ്റു.
ടീച്ചര്‍ അവന്റെ മുഖത്തേക്ക് രൂക്ഷമായി നോക്കിക്കൊണ്ടു പറഞ്ഞു: ‘ഹെഡ്മാസ്റ്റര് വിളിക്കുന്നുണ്ട്. വാ, എന്റെ കൂടെ.’
ടീച്ചര്‍ക്കു പിറകെ പേടിയോടെ അവന് നടന്നു.
എന്തിനാണിപ്പോള്‍ ഹെഡ്മാസ്റ്റര് വിളിക്കുന്നത്? തല്ലു കൊള്ളാന്‍ മാത്രം എന്താണ് ചെയ്തത്? എത്ര ആലോചിച്ചിട്ടും അവന് ഒന്നും പിടികിട്ടിയില്ല. ഓഫീസ് മുറിയിലെത്തിയപ്പോള്‍ ഹെഡ്മാസ്റ്ററുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ആറിലും ഏഴിലും പഠിക്കുന്ന കൂട്ടുകാര്‍ നിന്നു പതറുന്നതാണ് കണ്ടത്. ടീച്ചര്‍ പറഞ്ഞു: ‘സാര്‍, ഇവനാണ് ത്യാഗരാജന്.’ അവനെ അടിമുടി നോക്കിക്കൊണ്ട് ഹെഡ്മാസ്റ്റര് ചോദിച്ചു: ‘അപ്പോള്‍ പാട്ടുപാടലല്ല, തല്ലുകൂടലാണല്ലേ നിന്റെ ജോലി?’
‘ഞാന്‍ പാടാറില്ല സാര്‍.’
അവന് മറുപടി പറഞ്ഞപ്പോള്‍ കനത്ത ശബ്ദത്തില്‍ അടുത്ത ചോദ്യം: ‘പിന്നെ ആരാണ് നിനക്ക് ത്യാഗരാജന് എന്നു പേരിട്ടത്?’
‘അറിയില്ല സാര്‍.’ ഭയവും സങ്കടവും കലര്‍ന്ന് അവന്റെ ഒച്ച പതറി.
‘എന്നാല്‍ നിനക്ക് പേരിട്ട ആളെ കൂട്ടി വാ; അതിനുശേഷം ക്ലാസില്‍ കയറിയാല്‍ മതി!’
ഹെഡ്മാസ്റ്ററുടെ സുഗ്രീവാജ്ഞ. നിറകണ്ണുകളോടെയാണ് അവന് സ്കൂളില്നിന്നിറങ്ങിയത്.
പതിവിലും നേരത്തെ വീട്ടിലെത്തിയ മകനെ കണ്ട് അമ്മ ചോദിച്ചു: ‘ഇന്നെന്താ സ്കൂളില്ലേ?’
ഒരു ചോദ്യമായിരുന്നു അവന്റെ മറുപടി.
‘അമ്മേ, എനിക്ക് ത്യാഗരാജന് എന്നു പേരിട്ടത് ആരാണ്?’
‘അച്ഛന്’ അമ്മയുടെ ഉത്തരവും വളരെ പെട്ടെന്ന്. ‘എനിക്കു പേരിട്ട ആളെയും കൂട്ടി നാളെ സ്കൂളില്‍ വന്നാല്‍ മതിയെന്ന് ഹെഡ്മാസ്റ്റര് പറഞ്ഞു.’
‘അതിന് നീ എന്തു തെറ്റാണ് ചെയ്തത്; കൂട്ടുകാരുമായി വഴക്കുണ്ടാക്കിയോ, ടീച്ചര്‍മാരോട് അനുസരണക്കേട് കാണിച്ചോ?’ ഒരുപാട് ചോദ്യങ്ങള്‍ അമ്മ ചോദിച്ചുകൊണ്ടിരുന്നു.
ഒന്നിനും ഉത്തരം നല്കാന് അവനായില്ല. കാരണം, ഒരു തെറ്റും അവന് ചെയ്തിരുന്നില്ല.
രാത്രി അച്ഛന് വന്നപ്പോള്‍ അമ്മ കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. അച്ഛന് അവനോടൊന്നും ചോദിച്ചില്ല. അത്താഴം അച്ഛന്‍തന്നെ വാരിക്കൊടുത്തു. ഇളയകുട്ടിയായതിനാല്‍ അച്ഛനും അമ്മയ്ക്കുമൊപ്പമായിരുന്നു അവന്റെ ഉറക്കം. അരികില്‍ കിടക്കവെ അവനെ തലോടിക്കൊണ്ട് അച്ഛന് ചോദിച്ചു: ‘എന്റെ മോന് സ്കൂളില്‍ എന്തെങ്കിലും വികൃതി കാണിച്ചോ?’ അച്ഛന്റെ നെഞ്ചിലേക്ക് ചേര്‍ന്നുകൊണ്ട് അവന് മറുപടി നല്കി: ‘ഇല്ലച്ഛാ, ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല.’
‘മോന് ഒന്നുകൂടി ആലോചിച്ചു നോക്ക്, സ്കൂളില്‍ ആരെങ്കിലുമായി വഴക്കു കൂടിയിരുന്നോ?’
‘ഇല്ലച്ഛാ’ അവന് ഉറപ്പിച്ചു പറഞ്ഞു.
പെട്ടെന്നാണ് ആറാം ക്ലാസിലെ ശരവണന്റെയും ഏഴാം ക്ലാസിലെ മുരുകന്റെയും മുഖം അവന്റെ ഓര്‍മ്മയിലേക്ക് തെളിഞ്ഞുവന്നത്. രാവിലെ സ്കൂളിലേക്കുള്ള വഴിയില്‍വെച്ച് രണ്ടുപേരും തമ്മില്‍ പൊരിഞ്ഞ തല്ലുണ്ടായി. കൂട്ടുകാരെല്ലാവരും അത് കണ്ടാസ്വദിക്കുകയായിരുന്നു. മുരുകനും ശരവണനും അവന്റെ അയല്‍വാസികളാണ്. നാലു നേരം ഭക്ഷണം കഴിക്കാന്‍ പോലും വകയില്ലാത്തവര്‍. പല ദിവസങ്ങളിലും രാവിലെ ഒന്നും കഴിക്കാതെയാണ് അവര്‍ സ്കൂളിലെത്താറുള്ളത്. അവരുടെ വീട്ടുകാര്‍ക്ക് അമ്മ അരിയും ഭക്ഷണസാധനങ്ങളും കൊടുക്കുന്നത് പലപ്പോഴും അവന് കണ്ടിട്ടുണ്ട്. ശരവണനും മുരുകനും അടികൂടുന്നതു കണ്ട് ഓടിച്ചെന്ന് അവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച അവനെ തള്ളിയിട്ട് ഇരുവരും വീണ്ടും അടി തുടങ്ങി. തല്ലുണ്ടാക്കരുതെന്ന് പല തവണ പറഞ്ഞിട്ടും കേട്ടില്ല. ഒടുവില്‍ കൈയില്‍ കിട്ടിയ കമ്പുമായി അവര്‍ക്കിടയിലേക്ക് അവന് ചാടിവീണു. ഇനിയും അടി തുടര്‍ന്നാല്‍ രണ്ടുപേരെയും അടിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി നോക്കി. എന്നാല്‍ വീണ്ടും തന്നെ തള്ളിയിടാന്‍ ശ്രമിച്ച അവര്‍ക്കു നേരെ അവന് ആ കമ്പ് വീശി. അതോടെ അവര്‍ രണ്ടുപേരും ഒഴിഞ്ഞുമാറി. അപ്പോഴാണ് സ്കൂള്‍ മണി മുഴങ്ങുന്നതു കേട്ടത്. പുസ്തകക്കെട്ടുമെടുത്ത് മുരുകനും ശരവണനും സ്കൂളിലേക്കോടി. പിന്നാലെ മറ്റു കൂട്ടുകാര്‍ക്കൊപ്പം അവനും. പെട്ടെന്ന് ഓര്‍മ്മവന്ന ഇക്കാര്യങ്ങളും അവന് അച്ഛനോട് പറഞ്ഞു.
‘എന്റെ മോന് അവരെ തല്ലിയിരുന്നോ?’ അതായിരുന്നു അച്ഛന് അറിയേണ്ടിയിരുന്നത്.
‘ഇല്ലച്ഛാ… കമ്പു വീശി അവരെ പേടിപ്പിക്കുക മാത്രമാണ് ചെയ്തത്. അല്ലെങ്കില്‍ അവര്‍ തല്ലുകൂടി ചത്തുപോകുമായിരുന്നു.’
ഇതു കേട്ടയുടന്‍ അച്ഛന് അവനെ ചേര്‍ത്തുപിടിച്ച് ഒരുമ്മ കൊടുത്തു. ഉറങ്ങാന്‍ കിടന്ന അവന്റെയുള്ളില്‍ ഒരു ചോദ്യം അവശേഷിക്കുന്നുണ്ടായിരുന്നു. മടിച്ചുമടിച്ച് അവന് അച്ഛനോട് ചോദിച്ചു: ‘അച്ഛനല്ലേ എനിക്ക് ത്യാഗരാജന് എന്നു പേരിട്ടത്; ത്യാഗരാജന് എന്നു പറഞ്ഞാല്‍ എന്താണര്‍ത്ഥം?’
ചിരിച്ചുകൊണ്ടുള്ള അച്ഛന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘മുരുകനെയും ശരവണനെയും ഇന്ന് മോന് സഹായിച്ചില്ലേ, അവരെ രക്ഷിച്ചില്ലേ… അങ്ങനെ മറ്റുള്ളവര്‍ക്കുവേണ്ടി ത്യാഗം ചെയ്യാന്‍ മനസ്സുള്ളവനാണ് ത്യാഗരാജന്. അതാണ് മോന്റെ പേരിന്റെ അര്‍ത്ഥം.’
എന്നിട്ടും അവനു സംശയം ബാക്കിയായി: ‘അപ്പോള്‍ ‘പാട്ടു പാടലല്ല നിന്റെ ജോലി’ എന്ന് ഹെഡ്മാസ്റ്റര് പറഞ്ഞത് എന്തുകൊണ്ടാണ്?’
അതിന് അച്ഛന് ഉത്തരം നല്‍കിയില്ല. ‘മോനുറങ്ങിക്കോ. ബാക്കിയെല്ലാം നാളെപ്പറയാം.’
ആ രാത്രി അവന് ഉറക്കം വന്നില്ല. ഹെഡ്മാസ്റ്ററുടെ വാക്കുകള്‍ ആ കുഞ്ഞു കാതുകളില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു. ‘പാട്ടു പാടലല്ല… തല്ലു കൂടലാണ്…’ പാട്ട്, തല്ല്…. തല്ല്, പാട്ട്… പാട്ടും തല്ലും തമ്മിലെന്താണ് ബന്ധം? പലവട്ടം ആ കുഞ്ഞുമനസ്സ് ചോദിച്ചുകൊണ്ടേയിരുന്നു. രാത്രിയിലെപ്പോഴോ അവന് ഉറക്കത്തിലാണ്ടു.
പിറ്റേന്ന് കാലത്ത് അച്ഛനൊപ്പമാണ് ത്യാഗരാജന് സ്കൂളില്‍ എത്തിയത്. ഹെഡ്മാസ്റ്ററോട് അച്ഛന് പറഞ്ഞു: ‘ഇത് എന്റെ മോനാണ്, ത്യാഗരാജന്. ഇവന് പേരിട്ടത് ഞാനാണ്.’
ഹെഡ്മാസ്റ്റര് അദ്ദേഹത്തോട് ഇരിക്കാന്‍ പറഞ്ഞശേഷം മുരുകനെയും ശരവണനെയും മറ്റു ചില കുട്ടികളെയും വിളിപ്പിച്ചു. തലേന്നു നടന്ന സംഭവത്തെക്കുറിച്ച് ഓരോരുത്തരായി പറഞ്ഞു. എല്ലാം കേട്ടശേഷം ഹെഡ്മാസ്റ്റര് ചോദിച്ചു: ‘അപ്പോള്‍ ത്യാഗരാജന് ഈ തല്ലില്‍ ഉണ്ടായിരുന്നില്ലേ?’
‘ഇല്ല സാര്‍, ത്യാഗരാജന് വന്ന് കമ്പെടുത്തു വീശിയതുകൊണ്ടു മാത്രമാണ് ഞങ്ങള്‍ തല്ല് നിര്‍ത്തിയത്,’ മുരുകനാണ് മറുപടി നല്‍കിയത്.
‘പിന്നെ ആരാണ് ത്യാഗരാജനുമായിട്ടാണ് തല്ലുകൂടിയതെന്ന് പറഞ്ഞത്?’ ഹെഡ്മാസ്റ്റര് ചോദിച്ചു.
മുരുകനും ശരവണനും തല്ലുകൂടുന്നിടത്തേക്ക് കമ്പുമായി ചാടിവീണ അവനെ കണ്ട കുട്ടികളില്‍ ചിലര്‍ കരുതി ത്യാഗരാജനും കൂടി ചേര്‍ന്നാണ് അടികൂടിയതെന്ന്. അവരതുപോലെ ഹെഡ്മാസ്റ്ററോടും ടീച്ചറോടും പറഞ്ഞു. രക്ഷകനായെത്തിയവന് കുറ്റക്കാരനുമായി. ഹെഡ്മാസ്റ്ററോട് അച്ഛന് പറഞ്ഞു: ‘സാറിനിപ്പോള്‍ മനസ്സിലായല്ലോ എന്റെ മകന് നിരപരാധിയാണെന്ന്. ത്യാഗരാജന് എന്ന പേരുള്ളവരെല്ലാം പാട്ടുകാരല്ല, തല്ലുകൂടുന്നവരുമല്ല. തെറ്റു പറ്റിയാല്‍ അതു കുട്ടികളെ ബോദ്ധ്യപ്പെടുത്തി അവരെ നേര്‍വഴിക്ക് നയിക്കണം. അല്ലാതെ കാര്യങ്ങള്‍ മനസ്സിലാക്കാതെ കുട്ടികളുടെ പേരിന്റെ അര്‍ത്ഥവും ആ പേര് നല്കിയവരെയും തിരഞ്ഞു നടക്കലാവരുത് സാറിന്റെ ജോലി.’ ഇതും പറഞ്ഞ് അച്ഛന് അവനെയും കൂട്ടി സ്കൂളില്‍നിന്ന് ഇറങ്ങി.
വീട്ടിലേക്ക് തിരിച്ചുനടക്കുമ്പോള്‍ അച്ഛനോട് ത്യാഗരാജന് ചോദിച്ചു: ‘ഇന്ന് ക്ലാസില്‍ പോകണ്ടേ അച്ഛാ?’
‘മോനിന്ന് പോകേണ്ട, നമുക്കിന്ന് മറ്റൊരു സ്ഥലം വരെ പോകാനുണ്ട്. അവിടെ അച്ഛന് ഒരാളെ മോന് പരിചയപ്പെടുത്തിത്തരാം.’
‘ആരെയാണച്ഛാ?’
‘അദ്ദേഹം വലിയ പാട്ടുകാരനണ്, പേര് ത്യാഗരാജന്… ത്യാഗരാജ ഭാഗവതര്‍.’
ആ മറുപടി കേട്ട് അവന് തന്നോടുതന്നെ ചോദിച്ചു, അപ്പോള്‍ അതാണോ ഹെഡ്മാസ്റ്റര് പറഞ്ഞ പാട്ടുകാരന്? അച്ഛന്റെ കൈ പിടിച്ച് അവന് ആ വേഗത്തിനൊപ്പം നടന്നു.
അന്ന് സന്ധ്യയ്ക്ക് ആമ്പൂരിലെ നിറഞ്ഞുകവിഞ്ഞ ഒരു സദസ്സിലേക്ക് അച്ഛന് അവനെ കൂട്ടിക്കൊണ്ടുപോയി. നാട്ടുകാരുടെ ഏതാവശ്യത്തിനും എപ്പോഴും മുന്നിരയിലുണ്ടായിരുന്നതിനാല് ആ സദസ്സില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ഒരുപാടു പേരുണ്ടായിരുന്നു. സദസ്സിന്റെ മുന്‍നിരയില്‍ത്തന്നെ അച്ഛനും മകനും ഇരിപ്പിടം കിട്ടി. അവനെ ചേര്‍ത്തുപിടിച്ചുകൊണ്ട് അച്ഛന് പറഞ്ഞു: ‘മോന് ത്യാഗരാജ ഭാഗവതരെ കാണണ്ടേ? നമ്മള് അദ്ദേഹത്തിന്റെ കച്ചേരി കേള്‍ക്കാനാണ് വന്നത്. നാളെ ആരെങ്കിലും ചോദിക്കുമ്പോള്‍ മോന് പറയാമല്ലോ, ഞാന്‍ പാട്ടുകാരനല്ലെങ്കിലും ത്യാഗരാജ ഭാഗവതരുടെ കച്ചേരി കേട്ടിട്ടുണ്ടെന്ന്.’ അച്ഛന്റെ മടിയിലിരുന്ന് അവന് കച്ചേരി കേട്ടു. ഭാഗവതരെ നേരില്‍ക്കണ്ടു. മണിക്കൂറുകള്‍ നീണ്ട കച്ചേരിക്കൊടുവില്‍ അച്ഛന് അവനെയും കൂട്ടി സ്റ്റേജിലേക്കു കയറി. ഭാഗവതരുടെ അനുഗ്രഹം വാങ്ങാനായിരുന്നു അതെന്ന് അവന് ആദ്യം മനസ്സിലായില്ല. അച്ഛനെ ഭാഗവതര്‍ക്ക് നേരെത്തെ അറിയാമായിരുന്നു. അച്ഛന് അവനെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. പേര് ചോദിച്ചപ്പോള്‍ അവന് പറഞ്ഞു: ‘ത്യാഗരാജന്.’
തെല്ലൊരദ്ഭുതത്തോടെ ഭാഗവതര്‍ അച്ഛനെയും മകനെയും മാറി മാറി നോക്കി. പിന്നെ നിറഞ്ഞ പുഞ്ചിരിയോടെ ആ കുഞ്ഞുശിരശ്ശില് കൈവെച്ച് അനുഗ്രഹിച്ചു. സപ്തസ്വരങ്ങള്‍ അലിഞ്ഞുചേര്‍ന്ന മധുരശബ്ദത്താല്‍ ഭാഗവതര്‍ പറഞ്ഞു: ‘നന്നായി വരും.’
അച്ഛന്റെയും മകന്റെയും മനസ്സും കുളിര്‍ത്തു.
ത്യാഗരാജൻ മാസ്റ്ററുടെ അച്ഛനും അമ്മയും
കച്ചേരി കഴിഞ്ഞ് രാത്രി ഏറെ വൈകിയാണ് വീട്ടിലെത്തിയത്. ഭക്ഷണം വാരിക്കൊടുക്കുന്നതിനിടയില്‍ അമ്മ ത്യാഗരാജന് എന്ന പേരിനു പിന്നിലെ കൂടുതല്‍ കഥകള്‍ അവന് പറഞ്ഞുകൊടുത്തു. ത്യാഗരാജന്റെ അച്ഛന് ത്യാഗരാജ ഭാഗവതരുടെ കടുത്ത ആരാധകനായിരുന്നു. ഭാഗവതരോട് വലിയ സ്നേഹമായിരുന്നു അദ്ദേഹത്തിന്. ഭാഗവതരുടെ കച്ചേരി എവിടെയുണ്ടെങ്കിലും അദ്ദേഹം പോകും. ആ സംഗീതത്തോടുള്ള ഇഷ്ടമാണ് അവന് ത്യാഗരാജന് എന്നു പേരിടാന്‍ അദ്ദേഹത്തെ േ്രപരിപ്പിച്ചത്. അന്ന് നാട്ടില്‍ വിവാഹമുണ്ടായാല്‍ പേരിനും പ്രശസ്തിക്കും വേണ്ടി ആളുകള്‍ ത്യാഗരാജ ഭാഗവതരുടെ കച്ചേരി വെച്ചിരുന്നു. ഭാഗവതരുടെ കച്ചേരിയുള്ള കല്യാണമാണെങ്കില് അത് നടത്തുന്നയാള്‍ ആ ജില്ലയിലെ അറുപതു വില്ലേജിലും അറിയപ്പെടും. ഈ പ്രശസ്തിക്കു വേണ്ടി സമ്പന്നരല്ലാത്തവര്‍ പോലും ഭാഗവതരുടെ കച്ചേരി നടത്തിയിരുന്നു. അച്ഛനൊപ്പം അത്തരം പല കല്യാണച്ചടങ്ങുകളിലും കുട്ടിക്കാലത്ത് അവന് പങ്കെടുത്തിട്ടുണ്ട്. അങ്ങനെ നാലോ അഞ്ചോ സ്ഥലങ്ങളില്‍വെച്ച് ഭാഗവതരുടെ കച്ചേരി കേള്‍ക്കാനുള്ള ഭാഗ്യം അവനുണ്ടായി.
ത്യാഗരാജ ഭാഗവതരോടുള്ള ആരാധനയാല്‍ മകന് ത്യാഗരാജന് എന്ന പേരിട്ടെങ്കിലും അവനൊരിക്കലും ഭാഗവതരാകണമെന്ന് അച്ഛനാഗ്രഹിച്ചിരുന്നില്ല. സ്വന്തം വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അച്ഛന് അവനു നല്കി. അതുകൊണ്ടുതന്നെ ത്യാഗരാജ ഭാഗവതരുടെ അനുഗ്രഹം ലഭിച്ചിട്ടും അവന് പാട്ടുകാരനായില്ല. ജീവന് പണയംവെച്ചുള്ള ജീവിതമാര്‍ഗ്ഗമാണ് അവനെ കാത്തിരുന്നത്. ഒരര്‍ത്ഥത്തില്‍, ഹെഡ്മാസ്റ്റര് പറഞ്ഞപോലെ, തല്ലുകൂടലിന്റെ ലോകം. സാഹസികതകള്‍ മാത്രം കൂട്ടിനുണ്ടായിരുന്ന ജീവിതയാത്ര.
(തുടരും….)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]