മോഷ്ടാവ് കുത്തിപ്പരിക്കേൽപ്പിച്ച ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ചതിനേക്കുറിച്ച് പങ്കുവെച്ച് ഓട്ടോഡ്രൈവർ. സാധാരണ അടിപിടി കേസാണെന്ന് കരുതിയാണ് നിലവിളി കേട്ടപ്പോള്‍ പോയതെന്നും സെയ്ഫ് അലിഖാനാണ് പരിക്കേറ്റതെന്ന് ആദ്യം അറിയില്ലായിരുന്നുവെന്നും ഓട്ടോ ഡ്രൈവര്‍ ബജന്‍ സിങ് റാണ പറഞ്ഞു. ബജന്റെ സമയോചിത ഇടപെടലിലൂടെയാണ് സെയ്ഫ് അലിഖാനെ വേഗത്തില്‍ ആശുപത്രിയിലെത്തിച്ചത്. ഇന്ത്യ ടുഡേക്ക് നല്കിയ അഭിമുഖത്തിലാണ് ബജന്‍ അനുഭവം വ്യക്തമാക്കിയത്.
ഗേറ്റിനടുത്ത് ശബ്ദം കേട്ട് ഞാന്‍ ഓടിപോവുകയായിരുന്നു. ഒരു സ്ത്രീ ഗേറ്റിന് അരികെ നിന്ന് ഓട്ടോറിക്ഷ ആവശ്യപ്പെട്ട് നിലവിളിച്ചു കരയുകയാണ്. എന്തോ അടിപിടി കേസാണെന്ന് കരുതിയാണ് അങ്ങോട്ട് പോയത്. സെയ്ഫ് അലിഖാനെ പ്രതീക്ഷിച്ചിരുന്നില്ല- ബജന്‍ പറയുന്നു. സെയ്ഫ് അലിഖാന് രക്തം വാര്‍ന്നു കൊണ്ട് ഓട്ടോയിലേക്ക് നടന്നുകയറുകയായിരുന്നുവെന്നും ബജന്‍ പറയുന്നു.
മുറിവേറ്റ സെയ്ഫ് അലിഖാന് ഓട്ടോയിലേക്ക് നടന്നുകയറി ഇരുന്നു. ഒരു ചെറിയ കുട്ടിയും മറ്റൊരാളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. എത്ര സമയം കൊണ്ട് ആശുപത്രിയിലേക്ക് എത്തുമെന്നായിരുന്നു സെയ്ഫ് ആദ്യം ചോദിക്കുന്നത്. പത്തുമിനിറ്റിനുള്ളില്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചു. കഴുത്തില്‍ നിന്നും പുറകുവശത്ത് നിന്നും രക്തം വാര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വസ്ത്രം രക്തം കൊണ്ട് കുതിര്‍ന്നിരുന്നു. ഞാന്‍ ഓട്ടോ പൈസ വാങ്ങിയില്ല. അദ്ദേഹത്തെ ആ സമയത്ത് സഹായിക്കാന്‍ പറ്റിയതില്‍ സന്തോഷമുണ്ട്.- ബജന്‍ പറയുന്നു
സെയ്ഫിന്റെ നില ഭേദപ്പെട്ടുവരികയാണെന്നും, അദ്ദേഹത്തിന് നടക്കാന്‍ സാധിക്കുന്നുണ്ടെന്നും മറ്റ് പ്രശ്നങ്ങളോ അമിതമായ വേദനയോ ഇല്ലെന്നും മുംബൈയിലെ ലീലാവതി ആശുത്രിയിലെ ഡോ. നിതിന്‍ നാരായണന് ഡാങ്കേ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ശരീരം തളര്ന്നുപോവുമെന്ന ആശങ്കവേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പരിക്കേറ്റശേഷം ആശുപത്രിയിലെത്തുമ്പോള്‍ അദ്ദേഹം ചോരയില്‍ കുളിച്ചിരുന്നുവെന്നും പക്ഷേ ഒരു സിംഹത്തെ പോലെയാണ് അദ്ദേഹം മകന് തൈമൂറിനൊപ്പം ആശുപത്രിയിലേക്ക് നടന്നുവന്നതെന്നും ലീലാവതി ആശുപത്രിയി മേധാവി നീരജ് ഉത്താമണി പറഞ്ഞു. സ്ട്രെക്ച്ചര്‍ പോലും ഉപയോഗിച്ചിരുന്നില്ലെന്നും യഥാര്‍ത്ഥ ഹീറോയാണ് അദ്ദേഹമെന്നും ഉത്താമണി പറഞ്ഞു. അദ്ദേഹത്തിന് ശരിക്കും ഭാഗ്യമുണ്ടെന്നും കത്തി ഒരു രണ്ട് മില്ലീമീറ്റര്‍ ആഴ്ന്നിരുന്നുവെങ്കില് ഗുരുതരമായ പരിക്കേല്‍ക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. കുട്ടികളുടെ മുറിയില്‍ കള്ളന് കയറിയെന്ന് സഹായികളില്‍ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശരീരത്തില്‍ ആറ് തവണയാണ് കുത്തേറ്റത്. വീട്ടുജോലിക്കാരിയുടെ കൈയിലും പരിക്കേറ്റിട്ടുണ്ട്.വീട്ടിലെ ഫയര്‍ എസ്കേപ്പ് ഗോവണിയിലൂടെയാണ് പ്രതി വീടിനകത്ത് കയറിപ്പറ്റിയതെന്നാണ് പോലീസിന്റെ അനുമാനം. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
2012ല്‍ വിവാഹിതരായ കരീന കപൂറും സെയ്ഫ് അലി ഖാനും മുംബൈ ബാന്ദ്ര വെസ്റ്റിലെ സത്ഗുരു ശരണ്‍ കെട്ടിടത്തിലാണു താമസം. മക്കളായ തൈമൂര്‍ (8), ജെഹ് (4) എന്നിവരും കൂടെയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]