ബോളിവുഡ് താരം കങ്കണ റണൗട്ട് സംവിധാനം ചെയ്ത് മുഖ്യവേഷത്തിലെത്തുന്ന ചിത്രം എമർജൻസി വെള്ളിയാഴ്ചയാണ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് ശിരോമണി ഗുര്ദ്വാര പര്‍ബന്ദക് കമ്മിറ്റി(എസ്.ജി.പി.സി) രംഗത്തെത്തിയിരുന്നു. പഞ്ചാബില്‍ ചിലയിടങ്ങളില്‍ സിനിമയുടെ പ്രദര്‍ശനത്തിന് നിയന്ത്രണവുമുണ്ടായിരുന്നു. സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് വിവിധ സിഖ് മതസംഘടനകൾ പ്രതിഷേധവുമായെത്തിയത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് കങ്കണ റണൗട്ട്. സിനിമ പ്രദര്‍ശനത്തിലെ നിയന്ത്രണം കലയോടും കലാകാരന്മാരോടുമുള്ള അവഹേളനമാണെന്ന് കങ്കണ പറഞ്ഞു.
എനിക്ക് എല്ലാ മതങ്ങളോടും ബഹുമാനമാണുള്ളത്. ചണ്ഡീഗഢില്‍ പഠിച്ച് വളര്‍ന്ന ഒരാളെന്ന നിലയില്‍ ഞാന്‍ സിഖ് മതത്തെ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ട്. ഇത് പൂര്‍ണമായും കളവാണ്. തന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനും സിനിമയെ മോശമായി ചിത്രീകരിക്കാനുമുള്ള അജണ്ടയാണെന്നും കങ്കണ എക്സില്‍ കുറിച്ചു.ഇത് കലയോടും കലാകാരന്മാരോടുമുള്ള അവഹേളനമാണ്. പഞ്ചാബിലെ ചില നഗരങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഈ ആളുകള്‍ അനുവദിക്കുന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.
സിനിമ സിഖ് മതക്കാരെ മോശമാക്കി ചിത്രീകരിക്കുന്നുണ്ടെന്നും പഞ്ചാബിലെ ജനങ്ങളെ അപകീര്‍ത്തിപ്പെടുന്നതാണെന്നും ആരോപിച്ചാണ് എമര്ജന്സിക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്. എസ്.ജി.പി.സി അധ്യക്ഷന്‍ ഹര്‍ജിന്ദര്‍ സിങ് പഞ്ചാബ് മുഖ്യമന്ത്രിക്ക് സിനിമ വിലക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതുകയും ചെയ്തിരുന്നു. പ്രതിഷേധത്തിന് പിന്നാലെ ലുധിയാന, അമൃത്സര്‍, പാട്യാല എന്നിവിടങ്ങളിലെ ചില കേന്ദ്രങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നില്ല. സിനിമയുടെ പ്രദര്‍ശനത്തോടനുബന്ധിച്ച് പല തിയേറ്ററുകള്‍ക്ക് പുറത്തും പോലീസിനെ വിന്യസിച്ചിരുന്നു.
സെന്‍സര്‍ ബോര്‍ഡിന്റെ പുനഃപരിശോധനാ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് സിനിമയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്ന് നിര്‍മാണക്കമ്പനിയായ സീ സ്റ്റുഡിയോസ് ബോംബെ ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് സിനിമയ്ക്ക് പ്രദർശനാനുമതി ലഭിച്ചത്. സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിക്കാന്‍ ഏകദേശം 13 മാറ്റങ്ങളാണ് ബോര്‍ഡ് നിര്‍ദേശിച്ചത്. ഈ മാറ്റങ്ങള്‍ വരുത്തിയ ശേഷം സിനിമ തീയേറ്ററുകളിലെത്താന്‍ അനുമതി നല്‍കാമെന്ന് നിര്‍മാതാക്കളോട് പുനഃപരിശോധനാക്കമ്മറ്റി അറിയിച്ചിരുന്നു. സിഖ് സംഘടനകളുടെ പ്രതിഷേധത്തേത്തുടർന്നാണ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നത്.
എമർജൻസിയിൽ അടൽ ബിഹാരി വാജ്പേയിയായി ശ്രേയസ് തൽപഡെയും ഫീൽഡ് മാർഷൽ സാം മനേക് ഷാ ആയി മിലിന്ദ് സോമനും സഞ്ജയ് ഗാന്ധിയായി വിശാഖ് നായരുമാണ് വേഷമിടുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും കങ്കണ തന്നെയാണ്. റിതേഷ് ഷായാണ് തിരക്കഥ. ജി.വി. പ്രകാശ് കുമാർ സംഗീതസംവിധാനം നിർവഹിക്കുന്നു. സീ സ്റ്റുഡിയോസും മണികർണിക ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]