മിഷൻ ഇംപോസിബിൾ എന്ന ചലച്ചിത്ര പരമ്പരയിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച നടനാണ് ടോം ക്രൂസ്. അതീവ സാഹസികമായ രംഗങ്ങൾ ചെയ്യാൻ ഏറെ ഇഷ്ടമുള്ള താരംകൂടിയാണ് അദ്ദേഹം. പറക്കുന്ന വിമാനത്തിൽ നിന്ന് ചാടുന്നതും വിമാനത്തിൽ തൂങ്ങിപ്പിടിച്ച് ഫൈറ്റ് ചെയ്യുന്നതും ഒരു കെട്ടിടത്തിൽനിന്നും മറ്റൊന്നിലേക്ക് ചാടുന്നതും മലമുകളിൽനിന്ന് ബൈക്കിൽ താഴേക്ക് പറന്നിറങ്ങുന്നതുമെല്ലാം ഡ്യൂപ്പിനെ ഉപയോഗിക്കാതെ ചെയ്ത് വിസ്മയിപ്പിച്ചിട്ടുണ്ട് അദ്ദേഹം. ജീവിതത്തിൽ ഇന്നേവരെ സംഘട്ടനരംഗത്തിൽ ഡ്യൂപ്പിനെ ഉപയോഗിക്കാത്ത ടോമിന് ഇതാദ്യമായി ഒരു ഡ്യൂപ്പിനെ ഉപയോഗിക്കേണ്ടി വന്നിരിക്കുകയാണ്.
മിഷൻ ഇംപോസിബിൾ പരമ്പരയിൽ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലാണ് ടോം ക്രൂസ് ഡ്യൂപ്പിനെ ഉപയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട് വന്നിരിക്കുന്നത്. ടോം ക്രൂസ് ബോഡി ഡബിളിനെ ഉപയോഗിച്ച് ഒരു രംഗം ഷൂട്ട് ചെയ്യണമെങ്കിൽ അത് എന്തൊരു രംഗമായിരിക്കുമെന്ന് ഓർക്കണം. പക്ഷേ ആ രംഗം അറിഞ്ഞാൽ ആരും മൂക്കത്ത് വിരൽ വെയ്ക്കും. ഒരു പുസ്തകത്തിന്റെ പേജ് മറിക്കുന്ന രംഗമാണത്. മിറർ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹാൻഡ് ഡബിൾ എന്നാണ് ഈ സംവിധാനത്തെ വിശേഷിപ്പിക്കുന്നത്. കാരണം കൈ മാത്രമേ രംഗത്തിലുണ്ടാവൂ എന്നതുതന്നെ.
സ്കൈഡവിംഗ്, വിമാനത്തിൽ തൂങ്ങിക്കിടന്നുള്ള പ്രകടനം തുടങ്ങിയവയാണ് ടോം ക്രൂസ് സാധാരണയായി ചെയ്യാറുള്ളത്. പുതിയ ചിത്രത്തിനുവേണ്ടി ഇത്തരത്തിലുള്ള ഒരുപാട് രംഗങ്ങൾ ചെയ്ത് അദ്ദേഹം ക്ഷീണിതനായി. താരത്തിന് വിശ്രമം അനുവദിച്ചതിനെത്തുടർന്നാണ് ഈ നിസ്സാര രംഗം ഡ്യൂപ്പിനെ വെച്ച് ചിത്രീകരിച്ചതെന്ന് അദ്ദേഹവുമായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ അല്പം തമാശ കലർത്തിയുള്ള വീഡിയോകളും പ്രചരിക്കുന്നുണ്ട്.
മിഷൻ ഇംപോസിബിൾ: ഫൈനൽ റെക്കണിങ് എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. അടുത്ത വർഷം മേയ് 23-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഏതൻ ഹണ്ട് എന്ന വേഷത്തിൽ ടോം ക്രൂസ് വീണ്ടുമെത്തുകയാണ്. ഹായ്ലി ആറ്റ്വെൽ, വിങ് റെയ്മ്സ്, സൈമൺ പെഗ്, വനേസ കിർബി, നിക്ക് ഓഫർമാൻ, ഗ്രെഗ് ടാർസൻ ഡേവിസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ. 1996-ലാണ് മിഷൻ ഇംപോസിബിളിന്റെ ആദ്യഭാഗം പുറത്തുവന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]