മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോ ജയൻ വിടപറഞ്ഞിട്ട് 44 വർഷം. കോളിളക്കം എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് മരണത്തിന് കീഴടങ്ങുമ്പോൾ ആ അനശ്വര നടൻ ബാക്കിവെച്ചത് ഒരുപിടി മികച്ച ചിത്രങ്ങളായിരുന്നു. ജയന്റെ അവസാന നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് നിർമാതാവ് കല്ലിയൂർ ശശി.
എല്ലാം നിമിത്തമായിരുന്നെന്ന് കല്ലിയൂർ ശശി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അന്ന് ഫിലിമാണ് ഉപയോഗിക്കുന്നത്. 2500 അടി ഫിലിമാണ് ചിത്രീകരണത്തിനുപയോഗിച്ചതെന്നും അതിൽ നിന്നാണ് കുറച്ചെടുത്ത് എഡിറ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ഷോട്ട് വേണ്ട എന്നുപറയുമ്പോൾ വേണം എന്നുപറയുന്നത് മരണത്തെ വിളിച്ചുവരുത്തുന്നതുപോലെയാണ്. ഓടുന്ന വാഹനത്തിൽ നിന്ന് ചാടിയാൽ തലയിടിക്കും. അന്ന് അതുതന്നെ സംഭവിച്ചെന്നും അദ്ദേഹം പറഞ്ഞു.
“ജയന്റെ ദേഹം പൊക്കിയെടുക്കുമ്പോൾ ചെറിയൊരു ശ്വാസവും അനക്കവും മൂളലും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജയന്റെ കൂടെ വന്നവരിൽ ഞാനും ഡ്രൈവറും വേറൊരാളുമുണ്ടായിരുന്നു അവിടെ. മറ്റ് ക്രൂ അംഗങ്ങളുമായി ആശയവിനിമയം നടത്താൻ സാധിച്ചിരുന്നില്ല. അവർക്ക് ഞങ്ങൾ മൂന്നുപേരും എവിടെ പോയെന്ന് അറിയില്ലായിരുന്നു. ഹെലികോപ്റ്റർ വന്നിടിച്ച ശക്തിയിൽ പൈലറ്റും അപ്പുറത്തിരുന്ന ബാലൻ കെ നായരും രണ്ട് വശങ്ങളിലേക്ക് തെറിച്ചുവീണു. ബാലൻ കെ നായർക്ക് കാലിനെ ഒന്നിലേറെ ഒടിവുകളുണ്ടായിരുന്നു. അദ്ദേഹത്തേയും കൊണ്ട് സെറ്റിലുണ്ടായിരുന്നവർ വടപളനിയിലെ വിജയാ ആശുപത്രിയിലേക്ക് പോയി.” ശശി വ്യക്തമാക്കി.
തലച്ചോറിന് കാര്യമായ പരിക്കുപറ്റിയെന്നും കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും രക്ഷിക്കാൻ സാധിച്ചില്ലെന്നുമാണ് ജയനെ പരിശോധിച്ച ഡോക്ടർമാർ പറഞ്ഞത്. ശരീരത്തിൽ നിന്ന് ശ്വാസം പോവുക എന്ന പ്രക്രിയ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഏകദേശം പതിനഞ്ചുമിനിറ്റുകൾക്കുശേഷം താൻ അടുത്തുനിൽക്കവേ തന്നെ ജയന്റെ മരണം സംഭവിച്ചുവെന്നും കല്ലിയൂർ ശശി ഓർത്തെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]