
ബോളിവുഡിലെ മികച്ച നടന്മാരിലൊരാളാണ് നാനാ പടേക്കർ. ഏറെ നാൾ സിനിമയിൽനിന്ന് വിട്ടുനിന്ന അദ്ദേഹം ഈയിടെ വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘വാക്സിൻ വാറി’ലൂടെ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയിരുന്നു. എക്സിൽ പ്രചരിക്കുന്ന ഒരു വീഡിയോയിലൂടെ അദ്ദേഹം ഇപ്പോൾ രൂക്ഷവിമർശനം നേരിടുകയാണ്.
പലപ്പോഴും ഇഷ്ടതാരത്തിനെ നേരിൽക്കാണുമ്പോൾ ഒപ്പം ചിത്രമെടുക്കാൻ, പ്രത്യേകിച്ച് സെൽഫിയെടുക്കാൻ പല ആരാധകരും ശ്രമിക്കാറുണ്ട്. അതുപോലൊരു സംഭവത്തിന്റെ തുടർച്ചയായാണ് നാനാ പടേക്കർക്കെതിരെ വിമർശനം ഉയർന്നിരിക്കുന്നത്. തനിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകനെ നാനാ പടേക്കർ തല്ലിയതാണ് പ്രശ്നങ്ങളുടെ തുടക്കം. വാരണാസിയിലാണ് സംഭവം നടന്നത്.
ഗദർ 2 എന്ന ചിത്രത്തിനുശേഷം അനിൽ ശർമ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം വാരണാസിയിൽ നടന്നുവരികയാണ്. കോസ്റ്റ്യൂമിൽ നിൽക്കുന്ന തന്റെ അടുത്തേക്ക് ഫോണുമായെത്തിയ ആരാധകന്റെ കഴുത്തിന് പിന്നിൽ നാനാ പടേക്കർ അടിക്കുകയായിരുന്നു. തുടർന്ന് ഈ യുവാവിനെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കഴുത്തിനുപിടിച്ചുതന്നെ വലിച്ചിഴച്ച് സ്ഥലത്തുനിന്നും മാറ്റുകയായിരുന്നു. അധികംവൈകാതെ തന്നെ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയായിരുന്നു.
2018-ൽ നടി തനുശ്രീ ദത്ത ഉന്നയിച്ച മീടൂ ആരോപണത്തിന് ശേഷമാണ് നാനാ പടേക്കർ സിനിമയിൽനിന്ന് വിട്ടുനിന്നത്. ആരോപണമുന്നയിച്ചതിന് തൊട്ടുപിന്നാലെ നാനാ പടേക്കർക്കെതിരെ നടി പരാതി നൽകുകയും ചെയ്തിരുന്നു. 2018-ൽ രജനികാന്ത് ചിത്രം കാലായിൽ നാനാ പടേക്കർ വില്ലനായെത്തിയിരുന്നു. ഇതിന് ശേഷം പടേക്കർ അഭിനയിച്ച ചിത്രമാണ് ഈ വർഷം ഇറങ്ങിയ വാക്സിൻ വാർ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവയേയാണ് അദ്ദേഹം ഈ ചിത്രത്തിൽ അവതരിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]