കൊച്ചി: ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത ‘ബാന്ദ്ര’ സിനിമയുമായി ബന്ധപ്പെട്ട് ഏഴു യൂട്യൂബര്‍മാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍. അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്.
സിനിമയ്ക്കെതിരേ മോശം റിവ്യൂ നല്‍കിയതിനാണ് നിര്‍മാതാക്കളുടെ നീക്കം. അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി വ്ലോഗ്സ്, ഷാസ് മുഹമ്മദ്, അര്ജുന്, ഷിജാസ് ടോക്ക്സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂട്യൂബര്‍മാര്‍ക്കെതിരേ കേസെടുക്കണമെന്നാണ് ആവശ്യം.
ചിത്രം റിലീസ് ചെയ്തതിന് ശേഷം കമ്പനിയ്ക്ക് നഷ്ടമുണ്ടാകുന്ന രീതിയില്‍ നെഗറ്റീവ് ക്യാമ്പയിന് നല്‍കിയെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇവര്‍ക്കെതിരേ കേസെടുക്കാന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ സിനിമയെക്കുറിച്ച് വ്യാജ പ്രചരണം നടത്തുന്നുവെന്നും ആരോപിക്കുന്നു.
റിവ്യൂ ബോംബിങ്ങിലൂടെ കോടികള്‍ നഷ്ടമാകുന്നുവെന്നാണ് സിനിമാപ്രവര്‍ത്തകര്‍ പറയുന്നത്. സിനിമയെക്കുറിച്ച് അഭിപ്രായം പറയാന്‍ എല്ലാവര്ക്കും അവകാശം ഉണ്ടെങ്കിലും മനഃപൂര്‍വം വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ പരാതിയുണ്ടെങ്കില്‍ നടപടി സ്വീകരിക്കാമെന്നും പണം തട്ടുന്നതിന് വേണ്ടി അണിയറ പ്രവര്‍ത്തകരെ സമീപിക്കുകയോ മറ്റോ ചെയ്താല്‍ പരാതിപ്പെടാന്‍ സാധിക്കുമെന്നും പോലീസ് പറയുന്നു.
‘രാമലീല’യ്ക്ക് ശേഷം ദിലീപ് – അരുണ്‍ ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാണ്’ബാന്ദ്ര’. പാന്‍ ഇന്ത്യന്‍ താരനിര അണിനിരക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. തമിഴ് നടന് ശരത് കുമാറും ബോളിവുഡ് നടന് ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലെത്തിയത്. ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]