
നടൻ നാനാ പടേക്കറായിരുന്നു കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഒപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകനെ തല്ലിയ വീഡിയോ വൈറലായതാണ് ഇതിനുകാരണം. ഈ വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നാനാ പടേക്കർ. സംഭവിച്ചതിനെല്ലാം ക്ഷമയും ചോദിച്ചു നടൻ.
വീഡിയോയിലൂടെയാണ് ആരാധകനെ തല്ലിയ സംഭവത്തിൽ നാനാ പടേക്കർ മാപ്പുചോദിച്ചത്. സിനിമയ്ക്കായുള്ള സീൻ റിഹേഴ്സലിന്റെ ഭാഗമാണെന്ന് കരുതിയാണ് അങ്ങനെ പെരുമാറിയതെന്ന് താരം പറഞ്ഞു. സിനിമയുടെ ഷോട്ട് എടുക്കുന്നതിന് മുമ്പായി ആദ്യം ഒരുതവണ റിഹേഴ്സലെടുത്തു. രണ്ടാമത്തേതിന് ഒരുങ്ങാൻ സംവിധായകൻ നിർദേശിച്ചു. അപ്പോഴാണ് ഒരു ചെറുപ്പക്കാരൻ സെൽഫിക്കായി വന്നത്. അയാളാരെന്ന് അറിയില്ലായിരുന്നുവെന്നും നാനാ പടേക്കർ പറഞ്ഞു.
“സിനിമയുടെ ക്രൂ മെമ്പർമാർ ആരെങ്കിലുമാണെന്നാണ് കരുതിയത്. ഒരാളെ അടിക്കുന്നതായി തിരക്കഥയിലും എഴുതിയിട്ടുണ്ടായിരുന്നു. അതനുസരിച്ച് ആ ചെറുപ്പക്കാരനെ അടിക്കുകയും മാറിനിൽക്കാനും പറഞ്ഞു. പിന്നെയാണ് അയാൾ അണിയറപ്രവർത്തകരുടെ ഭാഗമല്ലായിരുന്നെന്ന് മനസിലായത്. തെറ്റുതിരിച്ചറിഞ്ഞ് തിരികെ വിളിച്ചെങ്കിലും അയാൾ ഓടിപ്പോയിരുന്നു. അയാളുടെ സുഹൃത്തായിരിക്കണം ആ വീഡിയോ പകർത്തിയത്.” നാനാ പടേക്കർ വ്യക്തമാക്കി.
താനൊരിക്കലും ഒപ്പം നിന്ന് ചിത്രമെടുക്കാൻ വരുന്നവരെ നിരുത്സാഹപ്പെടുത്തി മടക്കിയയക്കാറില്ലെന്ന് താരം പറഞ്ഞു. കഴിഞ്ഞദിവസം നടന്നത് തെറ്റാണ്. എന്തെങ്കിലും തെറ്റിദ്ധാരണകളുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും ഇനിയൊരിക്കലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും നാനാ പടേക്കർ ഉറപ്പുനല്കി. അനിൽ ശർമ സംവിധാനം ചെയ്യുന്ന ജേണി എന്ന ചിത്രത്തിന്റെ വാരണാസിയിലെ സെറ്റിൽ വെച്ചാണ് കഴിഞ്ഞദിവസം നാനാ പടേക്കർ ആരാധകനെ തല്ലിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]