
സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശവുമായെത്തിയ ഒരു ചെറുപ്പക്കാരൻ, ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത്, ഇടയ്ക്ക് വീണ് പിന്നേം എഴുന്നേറ്റ് സിനിമകൾ ചെയ്ത് അയാൾ തന്റെ യാത്ര തുടർന്നു. ആസിഫ് അലി എന്ന നടന്റെ ആ യാത്ര പതിനഞ്ച് വർഷം പിന്നിടുമ്പോൾ മികച്ച നടനെന്ന് പ്രേക്ഷകർ വാഴ്ത്തുന്ന താരമായി അയാൾ മാറിക്കഴിഞ്ഞിരുന്നു. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ കിഷ്കിന്ധാകാണ്ഡത്തിലൂടെ പ്രേക്ഷകരുടെ ആ അഭിപ്രായത്തെ ആസിഫ് ഊട്ടിയുറപ്പിച്ചു. സിനിമാ വിശേഷങ്ങളുമായി ആസിഫ് അലി മാതൃഭൂമി ഡോട് കോമിനൊപ്പം.
ആസിഫിന് ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ട്. സിനിമകൾ വിജയിച്ചോ ഇല്ലയോ എന്ന് നോക്കി കൂടെ നിൽക്കുന്നവരല്ല, കരിയറിലെ തുടക്കം മുതലേ ആസിഫ് അലി എന്ന നടനെ സ്നേഹിക്കുന്നവർ. എന്താകാം അവരോട് ആസിഫിനെ ചേർത്തു നിർത്തുന്ന ഘടകം
പ്രേക്ഷകർക്ക് അവരോട് അടുത്തു നിൽക്കുന്നയാൾ എന്ന് എന്നെപ്പറ്റി തോന്നുന്നുണ്ടാവാം. ആളുകൾ സിനിമയെ ഇഷ്ടപ്പെട്ട് സിനിമ ഫോളോ ചെയ്ത് തുടങ്ങിയ സമയത്ത് സിനിമയുടെ ഭാഗമായ ആളാണ് ഞാൻ. ഇയാളൊരു നല്ല സിനിമ ചെയ്ത് കാണണം എന്നാഗ്രഹിക്കുന്ന കുറേ പേരുണ്ട്. അതുകൊണ്ട് തന്നെ ഓരോ സിനിമയും ഇറങ്ങുമ്പോൾ ആ പിന്തുണ എനിക്ക് ലഭിക്കുന്നുണ്ട്. പിന്നെ ഞാൻ സിനിമയ്ക്ക് വേണ്ടിയെടുക്കുന്ന പരിശ്രമം ഇവരൊക്കെ കാണുന്നതുമാണ്. അതൊക്കെയായിരിക്കാം ഈ പറഞ്ഞ ഇഷ്ടത്തിന് പിന്നിലെ കാരണം.
ഒരുകാലത്ത് ടൈപ്പ് കാസ്റ്റിങ്ങിൽ പെട്ടുപോയിട്ടുണ്ട് ആസിഫും. അത് ബ്രേക്ക് ചെയ്യാൻ ബോധപൂർവമെടുത്ത ശ്രമങ്ങൾ എന്തെല്ലാമായിരുന്നു
തിരക്കഥ തന്നെയാണ് ശ്രദ്ധിക്കുന്നത്. ‘ഉയരെ’ ചെയ്ത സമയത്ത് പലരും എന്നോട് പറഞ്ഞു ആസിഫ് ഇങ്ങനെയുള്ള റോളുകൾ ചെയ്യരുത് ആളുകൾക്ക് നിങ്ങളെ ഇഷ്ടമാണ് അതൊരു വെറുപ്പായി മാറരുതെന്ന്. പക്ഷേ നേരത്തെ പറഞ്ഞ ആ ടൈപ്പ് കാസ്റ്റിങ്ങ് ഇല്ലാതെയാക്കാനും കൂടിയാണ് നെഗറ്റീവ് റോളുകൾ ഉൾപ്പടെയുള്ളവ ചെയ്യുന്നത്. ഒരു കാലത്ത് ന്യൂ ജനറേഷൻ എന്ന കാറ്റഗറിയിൽ ലോക്ക് ആയി കിടന്നവരാണ് ഞങ്ങൾ കുറേ ആർടിസ്റ്റുകൾ. അത് ബ്രേക്ക് ചെയ്ത് കുറച്ചു കൂടി കുടുംബപ്രേക്ഷകരിലേക്ക് എനിക്ക് എത്താനായത് സൺഡേ ഹോളിഡേയിലൂടെയാണ്. അതുപോലെ ബ്രേക്ക് ചെയ്യാനായില്ലെങ്കിൽ ടൈപ്പ് കാസ്റ്റിങ്ങിൽ പെട്ടുപോകും.
സിനിമയെന്ന സ്വപ്നം കണ്ട് വളർന്നയാളാണ്, ആ സ്വപ്നത്തിന്റെ ഏത് ഘട്ടത്തിലാണ് ഇപ്പോൾ
ഞാൻ കണ്ട സ്വപ്നം ഇതൊന്നുമല്ല. ഇതുക്കും മേലെയാണ്. ആ സ്വപ്നം തന്നെയാണ് മുന്നോട്ട് പോകാനുള്ള ഊർജവും. എങ്കിലും ഈ യാത്ര ഭയങ്കര രസമുള്ളതായിരുന്നു. നമ്മളൊക്കെ പറയാറില്ലേ ആ കാലഘട്ടത്തിലേക്കൊന്ന് തിരിച്ചു പോകാൻ തോന്നുന്നു എന്ന്. എനിക്ക് പക്ഷേ അങ്ങനെയില്ല. ഇനി പുതിയത് എന്തെന്നറിയാനും അനുഭവിക്കാനുമുള്ള ആകാംക്ഷയാണ് എനിക്ക് കൂടുതലും.
സിനിമ വിജയിക്കുമ്പോൾ, പ്രേക്ഷകർ ഏറ്റെടുക്കുമ്പോൾ വളരെ ഇമോഷണലായി ആസിഫിനെ നമ്മൾ കണ്ടിട്ടുണ്ട്. വിജയങ്ങൾ മുന്നോട്ടുള്ള ഊർജം തന്നെയാണ്, എങ്കിലും വിജയങ്ങളെ എങ്ങനെയാണ് കാണുന്നത്
സിനിമയുടെ വിജയം എന്ന് പറയുന്നത് മുന്നോട്ടുള്ള യാത്രയ്ക്കും പിന്നീട് സിനിമകൾ തിരിഞ്ഞെടുക്കാനുള്ള ആത്മവിശ്വാസത്തിനും വലിയ പിന്തുണ നൽകുന്ന കാര്യമാണ്. എന്നെ വിശ്വസിച്ച് ഇനിയുള്ള സിനിമകളിൽ ഇൻവെസ്റ്റ് ചെയ്ത നിർമാതാവ് മുതൽ സിനിമ കാണാൻ വരുന്ന പ്രേക്ഷകർക്ക് വരെ അടുത്ത സിനിമയ്ക്ക് ടിക്കറ്റ് എടുക്കാനുള്ള ധൈര്യമാണ് ഈ വിജയം നൽകുന്നത്. നമ്മുടെ തിരഞ്ഞെടുപ്പ് ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതും ഈ വിജയങ്ങൾ തന്നെയല്ലേ.
പരാജയങ്ങൾ അപ്പോൾ തളർത്തിയിട്ടുണ്ടോ
പരാജയങ്ങൾ നമ്മളെ നിരാശരാക്കും. എങ്കിലും അതിൽ നിന്നും തമ്മൾ കുറേ പഠിക്കുന്നില്ലേ. കഴിഞ്ഞ കുറച്ച് സിനിമകൾ വിജയിച്ചു, നന്നായിരുന്നു എന്ന് നിങ്ങൾ പറയുന്നതും ആ പരാജയങ്ങളിൽ നിന്ന് ഞാൻ പഠിച്ച കാര്യങ്ങളുടെ ഫലമാണ്. ബോധപൂർവമല്ലെങ്കിലും നമ്മൾ അതിൽ നിന്നെല്ലാം എന്തെങ്കിലുമൊക്കെ ഉൾക്കൊള്ളും. ഏറ്റവും പ്രധാന കാര്യം ഒന്നിൽ നിന്ന് തന്നെ തുടങ്ങാം എപ്പോൾ വേണമെങ്കിലും എന്നതാണ്. അങ്ങനെ തുടങ്ങിയ ആളാണല്ലോ ഞാനും. പരാജയങ്ങൾ വന്നാലും വീണ്ടും മുന്നോട്ട് പോകാൻ പറ്റും എന്ന ധൈര്യം എപ്പോഴുമുണ്ട്.
ചില സിനിമകൾ നിരാശകൾ നൽകിയിട്ടില്ലേ, എങ്കിലും ഇവിടെ തന്നെ നിൽക്കാൻ പ്രേരിപ്പിച്ചത് എന്താണ്
സിനിമയോടുള്ള അടങ്ങാത്ത ഇഷ്ടം തന്നെയാണ് ഇവിടെ പിടിച്ചു നിർത്തിയത്. ഒരു മടുപ്പ് നമുക്ക് തോന്നില്ല. അത് സിനിമയുടെ പ്രത്യേകത ആണ്. ഇവിടെ ഓരോ ദിവസവും വ്യത്യസ്തമാണ്, ഓരോ കഥയും കഥാപാത്രവും വ്യത്യസ്തമാണ്. ആ പുതുമ എന്നുമുണ്ട്. അങ്ങനെ ഒരു എക്സൈറ്റ്മെന്റ് എന്നും കിട്ടുന്ന ജോലിയാണിത്. സത്യത്തിൽ ജോലി ആണെന്ന് തോന്നിപ്പിക്കില്ല എന്നതാണ് സത്യം. ഓരോ ദിവസവും സെറ്റിലെത്തുന്നു, കാര്യങ്ങളൊക്കെ പ്ലാൻ ചെയ്യുന്നു എന്ന് പറയുമ്പോൾ ജീവിതത്തിലേറ്റവും സന്തോഷമുള്ള കാര്യങ്ങളാണ് എന്നും ചെയ്തുകൊണ്ടിരിക്കുന്നത്. അതാണ് ഈ പ്രൊഫഷന്റെ ഏറ്റവും രസമുള്ള കാര്യം . ഇതിൽ നിന്ന് പുറത്തുപോകാൻ നമുക്ക് തോന്നില്ല.
പതിനഞ്ച് വർഷം പിന്നിടുന്നു സിനിമയിൽ, ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ എന്തൊക്കെയാണ്
സിനിമയായിട്ട് എന്നെ മാറ്റിയിട്ടില്ല. ഞാൻ സിനിമയിലെത്തുമ്പോൾ ഇരുപത്തിമൂന്ന് വയസാണ്. ഇപ്പോൾ 38-ലാണ് നിൽക്കുന്നത്. ഇത്രയും വർഷത്തെ അനുഭവങ്ങൾ, ജീവിതത്തിൽ വരുന്ന പക്വത ഇതിന്റെയൊക്കെ മാറ്റങ്ങൾ സ്വാഭാവികമായും ഉണ്ട്. പിന്നെ കൂടെ ജോലി ചെയ്യുന്നവരുടെയെല്ലാം നല്ല ഗുണങ്ങൾ എന്നിലേക്ക് വരുന്നുണ്ട്. അങ്ങനെയുള്ള മാറ്റങ്ങളുണ്ട്. അതല്ലാതെ ബാങ്ക് ബാലൻസിൽ നല്ല മാറ്റമുണ്ടാക്കിയത് സിനിമയാണ്.
മുന്നോട്ടുള്ള ഒരു യാത്ര എങ്ങനെയായിരിക്കും ?
നേരത്തെ പറഞ്ഞ പോലെ ഇവിടെ എന്നും പുതുമയാണ്. ഞാൻ സിനിമയിൽ വരുന്നതിന് മുമ്പ് കണ്ട സിനിമ അല്ല ഇവിടെ വന്നപ്പോൾ കണ്ടതും അനുഭവിച്ചതും. അതുകൊണ്ട് തന്നെ മുന്നോട്ടുള്ള യാത്രയെക്കുറിച്ച് ചോദിച്ചാൽ സത്യമായും ഉത്തരമില്ല. നല്ല സിനിമകൾ ചെയ്യുക എന്നത് മാത്രമാണ് ഇതുവരെയുള്ള പ്ലാൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]