
മലയാളികളുടെ പ്രിയനടി കെ.പി.എ.സി ലളിതയേക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് സംവിധായകൻ ലാൽജോസ്. കെ.പി.എ.സി ലളിതയായിരുന്നു അന്നത്തെ സിനിമാ സെറ്റിലെ ഡബ്ല്യൂ.സി.സി. എന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. എന്തെങ്കിലും പരാതി പറഞ്ഞാൽ അതുമായി ബന്ധപ്പെട്ട ആളുകളെ വഴക്കുപറയാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടായിരുന്നെന്നും അദ്ദേഹം ഓർത്തെടുത്തു.
‘സിനിമയില്‍ ഇത്രയും കാലം നിലനിന്ന നടിമാര്‍ വളരെ കുറവാണ്. സുകുമാരിയമ്മയും ലളിത ചേച്ചിയുമൊക്കെ മലയാള സിനിമയിലെ ഒഴിച്ചുകൂടാനാകാത്ത രണ്ട് നടിമാരായിരുന്നു. അതില്‍ തന്നെ ലളിതചേച്ചിയ്ക്ക് കേരളത്തിലെ പ്രൊഫഷണല്‍ നാടകരംഗത്തിന്റെ വലിയ പശ്ചാത്തലവും പിന്‍ബലവും ഉണ്ടായിരുന്നു. കമൽ സാറിന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അവർ. ഞാൻ അദ്ദേഹത്തിന്റെ സഹായിയായി ചേർന്ന ആദ്യസിനിമതൊട്ടേ അങ്ങനെയാണ്.’ ലാൽ ജോസ് പറഞ്ഞു.
സെറ്റുകളില്‍ അമ്മയുടെയോ മൂത്ത ചേച്ചിയുടെയോ സ്ഥാനമായിരുന്നു കെപിഎസി ലളിതയ്ക്കുണ്ടായിരുന്നതെന്നും ലാൽ ജോസ് ഓർമിച്ചു. സെറ്റില്‍ എന്തെങ്കിലും അനാവശ്യ കാര്യങ്ങള്‍ ഉണ്ടായാല്‍ അന്ന് ഡബ്ല്യു.സി.സി ഒന്നുമില്ലല്ലോ. ലളിത ചേച്ചി ആയിരുന്നു അന്നത്തെ ഡബ്ല്യു.സി.സി. ലളിത ചേച്ചിയോട് പരാതി പറഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട ആള്‍ക്കാരെ വഴക്ക് പറയും. അതിനൊക്കെയുള്ള സ്വാതന്ത്ര്യം ലളിത ചേച്ചിക്കുണ്ടായിരുന്നു. ചേച്ചി പറഞ്ഞാല്‍ പിന്നെ അപ്പീലില്ല.
സംവിധായകനും തന്റെ ജീവിതപങ്കാളിയുമായിരുന്ന ഭരതന്റെ സഹസംവിധായകനാകാന്‍ വരണമെന്ന് നടി ആവശ്യപ്പെട്ടിരുന്നെന്ന് ലാൽ ജോസ് പറഞ്ഞു. വധു ഡോക്ടറാണ് എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചായിരുന്നു ഇത്. അന്നുവളരെ സന്തോഷമായി. അത് വലിയൊരു അംഗീകാരമായിരുന്നു. എന്നാല്‍ ദൗർഭാഗ്യവശാൽ അതിന് സാധിച്ചില്ലെന്നും ലാല്‍ ജോസ് ഓർത്തെടുത്തു.
സംവിധാന സഹായിയിരുന്ന സമയത്ത് ചെയ്ത നിരവധി സിനിമകളില്‍ കെപിഎസി ലളിത ഭാഗമായിരുന്നെങ്കിലും സ്വതന്ത്രസംവിധായകനായ ശേഷം ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’യിലാണ് നടിക്കൊപ്പം പ്രവര്‍ത്തിക്കാനായത് എന്നും ലാല്‍ ജോസ് പറയുന്നു. വൈകിയെങ്കിലും വളരെ മികച്ച വേഷത്തിലേക്ക് തന്നെ വിളിച്ചതില്‍ സന്തോഷമുണ്ട് എന്നായിരുന്നു ആ വേഷത്തെക്കുറിച്ച് കെ.പി.എ.സി ലളിത പറഞ്ഞതെന്നും ലാല്‍ ജോസ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]