മൂന്ന് പതിറ്റാണ്ടായി മലയാള സിനിമാ രംഗത്തുണ്ട് മഞ്ജു പിള്ള. എന്നിരുന്നാലും മഞ്ജുവിനെ നമ്മുടെയൊക്കെ വീട്ടിലെ ഒരാളാക്കി മാറ്റിയത്, അല്ലെങ്കിൽ അത്രയും പ്രേക്ഷകരോട് ചേർത്ത് നിർത്തിയത് അടുത്തിടെ ഇറങ്ങിയ കുടുംബ ചിത്രങ്ങളിലെ അമ്മ വേഷങ്ങളിലൂടെയാണ്. സ്വർഗം എന്ന തന്റെ പുതിയ ചിത്രം പുറത്തിറങ്ങാനിരിക്കുന്നവേളയിൽ മഞ്ജു പിള്ള മനസ് തുറക്കുന്നു
കുടുംബ ചിത്രങ്ങളിൽ മാറ്റിനിർത്താനാവാത്ത അമ്മമുഖമായി മാറിക്കഴിഞ്ഞു
എല്ലാവരും പറഞ്ഞ് പറഞ്ഞ് എന്നെ ഒരു തള്ള വൈബിലേക്ക് കൊണ്ടുപോകുമോ എന്നാണ് സംശയം. വെറുതേ പറഞ്ഞതാണേ.. ഉള്ളത് പറയാലോ ഈ അമ്മ വേഷങ്ങളെനിക്ക് ഒരുപാട് സ്നേഹം തരുന്നുണ്ട്. ഇപ്പോഴത്തെ ഞാനുൾപ്പടെയുള്ള അമ്മമാരൊക്കെ ദേഷ്യം തീർക്കുന്നതും സ്നേഹം കാണിക്കുന്നതും ഒക്കെ പിള്ളേരെ ചീത്തപറഞ്ഞിട്ടല്ലേ. ഇന്നത്തെ കുട്ടികളിൽ പലരും അവരുടെ അമ്മയേ പോലെ തന്നെയുണ്ട് എന്നാണ് ഹോമിലെ കുട്ടിയമ്മയെയും ഫാലിമിയിലെ രമയെയും കുറിച്ച് പറയുന്നത്. ന്യൂ ജനറേഷൻ എന്ന് വിശേഷിപ്പിക്കുന്ന ഈ കുട്ടികളും കുടുംബചിത്രങ്ങളിഷ്ടപ്പെടുന്നു എന്നുള്ളത് ഏറെ സന്തോഷം തരുന്ന കാര്യമാണ്. ചേച്ചിയെ കാണുമ്പോൾ എനിക്കെന്റെ അമ്മയെ ഓർമ വരും, ചേച്ചി എന്റെ അമ്മയെ പോലെയാണ് എന്ന് ഒരുപാട് പേർ എന്നോട് പറഞ്ഞിട്ടുണ്ട്. എന്റെ ഇപ്പോഴത്തെ നിലനിൽപ് എന്ന് പറയുന്നത് എന്നെ അമ്മയായി കാണുന്ന ഈ പിള്ളേരാണ്. പലരും എന്നെ മഞ്ജുമ്മ എന്ന തന്നെയാണ് വിളിക്കുന്നത്. ഒരു ആർടിസ്റ്റിനെ സംബന്ധിച്ച് അതൊരു ഭാഗ്യമാണ്
എനിക്കും നെഗറ്റീവ് കമന്റുകൾ വരുന്നുണ്ടാകാം. പക്ഷേ ഞാനതൊന്നും അറിയുന്നില്ല. എങ്കിലും 98 ശതമാനവും എനിക്ക് നെഗറ്റീവ് കമന്റുകൾ വന്നിട്ടില്ലെന്നതാണ് സത്യം. പിന്നെ വിവരമില്ലാത്തവർ പലതും പറയും ആ രോഗികളോട് നമ്മളെന്ത് പറയാനാണ്. അതിനെ മൈൻഡ് ചെയ്യാതെ വിടുക എന്നേ ഉള്ളൂ.
അമ്മ വേഷത്തിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാതെയും നോക്കണ്ടേ?
ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാതെ നോക്കുക എന്നത് എല്ലാവരെയും സംബന്ധിച്ച് നടക്കുന്ന കാര്യമാകണമെന്നില്ല. ആഗ്രഹം കൊണ്ട് സിനിമയിൽ വന്നിട്ട് സിനിമകളില്ലാതായിപ്പോകുമോ എന്ന് ഭയന്ന് കിട്ടുന്ന വേഷങ്ങൾ ചെയ്യേണ്ടി വരുന്നവരുണ്ട്. പക്ഷേ എനിക്കെന്തോ ദൈവാനുഗ്രഹം കൊണ്ട് ടൈപ്പ് കാസ്റ്റിങ്ങ് ചെയ്യപ്പെടാതെ മുന്നോട്ട് പോകാൻ സാധിച്ചിട്ടുണ്ട്. അമ്മ വേഷങ്ങളുടെ ഒരു കുത്തൊഴുക്ക് എനിക്ക് വന്നിരുന്നു. പലതും കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി ഫൈറ്റ് ചെയ്ത് ജീവിക്കുന്ന അമ്മ വേഷങ്ങൾ. അത് ഞാൻ ഒഴിവാക്കി. ഒരിക്കലും ഇനി അമ്മവേഷം ചെയ്യില്ലെന്നല്ല പറഞ്ഞത്. വ്യത്യസ്തമായ അമ്മ വേഷങ്ങൾ ഇനി ചെയ്യാം. ഉർവശി ചേച്ചിയൊക്കെ ചെയ്യുന്ന കോമഡിയൊക്കെ പറയുന്ന അമ്മ റോൾ ഇല്ലേ, അങ്ങനത്തെ ഒക്കെ നോക്കാം. പുതിയ ചിത്രം സ്വർഗത്തിലേത് അത്തരത്തിലൊരു അമ്മ വേഷമാണ്.
ചെയ്യാനാഗ്രഹിക്കുന്ന കഥാപാത്രങ്ങൾ എത്തരത്തിലുള്ളതാണ് ?
വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണമെന്ന് തന്നെയാണ് ഓരോ അഭിനേതാവും ആഗ്രഹിക്കുന്നത്. എനിക്ക് പക്കാ ഒരു നെഗറ്റീവ് വേഷം ചെയ്യണമെന്ന് ഭയങ്കര ആഗ്രഹമാണ്. എന്റടുത്ത് എന്റെ മോളുൾപ്പടെ പലരും ചോദിച്ചിട്ടുണ്ട്, അത് വേണോ അമ്മ എന്ന്. ഇത്രയും ജനങ്ങളുടെ സ്നേഹം കിട്ടീട്ട്., അമ്മമാരും കുഞ്ഞുങ്ങളും ഉൾപ്പടെ സ്നേഹത്തിൽ പൊതിയുന്ന ഒരുപാട് പേരുണ്ട്, മഞ്ജുമ്മ എന്ന് വിളിച്ച് ഓടി വരുന്ന കുഞ്ഞുങ്ങളുടെയൊക്കെ മനസിൽ വേറൊരു മുഖം പതിയില്ലേ അത് വേണോ എന്ന് ചോദിച്ചിട്ടുണ്ട്. പക്ഷേ എന്നെങ്കിലും നല്ലൊരു നെഗറ്റീവ് വേഷം, പക്കാ വില്ലത്തി റോൾ ഞാൻ ചെയ്യും.
ചെയ്ത അമ്മ വേഷങ്ങളിൽ മഞ്ജു പിള്ള എന്ന അമ്മയുമായി ഏറ്റവും സാമ്യം ആർക്കാണ് ?
അത് എന്റെ മകൾ ദയയോട് ചോദിക്കേണ്ടി വരും. പക്ഷേ ഞാൻ മലയാളി ഫ്രം ഇന്ത്യയിൽ ചെയ്ത അമ്മയുടെ റോൾ എന്റെ അമ്മൂമ്മയുടെ സ്വഭാവത്തിൽ നിന്ന് കടം കൊണ്ടതാണ്. അതിലെ ചില ഡയലോഗ്സ് ഞാൻ സംവിധായകനോട് അങ്ങോട്ട് ആവശ്യപ്പെട്ട് ചിത്രത്തിൽ ഉൾപ്പെടുത്തിയതാണ്. അതിലെ സുമ എന്ന കഥാപാത്രം എന്ത് പറയുമ്പോഴും അവന്റെ അമ്മേടെ എന്ന് പറയും. എന്റെ അമ്മൂമ്മയാണ് അങ്ങനെ പറഞ്ഞ് കേട്ടിട്ടുള്ളത്. പത്തുമുപ്പത്തിരണ്ട് അംഗങ്ങളുള്ള കൂട്ടുകുടുംബത്തിന് വച്ചു വിളമ്പി കൊടുത്തിരുന്നത് ആ പാവമാണേ. ചില നേരത്ത് ആരെങ്കിലും ഉണ്ണാൻ വരുമ്പോൾ അവന്റെ അമ്മേടെ പാത്രോം കൊണ്ട് ഉണ്ണാൻ വന്നിട്ടുണ്ട് അവർ എന്ന് പിറുപിറുക്കും.. വച്ചു വിളമ്പി മടുത്തു കാണില്ലേ ആ പാവം.
ദയ ഈയടുത്ത് ഒരു ടാറ്റൂ ചെയ്ത് ഞെട്ടിച്ചല്ലേ ?
ദയയുടെ ആ സർപ്രൈസ് ശരിക്കും ഞെട്ടിച്ചു. അവൾ ഭയങ്കര മൃഗസ്നേഹിയാണ്. അവൾ ആദ്യം ടാറ്റൂ ചെയ്തത് അവളുടെ പട്ടിക്കുഞ്ഞിനെയാണ്. ആ സമയത്താണ് ഞാൻ ദയയുടെ ചിത്രം എന്റെ കയ്യിൽ ടാറ്റൂ ചെയ്യുന്നത്. അന്ന് ഞാൻ അവളോട് പറഞ്ഞു നീ പോകുന്ന വിഷമത്തിൽ നിന്റെ മുഖം ഞാൻ ടാറ്റൂ ചെയ്തു എന്നിട്ട് അവൾ കണ്ട പട്ടീടെ പടം അടിച്ചു എന്ന്. അന്നവൾ പറഞ്ഞു അമ്മ അമ്മയുടെ കുട്ടിയുടെ മുഖം ടാറ്റൂ ചെയ്തു ഞാൻ എന്റെ കുട്ടിയുടെയും എന്ന്. പക്ഷേ ഈ സർപ്രൈസ് ഇത്രയും വലിയ ടാറ്റൂ അത് ഞാൻ പ്രതീക്ഷിച്ചില്ല. ശരിക്കും സർപ്രൈസ് ആയി ഇമോഷണലായി.
സ്വർഗമാണ് ഇനി വരാനുള്ളത് ?
സ്വർഗവും ഒരു കുടുംബച്ചിത്രമാണ്. രണ്ട് കുടുംബങ്ങളുടെ കഥയാണ്. അയൽപക്കങ്ങളുടെ കഥയാണ്. കുടുംബബന്ധങ്ങൾക്കൊപ്പം ഒരു അയൽപക്കം എത്രമാത്രം പ്രാധാന്യമുള്ളതാണ് എന്ന് കാണിക്കുന്ന ചിത്രം കൂടിയാണ് സ്വർഗം. പണ്ടുണ്ടായിരുന്ന ഒരു അയൽപക്ക സ്നേഹം ഇന്ന് കുറഞ്ഞിരിക്കുകയാണ്, ആർക്കും സമയമില്ല, വേലികൾക്ക് പകരം വീടുകൾക്കിടയിൽ മതിലുകൾ പൊങ്ങി, ഫ്ലാറ്റുകളുടെ നാല് ചുവരുകൾക്കിടയിൽ പലരും തളയ്ക്കപ്പെട്ടു. പണ്ട് അങ്ങനെയായിരുന്നില്ലല്ലോ, ഇവിടെ നിന്ന് വിളിച്ചാൽ അപ്പുറത്തെ രാധേച്ചിയും രമണിച്ചേച്ചിയും ഓടിവരുമായിരുന്നില്ലേ. അതുപോലെ തന്നെ നമ്മൾ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ഓരോ കുടുംബത്തിലും സ്വർഗമുണ്ട്. അത് തിരിച്ചറിയേണ്ടതും ഉണ്ടാക്കിയെടുക്കേണ്ടതും അവനവൻ തന്നെയാണ്. പണക്കാരന്റെ വീട്ടിൽ മാത്രമേ സന്തോഷമുള്ളൂ പാവപ്പെട്ടവന്റെ കുടുംബത്തിൽ സന്തോഷം കാണില്ല എന്ന് കരുതുന്നതാണ് തെറ്റ്. സന്തോഷമായി ജീവിക്കുന്ന പണക്കാരെ പോലെ തന്നെ ഉള്ളതുകൊണ്ട് സന്തോഷമായി, സ്വർഗം പോലെ ജീവിക്കുന്ന പാവപ്പെട്ട കുടുംബവുമുണ്ട്. ഈ ചിത്രം അങ്ങനൊരു ഓർമപ്പെടുത്തൽ കൂടിയാണ്.
മാത്രമല്ല പക്കാ ക്ലീൻ ചിത്രമാണ്. അത് ഈ സിനിമയുടെ നിർമാതാവ് ലിസി ചേച്ചിക്ക് നിർബന്ധമായിരുന്നു. ചേച്ചി ഭയങ്കര ദൈവവിശ്വാസിയാണ്. പള്ളി, കുർബാന ഒക്കെയായി ജീവിക്കുന്ന ആളാണ്. ഒരുപാട് ക്രിസ്തീയ ഭക്തി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. സിനിമയോട് ഭയങ്കര ഇഷ്ടമാണ്. സിനിമയേയും ദൈവികമായാണ് കാണുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]