
സീന്‍ ഒന്ന്:
1964 ഒക്ടോബര്‍ 16. ആലപ്പുഴ കടല്‍പ്പാലം. രാമു കാര്യാട്ട് അവിടെ ക്യാമറ വെച്ച് ചിത്രീകരണം തുടങ്ങി. ചെമ്മീന്‍ എന്ന ചലച്ചിത്ര ഇതിഹാസത്തിന്റെ പിറവിയായിരുന്നു അത്. ഇന്നതിന് ആറു പതിറ്റാണ്ടാകുന്നു. കഥയ്ക്കൊപ്പം പ്രതിഭകളും സാങ്കേതികത്തികവും ഒത്തുചേര്‍ന്നപ്പോള്‍ കാലത്തിന്റെ ഓളങ്ങള്‍ക്കിടയില്‍ ‘ചെമ്മീന്‍’ ഇന്നും പകരംവെക്കാനില്ലാത്ത ദൃശ്യാനുഭവം.
പ്രണയം, കടലോരജീവിതം
അരയസമുദായത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ച ഒരു സാധാരണ പ്രണയകഥ. അതിനപ്പുറം എന്തു സവിശേഷതയാണ് തന്റെ മുന്നിലെത്തിയ ഈ ഫിലിം ചുരുളുകള്ക്കുള്ളത് എന്ന ചിത്രസംയോജകന്‍ ഋഷികേശ് മുഖര്‍ജിയുടെ ചിന്ത, പ്രണയകഥയ്ക്കപ്പുറം കടലിന്റെയും കടപ്പുറത്തെ ജീവിതങ്ങളുടെയും കഥയാണ് തനിക്കു പറയേണ്ടതെന്ന കാര്യാട്ടിന്റെ തീരുമാനം തുടങ്ങിയവയാണ് ചെമ്മീന്‍ എന്ന ക്ലാസിക് ചിത്രത്തിന്റെ പിറവിക്കു കാരണം. ആദ്യമെടുത്ത സീനുകളില്‍ ഒട്ടേറെ മാറ്റം വരുത്തിയാണ് ഇപ്പോഴത്തെ രൂപത്തില്‍ സിനിമയാക്കിയത്.
സീന്‍ രണ്ട്:
കൊട്ടാരക്കര ശ്രീധരന് നായര്‍, സത്യന്, ഷീല, മധു, അടൂര്‍ ഭവാനി, എസ്.പി. പിള്ള തുടങ്ങിയ അഭിനയപ്രതിഭകള്ക്കൊപ്പം ഇന്ത്യന്‍ സിനിമയിലെതന്നെ മികച്ച സാങ്കേതിക വിദഗ്ധരെയും കാര്യാട്ട് തന്റെ ചലച്ചിത്രാവിഷ്കാരത്തിന് കൂട്ടുപിടിച്ചു. ആര്‍ട്ടിസ്റ്റ് ശങ്കരന്‍കുട്ടി വരച്ച ചിത്രത്തിന് അനുസൃതമായിട്ടായിരുന്നു ചെമ്പന്‍ കുഞ്ഞിനെ ചിത്രീകരിച്ചത്.
ഛായാഗ്രാഹകനായി മര്‍കസ് ബര്ട്ട്ലിയും ചിത്രസംയോജകനായി ഋഷി ദായെന്ന ഋഷികേശ് മുഖര്‍ജിയും സംഗീത സംവിധായകനായി സലില്‍ ചൗധരിയും ഗായകനായി മന്നാഡെയും മലയാളത്തിലെത്തി. ഗാനരചയിതാവായി വയലാറും തിരക്കഥാകൃത്തായി എസ്.എല്‍. പുരം സദാനന്ദനും ഗായകനായി യേശുദാസും സ്റ്റില്‍ ഫോട്ടോഗ്രഫറായി ശിവനും ചിത്രത്തിന്റെ ഭാഗമായി.
സീന്‍ മൂന്ന്:
തൃശ്ശൂരിനടുത്ത് രാമു കാര്യാട്ടിന്റെ നാടായ നാട്ടികയിലായിരുന്നു സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്. സത്യന് 12,000 രൂപയായിരുന്നു പ്രതിഫലം. മധുവിന് രണ്ടായിരവും. 1965-ലെ ഓണക്കാല റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. കോഴിക്കോട് കോര്‍ണേഷന്‍ തിയേറ്ററില്‍ 106 ദിവസവും മറ്റ് നഗരങ്ങളിലെല്ലാം 75 ദിവസത്തിലേറെയും ചിത്രം പ്രേക്ഷകരെ ‘കണ്ണീരു കുടിപ്പിച്ചു’.
മലയാളത്തിലെന്നല്ല, ദക്ഷിണേന്ത്യയില്‍ത്തന്നെ രാഷ്ട്രപതിയുടെ സ്വര്‍ണപ്പതക്കം നേടിയ ആദ്യ ചിത്രമായി ചെമ്മീന്‍. അമ്പലപ്പുഴയില്‍ വക്കീലായി പ്രാക്ടീസ് ചെയ്യുന്നകാലത്ത് പുറക്കാട് കടപ്പുറത്തുകൂടിയുള്ള സായാഹ്നസവാരിയില്‍ തകഴി ശിവശങ്കരപ്പിള്ളയുടെ ഭാവനയില്‍ വിരിഞ്ഞ കഥയാണു ചെമ്മീന്‍. അതു നോവലായും പിന്നീട് ചലച്ചിത്രമായും മലയാളത്തിന്റെ സുഗന്ധമായി.
പിന്നണിയിലെ ചില ട്വിസ്റ്റുകള്‍
ഒരുദിവസം ചിത്രീകരണത്തിനിടെ ചങ്ങാടം മറിഞ്ഞു. അന്ന് ചേറ്റുവയിലെ തറവാട്ടുവീട്ടിലേക്ക് രാമുകാര്യാട്ടും ചില അണിയറപ്രവര്‍ത്തകരും വിഷമത്തോടെ വരുന്നത് ഇപ്പോഴും ഓര്‍മ്മയുണ്ടെന്ന് രാമു കാര്യാട്ടിന്റെ മകന് സുധീര്‍ കാര്യാട്ട് ‘മാതൃഭൂമി’യോടു പറഞ്ഞു.
നിര്‍മാതാവ് വൈദ്യനാഥയ്യരും എസ്.എല്‍. പുരം സദാനന്ദനും കൂടി തകഴിയെക്കണ്ട് തിരക്കഥ സംബന്ധിച്ച് പലതവണ ചര്‍ച്ച നടത്തി. അദ്ദേഹം ചില ഭേദഗതികള്‍ വരുത്തി. എന്നാല്‍, സാമ്പത്തികപ്രശ്നം മൂലം അയ്യര്‍ പിന്മാറി. പിന്നീടാണ്, അന്ന് 18 വയസിലേക്ക് എത്തുന്ന മട്ടാഞ്ചേരിക്കാരന്‍ കണ്മണി ബാബു (ബാബു സേഠ്) നിര്‍മാതാവായി എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]