മുംബൈ: മുന്‍മന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകത്തില്‍ ഞെട്ടി ബോളിവുഡും. ബാബാ സിദ്ദിഖിയെ വെടിവെച്ച ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റെ പ്രധാന നോട്ടപ്പുള്ളികളിലൊരാളാണ് ബോളിവുഡ് താരമായ സല്മാന് ഖാന്. എന്നാല്‍, സല്‍മാനെ മാത്രമല്ല ബോളിവുഡിലെ പലരെയും ഈ സംഘം ലക്ഷ്യമിട്ടേക്കാമെന്ന സൂചനയാണ് മുംബൈ പോലീസ് നല്‍കുന്നത്. അതുകൊണ്ടുതന്നെ താരങ്ങളും മറ്റു ചലച്ചിത്ര പ്രവര്‍ത്തകരും ജാഗ്രതയിലാണ്.
ബോളിവുഡിലെ പലര്‍ക്കും പല സമയങ്ങളിലായി ഭീഷണികള്‍ വന്നിട്ടുണ്ടെങ്കിലും അതൊന്നും ബിഷ്ണോയ് സംഘവുമായി ചേര്ത്തുവെച്ചിരുന്നില്ല. എന്നാല്‍, അടുത്ത കാലത്തായി ബിഷ്ണോയ് സംഘം നഗരത്തില്‍ പല ഇടപെടലുകളും നടത്തുന്നതാണ് ബോളിവുഡിലേക്കും ഇത് വ്യാപിച്ചേക്കുമെന്ന ഭയംവരാന് കാരണം. ബോളിവുഡിലെ പല താരങ്ങളും ബാബാ സിദ്ദിഖിയുടെ അടുത്ത സുഹൃത്തുക്കളാണ്. സല്മാന് ഖാന്, ഷാരൂഖ് ഖാന്, സഞ്ജയ് ദത്ത്, ശില്പ ഷെട്ടി തുടങ്ങിയവരൊക്കെ ഈ സൗഹൃദവലയത്തിലുണ്ട്. ബാബാ സിദ്ദിഖി ജയിച്ചു വരാറുള്ള ബാന്ദ്ര മണ്ഡലത്തിലാണ് ഇവരില്‍ ഭൂരിപക്ഷം പേരുടെയും വീടുകള്‍.
സല്മാന് ഖാന്റെ വീടിനു നേരെയുള്ള വെടിവെപ്പു നടന്ന് മാസങ്ങള്‍ക്കുള്ളിലാണ് ബാബാ സിദ്ദിഖിയെ വെടിവെച്ചു കൊല്ലുന്നത്. പഞ്ചാബി പാട്ടുകാരന് സിദ്ധു മൂസെവാലയെ കൊലപ്പെടുത്തിയതും ബിഷ്ണോയ് സംഘമാണ്. മൂസെവാലയുടെ മാനേജര്‍ ഷഗന്‍പ്രീത് സിങ്ങും ബിഷ്ണോയിയുടെ പട്ടികയിലുള്ള ഒരാളാണ്.
ബോളിവുഡ് എന്നും അധോലോക സംഘങ്ങളുടെ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. മുന്‍പ് ദാവൂദ് ഇബ്രാഹിമും വരദരാജന് മുതലിയാരും ബോളിവുഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരുപരിധി വരെ നിയന്ത്രിച്ചിരുന്നു. ബിഷ്ണോയ് സംഘവും ഈ പാത പിന്തുടരുമോയെന്ന ചര്‍ച്ച ബോളിവുഡില്‍ സജീവമായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പല താരങ്ങളും സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്.
മുനവര്‍ ഫാറൂഖിക്കും ഭീഷണി
ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റെ സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിക്ക് ഭീഷണിയെത്തുടര്‍ന്ന് മുംബൈ പോലീസ് സുരക്ഷ ശക്തമാക്കി. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടിയെങ്കിലും ഏതു തരത്തിലുള്ള ഭീഷണിയാണെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ കുറെവര്‍ഷങ്ങളായി ബിഷ്ണോയ് സംഘത്തിന്റെ ഭീഷണി മുനവറിനുണ്ട്. തന്റെ കോമഡി ഷോയില്‍ ഹിന്ദുദൈവങ്ങളെ കളിയാക്കിക്കൊണ്ട് മുനവര്‍ നേരത്തേ സംസാരിച്ചിരുന്നു. ഇതാണ് ബിഷ്ണോയ് സംഘത്തിന്റെ വിരോധത്തിന് കാരണമായത്. എന്നാല്‍, ഈ ആരോപണം പിന്നീട് മുനവര്‍ നിഷേധിച്ചു.
വര്‍ഷങ്ങള്‍ക്കുമുന്‍പ് ഡല്‍ഹിയില്‍ കോമഡി പരിപാടിയില്‍ പങ്കെടുക്കാന്‍പോയ മുനവറിനെ കൊല്ലാന്‍ ബിഷ്ണോയ് സംഘവും എത്തിയിരുന്നു. മുനവര്‍ താമസിക്കുന്ന അതേ ഹോട്ടലില്‍ സംഘത്തിലെ രണ്ടുപേര്‍ മുറിയെടുക്കുകയും ചെയ്തു. എന്നാല്‍, പോലീസ് ഇക്കാര്യമറിഞ്ഞ് ഇരുവരെയും പിടികൂടി. ബോളിവുഡ് താരം സല്മാന് ഖാന്റെ നേതൃത്വത്തില്‍ ഈവര്ഷംനടന്ന ‘ബിഗ് ബോസ്-17’ എന്ന ടെലിവിഷന്‍ പരിപാടിയില്‍ വിജയിച്ചതോടെയാണ് മുനവര്‍ ഏറെ പ്രശസ്തനായത്.
പണം നല്‍കിയയാള്‍ പിടിയില്‍
മഹാരാഷ്ട്ര മുന്‍മന്ത്രിയും എന്‍.സി.പി. നേതാവുമായ ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസില്‍ ഒരാളെക്കൂടി മുംബൈ പോലീസ് അറസ്റ്റുചെയ്തു. ഉത്തര്‍പ്രദേശിലെ ബഹ്റൈച്ച് സ്വദേശിയായ ഹരീഷ്കുമാര്‍ ബാലക്റാം (23) ആണ് പിടിയിലായത്. വെടിവെപ്പ് നടത്തിയവര്‍ക്ക് പണവും മറ്റുസഹായങ്ങളും നല്‍കിയത് ഇയാളാണെന്ന് പോലീസ് പറയുന്നു.
പുണെയിലെ വാര്‍ജെയില്‍ ആക്രിക്കച്ചവടം നടത്തിവരുകയായിരുന്നു ബാലക്റാം. ക്രൈംബ്രാഞ്ച് സംഘം തിങ്കളാഴ്ച പിടികൂടിയ ഇയാളെ ചൊവ്വാഴ്ച രാവിലെ മുംബൈയിലെത്തിച്ചു. കോടതി ഇയാളെ 21 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇതോടെ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേര്‍ പിടിയിലായി. ഹരിയാണ സ്വദേശി ഗുര്‍മൈല്‍ ബല്‍ജിത് സിങ്, ഉത്തര്‍പ്രദേശ് സ്വദേശി ധര്‍മരാജ് രാജേഷ് കശ്യപ്, പ്രവീണ്‍ ലോങ്കര്‍ എന്നിവരാണ് മുന്‍പ് പിടിയിലായവര്‍. ബഹ്റൈച്ച് സ്വദേശി ശിവകുമാര്‍ ഗൗതം എന്ന പ്രതി ഒളിവിലാണ്. ഇയാളും വെടിയുതിര്‍ത്തവരില്‍ ഉള്‍പ്പെടുന്നു.
ക്വട്ടേഷന്‍ കൊലപാതകമാണിതെന്ന് പോലീസ് വ്യക്തമാക്കുമ്പോഴും ആരാണ് ഇതിനുപിന്നിലെന്ന കാര്യം പുറത്തുവന്നിട്ടില്ല. രാഷ്ട്രീയസ്പര്ധ, ചേരി പുനരധിവാസപദ്ധതിയെച്ചൊല്ലിയുള്ള തര്‍ക്കം, ഭീഷണി എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. മുംബൈയില്‍നിന്നുള്ള പ്രമുഖ നേതാവായ സിദ്ദിഖി, സല്മാന് ഖാന് ഉള്‍പ്പെടെ ഒട്ടേറെ ബോളിവുഡ് താരങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കേസില്‍ പിടിയിലാകാനുള്ള ശുഭം ലോങ്കറിന് ജയിലില്‍ക്കഴിയുന്ന ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയുമായി അടുത്ത ബന്ധമുണ്ടെന്നും ഇയാളാണ് ഗൂഢാലോചന നടത്തിയതെന്നും പോലീസ് പറയുന്നു.
അധോലോകത്തിന്റെ ഇരയായി രാഷ്ട്രീയക്കാരും
മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ പ്രമോദ് മഹാജനെ അനുജന് പ്രവീണ്‍ മഹാജന് 2006-ല്‍ കൊലപ്പെടുത്തിയത് മുംബൈ നഗരം ഞെട്ടലോടെയാണ് കേട്ടത്. ജ്യേഷ്ഠനെ ഇല്ലാതാക്കിയതിനുപിന്നിലെ കാര്യങ്ങള്‍ ഇന്നും അജ്ഞാതമാണ്. ഇപ്പോഴിതാ മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭൂമികയെ പിടിച്ചുകുലുക്കിയ ബാബാ സിദ്ദിഖിയുടെ കൊലപാതകവും.
മഹാരാഷ്ട്രയ്ക്ക് പുറത്തുനിന്നുള്ള ഗുണ്ടകള്‍ ഇവിടത്തെ ശാന്തത ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് മുംബൈ പോലീസ് മുന്‍കമ്മിഷണര്‍ എം.എന്‍. സിങ് പറഞ്ഞു.
കൃഷ്ണദേശായിയില്നിന്ന്
കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രബലനായ കൃഷ്ണദേശായിയെ ഇല്ലാതാക്കിയാണ് പരേല്‍ മേഖലയില്‍ ശിവസേന ആധിപത്യം ഉറപ്പിക്കുന്നത്.
നഗരത്തിലെ തൊഴില്പ്രസ്ഥാനങ്ങളില്, പ്രത്യേകിച്ച് ടെക്സ്റ്റൈല്‍ മേഖലയില്‍ ആഴത്തില്‍ വേരോട്ടമുണ്ടായിരുന്ന ജനപ്രിയനേതാവിനെയാണ് 1970 ജൂണ്‍ അഞ്ചിന് ക്രൂരമായി കൊലപ്പെടുത്തിയത്. പരേലിന്റെ എം.എല്‍.എ.യായിരുന്നു. ദേശായിയുടെ കൊലപാതകം മുംബൈനഗരത്തിലെ കമ്യൂണിസ്റ്റ് ആധിപത്യത്തിന്റെ തകര്‍ച്ചയുടെ തുടക്കവുമായി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ശിവസേന രാഷ്ട്രീയശക്തിയായി ഉയര്‍ന്നുവന്നു.
അധോലോക തേര്‍വാഴ്ച
1980-കള്‍മുതല്‍ 2000 വരെയാണ് മുംബൈനഗരം അധോലോകത്തിന്റെ ആധിപത്യത്തില്‍ അമര്‍ന്നത്. 1993 ജൂണില്‍ ബി.ജെ.പി. നേതാവായിരുന്ന പ്രേംകുമാര്‍ ശര്‍മ വെടിയേറ്റുമരിച്ചതാണ് അധോലോകം സജീവമായ ആദ്യ കൊലപാതകം. ഗ്രാന്‍ഡ് റോഡിലെ റസ്റ്ററന്റിന് പുറത്തായിരുന്നു കൊലപാതകം.
മനോജ് ഗുപ്തയും എ. സയ്യിദും ചേര്‍ന്നാണ് വെടിവെച്ചുകൊന്നത്. കുപ്രസിദ്ധ അധോലോകനേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായ ഇജാസ് പഠാനാണ് അക്രമികളെ ഏര്‍പ്പെടുത്തിയത്. സയ്യിദ് പോലീസ് ഏറ്റുമുട്ടലില്‍ മരിച്ചു. ഗുപ്തയെ ശിക്ഷിച്ചു.
മറ്റൊരു ബി.ജെ.പി. നേതാവായിരുന്ന രാംദാസ് നായക്കിനെ ദാവൂദിന്റെ സംഘങ്ങള്‍ വെടിവെച്ചുകൊന്നത് 1994 ഓഗസ്റ്റ് 25-ന്. 1990-കളില്‍ അധോലോകം മുംബൈ രാഷ്ട്രീയത്തിലും ബിസിനസിലും എത്രത്തോളം നുഴഞ്ഞുകയറിയെന്നതിന്റെ ഓര്‍മ്മപ്പെടുത്തലായി ഈ കൊലപാതകം. രണ്ടായിരത്തില്‍ അവസാനിച്ച മുംബൈ അധോലോകപ്രവര്‍ത്തനം ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിലൂടെ വീണ്ടും സജീവമാകുന്നുവോ എന്ന ആശങ്ക പ്രകടിപ്പിച്ചത് രാംദാസ് നായക്കിന്റെ അടുത്തസുഹൃത്തും മുന്‍ മുംബൈ ഡെപ്യൂട്ടി മുനിസിപ്പല്‍ കമ്മിഷണറായിരുന്ന മലയാളി വി. ബാലചന്ദ്രനാണ്.
ദത്താസാമന്തിന്റെ കൊലപാതകം
മുംബൈയിലെ തുണിവ്യവസായത്തില്‍ സ്വാധീനമുള്ള ട്രേഡ് യൂണിയന് നേതാവായിരുന്നു ദത്താ സാമന്ത്. 1982-ല്‍ മുംബൈയില്‍നടന്ന ടെക്സ്റ്റൈല്‍ മില്‍ തൊഴിലാളികളുടെ പണിമുടക്കിലൂടെ ദത്ത ശ്രദ്ധനേടി. 2,50,000-ത്തിലധികം തൊഴിലാളികള്‍ പങ്കെടുക്കുകയും ഒരുവര്‍ഷത്തിലേറെ നീളുകയും ചെയ്തു. പണിമുടക്ക് പരാജയത്തില്‍ അവസാനിച്ചു. ഒട്ടേറെ മില്ലുകള്‍ അടച്ചുപൂട്ടി. മില്ഭൂമി റിയല്‍ എസ്റ്റേറ്റ് മാഫിയ കൈയടക്കുന്നതും അധോലോകം ഇതിന്റെ ഭാഗമാകുന്നതും ഇതോടെയാണ്. 1997 ജനുവരി 16-ന് പവായിയിലെ വസതിക്കു പുറത്താണ് സാമന്ത് വധിക്കപ്പെടുന്നത്. ദാവൂദ് സംഘാംഗങ്ങള്‍ നിയന്ത്രിച്ചിരുന്ന മുംബൈ അധോലോകം ഛോട്ടാരാജന് സംഘങ്ങളുടെ ആധിപത്യത്തിലായതും ഈ കൊലപാതകത്തോടെയാണ്.
മുംബൈയെ ഞെട്ടിച്ച ഗുല്‍ഷന്‍ കുമാര്‍, ജെ ഡെ വധം
പ്രമുഖരായ പലരും അധോലോകത്തിന്റെ വെടിയുണ്ടയ്ക്ക് ഇരയായി. ടി. സീരീസിന്റെ സ്ഥാപകനായ ഗുല്‍ഷന്‍ കുമാര്‍ 1997-ല്‍ അന്ധേരിയിലെ ക്ഷേത്രത്തിനുപുറത്ത് കൊല്ലപ്പെട്ടു. അബുസലിമും ഡി-കമ്പനിയുമാണ് കൊലപാതകം ആസൂത്രണംചെയ്തത്. 1995-ല്‍ പ്രമുഖ കെട്ടിടനിര്‍മാതാവായ പ്രദീപ് ജെയിനെ അബു സലിമും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തി. 1993-ല്‍ ബോളിവുഡ് നടന് ഗുല്‍ഷന്‍ ഗ്രോവര്‍ വധശ്രമത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു.
അന്വേഷണാത്മക വാര്‍ത്തകളിലൂടെ അറിയപ്പെട്ട പത്രപ്രവര്‍ത്തകനായിരുന്നു ജ്യോതിര്‍മയ് ഡേയെന്ന ജെ ഡെ. ഛോട്ടാ രാജന്, ദാവൂദ് ഇബ്രാഹിം തുടങ്ങിയ കുപ്രസിദ്ധ കുറ്റവാളികളുടെ പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടിയതുള്പ്പെടെ മുംബൈ അധോലോകത്തെ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ വാര്‍ത്തകള്‍. 2011 -ല്‍ വസതിക്ക് സമീപത്ത് ജെ ഡെയെ ഛോട്ടാരാജന് സംഘാംഗങ്ങള്‍ കൊലപ്പെടുത്തി. തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പെട്ട കക്ഷികളെ പ്രതിനിധാനംചെയ്ത ഷാഹിദ് അസ്മിയെ വധിച്ചതിലൂടെ രവിപൂജാരി സംഘത്തിന്റെ സാന്നിധ്യവും വെളിപ്പെട്ടു. (തുടരും)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]