പ്രമുഖ സിനിമാ നിര്‍മാതാവും വ്യവസായിയും എ.ഐ.സി.സി അംഗവും മാതൃഭൂമി ഡയറക്ടറുമായ പി.വി ഗംഗാധരന്റെ വിയോഗത്തില്‍ അനുശോചിച്ച് നടന് മോഹന്‍ ശര്‍മ്മ. തന്റെ നല്ലൊരു സുഹൃത്തായിരുന്നു പി.വി ഗംഗാധരനെന്നും അദ്ദേഹത്തിന്റെ വിയോഗം തന്നെ വളരെയധികം വേദനിപ്പിക്കുന്നുവെന്നും നടന് പറഞ്ഞു.
‘എന്റെ നല്ല സുഹൃത്തായിരുന്ന പി.വി.ജിയുടെ വിയോഗത്തില്‍ ഞാന്‍ വളരെയേറെ വേദനിക്കുന്നു. ദൃഢവിശ്വാസമുള്ള ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹം തന്റെ ജീവിതം മലയാള സിനിമയുടെ ക്ഷേമത്തിനായി സമര്‍പ്പിച്ചു. ഐതിഹാസികവും അര്‍ഥവത്തുമായ നിരവധി മലയാള സിനിമകള്‍ അദ്ദേഹം നിര്‍മ്മിച്ചു. മറ്റുള്ളവര്‍ നടക്കാന്‍ ഭയപ്പെട്ടിരുന്ന നേരിന്റെ പാതയിലൂടെ അദ്ദേഹം നടന്നു. വിവേചനബുദ്ധിയുള്ള പ്രേക്ഷകരുടെ സംവേദനക്ഷമതയെ അദ്ദേഹം ബഹുമാനിക്കുകയും ലോകമെമ്പാടുമുള്ള മലയാളി ഹൃദയങ്ങളില്‍ തന്റേതായ ഇടം സൃഷ്ടിക്കുകയും ചെയ്തു. മലയാള സിനിമയെ ഇന്നത്തെ ശ്രേഷ്ഠമായ അവസ്ഥയിലേയ്ക്ക് എത്തിച്ചേര്ക്കുന്നതില് അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. വാണിജ്യപരമായ താല്പര്യങ്ങള് അദ്ദേഹത്തെ അലട്ടിയിരുന്നേയില്ല.
വ്യക്തിപരമായി എനിക്കേറെ അടുപ്പമുണ്ടായിരുന്ന സുഹൃത്തിനെയാണ് എനിക്ക് നഷ്ടമായത്. ഞാന്‍ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റായിരുന്ന കാലത്ത് അദ്ദേഹം നല്കിയ നിസ്വാര്‍ത്ഥവും നിരുപാധികവുമായ പിന്തുണ ഞാന്‍ സ്നേഹപൂര്‍വ്വം സ്മരിക്കുന്നു. അസാധാരണമായ സ്വാധീനം അദ്ദേഹത്തിനുണ്ടായിരുന്നു. എന്റെ ഓഫീസില്‍ ഇരുന്നുകൊണ്ട് അദ്ദേഹം അന്നത്തെ കേരള മുഖ്യമന്ത്രി എ.കെ ആന്റണിയോട് എനിക്ക് ഒരു കൂടിക്കാഴ്ച നടത്തുന്നതിന് വേണ്ടിയുള്ള അനുവാദം വാങ്ങിയത് ഞാന്‍ ഓര്‍ക്കുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുമായി ഞാന്‍ നടത്തിയ കൂടിക്കാഴ്ച മലയാള സിനിമയ്ക്ക് വേണ്ടിയുള്ള നിരവധി ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനത്തിന് കാരണമായി. പി.വി.ജിയുടെ വിയോഗം ഒരു യുഗത്തിന് അന്ത്യം കുറിക്കുന്നു എന്ന് ഭയമില്ലാതെ എനിക്ക് പറയാന്‍ കഴിയും. സത്യത്തില്‍ മലയാള സിനിമയ്ക്ക് സിനിമാരംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങളില്‍ ഒരാളെ നഷ്ടപ്പെട്ടിരിക്കുന്നു’, മോഹന്‍ ശര്‍മ്മ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു പി.വി. ഗംഗാധരന്റെ അന്ത്യം. മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടംപിടിച്ച, ദേശീയ പുരസ്കാരങ്ങളടക്കം സ്വന്തമാക്കിയ നിരവധി ചിത്രങ്ങള്‍ നിര്‍മിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ അമരക്കാരനായിരുന്നു അദ്ദേഹം. ശനിയാഴ്ച വൈകിട്ട് അഞ്ചിന് ആഴ്ചവട്ടത്തെ വീട്ടുവളപ്പിലാണ് സംസ്ക്കാരം.
Content Highlights: producer and mathrubhumi director pv gangadharan passed away actor mohan sharma about pv gangadharan
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]