ന്യൂഡൽഹി: നാഷണൽ ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഫിലിം ബസാറിന്റെ ഉപദേശകനായി ചുമതലയേറ്റ് കാൻ ഫിലിം ഫെസ്റ്റിവൽ മാർക്കറ്റ് മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജെറോം പൈല്ലാർഡ്. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായാണ് ഫിലിം ബസാർ സംഘടിപ്പിക്കാറുള്ളത്.
ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര മാർക്കറ്റിന്റെ തലവനായി കഴിഞ്ഞ 27 വർഷം സമാനതകളില്ലാത്ത പ്രവർത്തനമാണ് ജെറോം ചലച്ചിത്ര വ്യവസായത്തിന് നൽകിയതെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞു. വിനീത മിശ്രയാണ് ഫിലിം ബസാർ പ്രോഗ്രാമിങ് ഹെഡ്. തന്ത്രപരമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക, വ്യവസായ ഉൾക്കാഴ്ചകൾ പങ്കിടുന്നതിനും സർഗ്ഗാത്മകതയ്ക്കും സഹകരണത്തിനും അനുയോജ്യമായ അന്തരീക്ഷം പരിപോഷിപ്പിക്കുക, ഫിലിം ബസാറിൽ ഏർപ്പെട്ടിരിക്കുന്ന വ്യവസായ പ്രൊഫഷണലുകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക മുതലായവയാണ് പൈലാർഡിൻ്റെ ഉത്തരവാദിത്തം.
പതിനഞ്ച് വർഷം മുമ്പ് ഫിലിം ബസാറിൻ്റെ ആദ്യ നാളുകളിൽ അതിന്റെ ഭാഗമാകാൻ സാധിച്ചെന്ന് ജെറോം പൈലാർഡ് പ്രതികരിച്ചു. വീണ്ടും 2023 ൽ IFFI ജൂറിയിൽ പങ്കെടുക്കാനാവുന്നത് ഭാഗ്യമായി കാണുന്നു. ഫിലിം ബസാറിന് വളരെയധികം സാധ്യതകളുണ്ടെന്ന് താൻ കരുതുന്നു. ദക്ഷിണേഷ്യൻ സിനിമയും ലോകത്തിൻ്റെ മറ്റു ഭാഗങ്ങളിലെ സിനിമകളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി ഫിലിം ബസാർ കൂടുതൽ ഫലപ്രദമാക്കുന്നതിന് സംഭാവന നൽകുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വലിയരീതിയിൽ യുവാക്കളായ സംവിധായകരിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇത്തവണത്തെ ഫിലിം ബസാർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷങ്ങളിലെ ഫിലിം ബസാർ ഇവൻ്റുകളുടെ പാരമ്പര്യം നിലനിർത്തുന്നതിനൊപ്പം, വരാനിരിക്കുന്ന പതിപ്പുകളിൽ സിനിമാ നിർമ്മാതാക്കൾക്കായി പുതിയ വഴികളും സാധ്യതകളും സൃഷ്ടിക്കുക എന്നതും ബസാറിന്റെ ഉദ്ദേശമാണ്.
18-ാം പതിപ്പായ ഈ വർഷത്തെ ഫിലിം ബസാർ നവംബർ 20 മുതൽ 24 വരെ ഗോവയിലെ മാരിയറ്റ് റിസോർട്ടിൽ നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]