തമിഴ് ചലച്ചിത്ര നടിമാർക്കെതിരെയുള്ള മോശം പരാമർശങ്ങൾ നടത്തിയയാൾക്കെതിരെ പരാതി നൽകി നടി രോഹിണി. ഡോ. കാന്തരാജ് എന്നയാൾക്കെതിരെ നൽകിയ പരാതിയിൽ ചെന്നൈ സൈബർ ക്രൈം പോലീസ് അഞ്ച് വകുപ്പുകൾ പ്രകാരം കേസെടുത്തു. തമിഴ് ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമ പരാതികളെക്കുറിച്ചന്വേഷിക്കാനായി താരസംഘടനയായ നടികർ സംഘം ഈയിടെ രോഹിണി ചെയർപേഴ്സണായി കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഡോ.കാന്തരാജിനെതിരെ അവർ പരാതി നൽകിയത്.
രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് യൂട്യൂബ് കണ്ടന്റുകൾ ചെയ്യുന്നയാളാണ് ഡോ. കാന്തരാജ്. ഈയിടെ മൈ ഇന്ത്യ 24 x 7 എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടിമാർ സിനിമയിൽ വേഷം ലഭിക്കാനായി വിട്ടുവീഴ്ച ചെയ്യാറുണ്ട് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. നടന്മാരുമായും സംവിധായകരുമായും ഛായാഗ്രാഹകന്മാരും മറ്റ് സാങ്കേതിക പ്രവർത്തകരുമായും നടിമാർ വിട്ടുവീഴ്ച ചെയ്യാറുണ്ട്. സിനിമയിൽ അവസരം ലഭിക്കുന്നതിനുമുൻപ് നടിമാർക്ക് എല്ലാം അറിയാം. എന്നാൽ വർഷങ്ങൾക്ക് ശേഷം പരാതിപ്പെടുകയാണെന്നും കാന്തരാജ് പറഞ്ഞിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് രോഹിണി പരാതി നൽകിയത്.
പോലീസ് കമ്മീഷണർ എ അരുണിനാണ് രോഹിണി പരാതി നൽകിയത്. ഈ പരാതി ചെന്നൈ സൈബർ ക്രൈം യൂണിറ്റിന് കൈമാറുകയായിരുന്നു. ഡോ. കാന്തരാജിനെതിരെ നടപടിയെടുക്കണമെന്ന് അവർ പരാതിയിൽ ആവശ്യപ്പെട്ടു. സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ ഒന്നടങ്കം ഡോ. കാന്തരാജിന്റെ അഭിമുഖം മോശമായി ചിത്രീകരിക്കുന്നുവെന്നാണ് രോഹിണിയുടെ പരാതിയിൽ പറയുന്നത്. കാന്തരാജിനെതിരെ ക്രിമിനൽ കേസെടുക്കണമെന്നും മോശം പരാമർശങ്ങളടങ്ങിയ അദ്ദേഹത്തിന്റെ അഭിമുഖം യൂട്യൂബിൽനിന്ന് നീക്കംചെയ്യണമെന്നുമാണ് പരാതിയിൽ രോഹിണി ആവശ്യപ്പെട്ടിരിക്കുന്നത്.
“ഡോ. കാന്തരാജിന്റെ സംസാരം നടിമാരെ അവഹേളിക്കുകമാത്രമല്ല ചെയ്യുന്നത്. മറിച്ച് ഈ ഇൻഡസ്ട്രിയിലേക്ക് കടന്നുവരാനാഗ്രഹിക്കുന്ന പെൺകുട്ടികളിൽ തെറ്റിദ്ധാരണയുണ്ടാക്കുകയും ചെയ്യുന്നു. ഈ പരാമർശങ്ങളിൽ ശക്തമായി അപലപിക്കുകയും ഡോ. കാന്തരാജിനെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ആവശ്യപ്പെടുന്നു. കൂടാതെ ആ അഭിമുഖം യൂ ട്യൂബിൽനിന്ന് നീക്കംചെയ്യാനാവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണം.”രോഹിണിയുടെ പരാതിയിലെ വാക്കുകൾ.
കഴിഞ്ഞ മാസമാണ് മലയാള സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. തുടർന്ന് വലിയ കോളിളക്കങ്ങളാണ് മലയാളത്തിൽ ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിൽനിന്നും പ്രചോദനമുൾക്കൊണ്ടാണ് തമിഴ് സിനിമയിൽ നടികർ സംഘത്തിന്റെ നേതൃത്വത്തിൽ രോഹിണിയെ ചെയർപേഴ്സണായി നിയമിച്ചുകൊണ്ട് വൈശാഖ കമ്മിറ്റി രൂപീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]