രജനികാന്തിനെ നായകനാക്കി ടി.ജെ.ജ്ഞാനവേൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് വേട്ടയൻ. ചിത്രത്തിലെ മനസിലായോ എന്ന ഗാനം സോഷ്യൽ മീഡിയകളിൽ തരംഗംതീർത്ത് മുന്നേറുകയാണ്. മഞ്ജു വാര്യരുടേയും രജനികാന്തിന്റെയും തകർപ്പൻ ഡാൻസ് നമ്പറായെത്തിയ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഈ ഗാനം ആലപിച്ചയാളായിരുന്നു. 13 വർഷം മുൻപ് അന്തരിച്ച ഗായകൻ മലേഷ്യാ വാസുദേവന്റെ ശബ്ദം എഐ സഹായത്തോടെ സംഗീതസംവിധായകൻ അനിരുദ്ധ് പുനഃസൃഷ്ടിക്കുകയായിരുന്നു.
അനിരുദ്ധ്, മലേഷ്യാ വാസുദേവൻ, അദ്ദേഹത്തിന്റെ മകൻ യുഗേന്ദ്രൻ എന്നിവരാണ് മനസിലായോ എന്ന തട്ടുപൊളിപ്പൻ ഗാനം ആലപിച്ചത്. സൂപ്പർ സുബ്ബുവും വിഷ്ണു എടവനുമാണ് ഗാനം രചിച്ചത്. ഗാനം വലിയ ശ്രദ്ധനേടിയതോടെ പ്രതികരണവുമായെത്തിയിരിക്കുകയാണ് ഗുഗേന്ദ്രൻ വാസുദേവൻ. സന്തോഷ നിമിഷം എന്നു പറയുന്നതിനേക്കാൾ വൈകാരിക നിമിഷം എന്നു വിളിക്കുന്നതാകും ശരിയെന്ന് ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
“രജനികാന്താണ് അച്ഛന്റെ ശബ്ദം ഉപയോഗിക്കാമെന്ന നിർദേശം മുന്നോട്ടുവെച്ചത്. ടീസറിൽ അപ്പയുടെ ശബ്ദം കേട്ട ഉടനെ അമ്മയുടെ കണ്ണു നിറഞ്ഞു. കണ്ണടച്ചു കേൾക്കുമ്പോൾ അപ്പ മുൻപിൽ വന്നു നിൽക്കുന്ന പോലെ തോന്നും. അത്തരമൊരു ഫീലിൽ നിന്ന് ഇതുവരെയും പുറത്തു വന്നിട്ടില്ല. കുറച്ചു മാസങ്ങൾക്കു മുൻപ് വരെ എനിക്ക് ഈ സാധ്യതകളെക്കുറിച്ച് അറിയില്ലായിരുന്നു. അനിരുദ്ധിന്റെ ടീമിൽ നിന്നു വിളിച്ചപ്പോൾ ഞാൻ കരുതി എന്തോ റീമിക്സ് ചെയ്യാൻ വേണ്ടിയാകുമെന്ന്. പിന്നീടാണ്, ഇതൊരു ഫ്രഷ് ട്രാക്കാണെന്ന് മനസ്സിലായത്. ആ ശബ്ദം പുനഃസൃഷ്ടിക്കാൻ കഴിയുമോ എന്നു ചോദിച്ചു.
മനസിലായോ എന്ന ഗാനം ഒരുപാട് മനോഹാരിതയാണ് തന്റെ ജീവിതത്തിൽ കൊണ്ടുവന്നതെന്ന് രണ്ടുദിവസം മുൻപ് യുഗേന്ദ്രൻ പറഞ്ഞിരുന്നു. മനസിലായോ എന്ന പാട്ടിലെ പ്രധാനഭാഗം യുഗേന്ദ്രൻ പാടിയശേഷം എ.ഐയുടെ സഹായത്തോടെ മലേഷ്യാ വാസുദേവന്റെ ശബ്ദത്തിലേക്ക് കൺവെർട്ട് ചെയ്യുകയായിരുന്നു. ഈ നടപടിക്രമത്തിന്റെ ഭാഗമായതിലുള്ള സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു അദ്ദേഹം.
പാട്ടിറങ്ങിയപ്പോൾ തനിക്ക് വാട്ട്സാപ്പിൽ രജനികാന്തിന്റെ ശബ്ദസന്ദേശം വന്നുവെന്നും യുഗേന്ദ്രൻ പറഞ്ഞു. തങ്ങളുടെ കുടുംബത്തിന് നന്ദി പറഞ്ഞുള്ള ശബ്ദസന്ദേശമായിരുന്നു അത്. അപ്പയേക്കുറിച്ചും അദ്ദേഹം സംസാരിച്ചു. രജനികാന്ത് എപ്പോഴും തലൈവർ ആയിരിക്കുമെന്നും യുഗേന്ദ്രൻ കൂട്ടിച്ചേർത്തു. 27 വർഷങ്ങൾക്ക് മുൻപാണ് മലേഷ്യാ വാസുദേവൻ അവസാനമായി രജനികാന്തിനുവേണ്ടി പാടിയത്. 2011-ലാണ് അദ്ദേഹം അന്തരിച്ചത്.
ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ജയ് ഭീം എന്ന ചിത്രത്തിനുശേഷം ടി.ജെ.ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് വേട്ടയൻ. ലൈക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്. അമിതാഭ് ബച്ചനും ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]