
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘അജയന്റെ രണ്ടാം മോഷണ’ത്തിൽ ശബ്ദസാന്നിധ്യമായി മോഹൻലാലും. ടൊവിനോ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ സർപ്രെെസ് പ്രഖ്യാപനം നടത്തിയത്. മോഹൻലാലിന്റെ വരവ് ചിത്രത്തിന് പുതിയ മാനം നൽകിയെന്ന് ടൊവിനോ കുറിച്ചു.
ചിത്രത്തിന്റെ ഭാഗമായതിന് ടൊവിനോ മോഹൻലാലിന് നന്ദിയും അറിയിച്ചു. ചിത്രം റിലീസ് ചെയ്യാൻ മണിക്കൂറികൾ ബാക്കിനിൽക്കെയാണ് ടൊവിനോയുടെ പ്രഖ്യാപനം. സെപ്റ്റംബർ 12-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
ടൊവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തുന്ന എആർഎം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്നാണ് നിർമ്മിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്.
തമിഴ്, തെലുഗ്, മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയ ആയ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് എആർഎമ്മിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദ്. തമിഴിൽ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]