ആദ്യാവസാനം ദുരൂഹതയൊളിപ്പിച്ച, വെെകാരികമായി മനസ്സിനെ സ്പർശിക്കുന്ന ഒരു മിസ്റ്ററി ത്രില്ലർ, ആസിഫ് അലി നായകനാകുന്ന ‘കിഷ്കിന്ധാ കാണ്ഡം’ എന്ന ചിത്രത്തെ ഒറ്റവാചകത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. അപർണ ബാലമുരളി നായികയായെത്തുന്ന ചിത്രത്തിൽ വിജയരാഘവനാണ് മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘കക്ഷി അമ്മിണിപ്പിള്ള’യ്ക്ക് ശേഷം ദിൻജിത്ത് അയ്യത്താൻ ഒരുക്കുന്ന ചിത്രം കൂടിയാണ് ‘കിഷ്കിന്ധാ കാണ്ഡം’.
ഒരു വലിയ തറവാട്ടിലെ മൂന്ന് ജീവിതങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ ആരംഭിക്കുന്നത്. മുൻ സെെനിക ഉദ്യോഗസ്ഥനായ അപ്പു പിള്ള, മകൻ അജയ ചന്ദ്രൻ, ഭാര്യ അപർണ. പുതിയതായി വിവാഹം കഴിഞ്ഞ് തറവാട്ടിലേയ്ക്ക് എത്തുന്ന അപർണയെ കാത്തിരിക്കുന്നത് ഒരുപിടി പ്രശ്നങ്ങളും വെെരുധ്യങ്ങൾ നിറഞ്ഞ സംഭവവികാസങ്ങളുമാണ്. അപ്പു പിള്ളയുടെ ലെെസൻസുള്ള തോക്ക് കാണാതാകുന്നതിൽ നിന്നും തുടങ്ങുന്ന സംഭവവികാസങ്ങളുടെ ഒരു പരമ്പരയാണ് പിന്നീട് ചിത്രം.
അപ്പു പിള്ളയായി വിജയരാഘവൻ വേഷമിടുമ്പോൾ മകൻ അജയ ചന്ദ്രനായി ആസിഫ് അലി എത്തുന്നു. അപർണയായി വേഷമിട്ടിരിക്കുന്നത് അപർണ ബാലമുരളിയാണ്. അടിമുടി ദുരൂഹതയൊളിപ്പിച്ച കഥാപാത്രമാണ് അപ്പു പിള്ളയുടേത്. സ്വഭാവത്തിലും സംസാരത്തിലുമെല്ലാം നിഗൂഡതയൊളിപ്പിക്കുന്നൊരാൾ. അപ്പു പിള്ളയിലേയ്ക്കുള്ള അപർണയുടേയും ഒപ്പം പ്രേക്ഷകരുടേയും ഒരു അന്വേഷണയാത്ര കൂടിയാണ് ചിത്രം. അജയ ചന്ദ്രൻ്റെയും അപ്പു പിള്ളയുടേയും ഒക്കെ ഭൂതകാലത്തിലേയ്ക്കുള്ള സഞ്ചാരം കൂടിയുണ്ട് ചിത്രത്തിൽ.
ഏറെ പ്രത്യേകതകൾ നിറഞ്ഞ അപ്പു പിള്ളയെന്ന കഥാപാത്രത്തെ വിജയരാഘവൻ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. അജയ ചന്ദ്രനെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ ആസിഫ് അലിക്കും സാധിച്ചു. അപർണയെന്ന കഥാപാത്രം അപർണ ബാലമുരളിയും ഭദ്രമാക്കി. ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. കഥയിൽ വളരെയേറെ പ്രധാന്യമുള്ളൊരു വേഷമാണ് ജഗദീഷ് അവതരിപ്പിച്ചിരിക്കുന്നത്. മാനറിസങ്ങൾ കൊണ്ട് കഥാപാത്രത്തെ പുതുമയുള്ളതാക്കാൻ ജഗദീഷിന് സാധിച്ചിട്ടുണ്ട്.
പുതുമയുള്ള, കെട്ടുറപ്പുള്ള തിരക്കഥയാണ് ‘കിഷ്കിന്ധാ കാണ്ഡം’ എന്ന ചിത്രത്തിൻ്റെ ആത്മാവ്. അതിനൊപ്പം താരങ്ങളുടെ മികച്ച പ്രകടനം കൂടിയായതോടെ പ്രേക്ഷകന് മികച്ച ദൃശ്യാനുഭവം സിനിമ സമ്മാനിക്കുന്നുണ്ട്. ബാഹുൽ രമേഷ് ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നത്. കഥാപശ്ചാത്തലത്തിന് യോജിച്ച തരത്തിൽ സംഗീതം ഒരുക്കിയ മുജീബ് മജീദും പ്രത്യേക കെെയടികൾ അർഹിക്കുന്നുണ്ട്.
കാടിന് നടുവിലെ തറവാടും അവിടവുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന സംഭവവികാസങ്ങളും ഛായാഗ്രാഹകൻ ഭംഗിയായി ഒപ്പിയെടുത്തിട്ടുണ്ട്. സസ്പെൻസ് ഒളിപ്പിച്ച് കഥ മുന്നോട്ട് പോകുമ്പോഴും കുടുംബ ബന്ധങ്ങളിലേയ്ക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ ചിത്രം ശ്രമിക്കുന്നുണ്ട്. സ്നേഹവും പരസ്പരമുള്ള അനുകമ്പയും കുടുംബ ബന്ധങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങളും ചിത്രത്തിൽ കാണാം.
ഗുഡ്വിൽ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഈ ഓണക്കാലത്ത് കുടുംബസമേതം തിയേറ്ററിൽ നിന്ന് തന്നെ ആസ്വദിക്കാനാകുന്നൊരു മനോഹരമായ ഇമോഷണൽ മിസ്റ്ററി ത്രില്ലറാണ് ‘കിഷ്കിന്ധാ കാണ്ഡം’.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]