
ജയ് ഭീം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ടി.ജെ. ജ്ഞാനവേലും സപ്ത സാഗരദാച്ചേ എല്ലോ എന്ന കന്നഡ ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ ഹേമന്ത് റാവുവും ഒരുമിക്കുന്നു. ദോശാ കിംഗ് എന്നുപേരിട്ടിരിക്കുന്ന ചിത്രം ശരവണഭവൻ ഹോട്ടലുടമ പി.രാജഗോപാലിന്റെ ജീവിതം ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. ജീവനക്കാരന്റെ മകളെ സ്വന്തമാക്കാൻ അവരുടെ ഭർത്താവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ രാജഗോപാലും ഭർത്താവ് നഷ്ടപ്പെട്ട ജീവജ്യോതി എന്ന യുവതിയും തമ്മിലുള്ള നിയമപോരാട്ടമാണ് ചിത്രത്തിന്റെ കഥാതന്തു.
2001 ലാണ് രാജഗോപാൽ ഉൾപ്പെട്ട കൊലപാതകം നടന്നത്. ശരവണഭവനിലെ ജോലിക്കാരന്റെ മകളും പ്രിൻസ് ശാന്തകുമാർ എന്നയാളുടെ ഭാര്യയുമായ ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാനായി രാജഗോപാൽ പ്രിൻസ് ശാന്തകുമാറിനെ കൊന്നുകുഴിച്ചു മൂടുകയായിരുന്നു. കൊടൈക്കനാലിലെ പെരുമാൾമലൈയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ത്യയിൽ മാത്രം 25 ഹോട്ടലുകളുള്ള ശരവണഭവന് യു.എസ്, യുകെ, ഓസ്ട്രേലിയ അടക്കം 20 രാജ്യങ്ങളിൽ ശാഖകളുണ്ട്.
ജംഗ്ലീ പിക്ചേഴ്സ് നിർമിക്കുന്ന ദോശാ കിംഗിന്റെ രചനയാണ് ഹേമന്ത് റാവു നിർവഹിക്കുന്നത്. ഇങ്ങനെയൊരു ചിത്രം രചിക്കാനാവുന്നതിലും സംവിധായകൻ ജ്ഞാനവേലുമായി പ്രവർത്തിക്കാനാവുന്നതിലുമുള്ള സന്തോഷം ഹേമന്ത് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.
പി.രാജഗോപാലിന്റെ ജീവിതം ഇങ്ങനെ:
ചായവിൽപ്പനക്കാരനായാണ് പി.രാജഗോപാൽ കരിയർ തുടങ്ങിയത്. കഠിനപ്രയത്നത്തിലൂടെയാണ് ശരവണ ഭവൻ ഹോട്ടൽ ശൃംഖല അദ്ദേഹം കെട്ടിപ്പടുത്തത്. ’അണ്ണാച്ചി’യെന്ന വിളിപ്പേരുള്ള രാജഗോപാലിന്റെ ശരവണ ഭവൻ ഹോട്ടലിൽ അസിസ്റ്റന്റ് മാനേജരായിരുന്ന രാമസാമിയുടെ മകളായിരുന്നു ജീവജ്യോതി. ചെന്നൈയിലായിരുന്നു ഇവർ കുടുംബസമേതം താമസിച്ചിരുന്നത്. രാമസാമിയുടെ മകന് കണക്ക് ട്യൂഷനെടുക്കാനാണ് ശാന്തകുമാർ അവരുടെ വീട്ടിലെത്തുന്നത്. ജോലി ആവശ്യത്തിനായി രാമസ്വാമി മലേഷ്യയിലേക്ക് പോയതോടെ ജീവജ്യോതി ശാന്തകുമാറുമായി പ്രണയത്തിലായി. ക്രിസ്ത്യാനിയായ ശാന്തകുമാറുമായുള്ള മകളുടെ വിവാഹം രാമസാമി എതിർത്തു. 1999- ൽ ശാന്തകുമാറും ജീവജ്യോതിയും രജിസ്റ്റർ വിവാഹം ചെയ്തു.
ട്രാവൽ ഏജൻസി തുടങ്ങാൻ വായ്പയ്ക്കായാണ് രാജഗോപാലനുമായി കൂടിക്കാഴ്ച നടത്തുന്നത്. ആദ്യ കാഴ്ചയിൽത്തന്നെ രാജഗോപാലിന് ജീവജ്യോതിയിൽ താത്പര്യം തോന്നി. ദിവസവും ഫോൺ വിളി തുടങ്ങി. വിലകൂടിയ ആഭരണങ്ങൾ നൽകി. അന്ന് 20 വയസ്സു മാത്രമുണ്ടായിരുന്ന ജീവജ്യോതിയോട് തന്റെ മൂന്നാം ഭാര്യയാകാൻ ആവശ്യപ്പെട്ടു. ജ്യോതിഷക്കാരന്റെ ഉപദേശപ്രകാരമായിരുന്നു ഇത്. ഭാര്യഭർതൃ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിക്കൊണ്ടാണ് രാജഗോപാൽ ലക്ഷ്യത്തിലേക്ക് കടന്നത്. ശാന്തകുമാറിന് എച്ച്.ഐ.വി. ബാധയുണ്ടെന്നും രക്തപരിശോധന നടത്തണമെന്നും ഒരു ഡോക്ടറെക്കൊണ്ട് പറയിപ്പിക്കുകയായിരുന്നു. തുടർച്ചയായി ശല്യമുണ്ടായപ്പോൾ 2001- ൽ ജീവജ്യോതി പോലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി. പണം കൊടുത്ത് പോലീസിനെ ഒതുക്കുമെന്നായി രാജഗോപാലൻ. ഒരവസരത്തിൽ ജീവജ്യോതിയെ താൻ വിവാഹം കഴിക്കുമെന്ന് ശാന്തകുമാറിനോട് നേരിട്ടു ഭീഷണി മുഴക്കി.
ഇതോടെ ശാന്തകുമാറും ജീവജ്യോതിയും ചെന്നൈയിൽനിന്ന് ഒളിച്ചോടാൻ ശ്രമിച്ചു. രാജഗോപാൽ ഗുണ്ടകളെ വിട്ട് ശാന്തകുമാറിനെ തല്ലിയതോടെ വീണ്ടും പോലീസിൽ പരാതി നൽകി. തുടർന്നാണ് ശാന്തകുമാറിനെ കടത്തിക്കൊണ്ടു പോയി കൊലപ്പെടുത്തുന്നത്. ജീവജ്യോതി നൽകിയ പരാതിയിൽ അന്വേഷണം നടക്കവേ കേസിലെ രണ്ടാംപ്രതികൂടിയായ ഡാനിയൽ ആണ് പോലീസിനോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. മൂന്നു വർഷത്തിനുശേഷം സെഷൻസ് കോടതി രാജഗോപാലന് 10 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. 2009- ൽ മദ്രാസ് ഹൈക്കോടതി ജീവപര്യന്തം വിധിച്ചു. 2019 ജൂലൈ 19-ന് 72-ാം വയസിൽ ജയിലിൽവെച്ച് ഹൃദയാഘാതമുണ്ടായി രാജഗോപാൽ അന്തരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]