
രവി മേനോൻ സംസാരിക്കുന്നു
To advertise here, Contact Us
അങ്ങനെയിരിക്കുമ്പോൾ ഒരു മോഹം, കുട്ടിക്കാലത്തേക്ക് ഒന്ന് തിരിച്ചുനടക്കണമെന്ന്: അമ്മയിലേക്ക്, അമ്മയുടെ മൂളിപ്പാട്ടിലേക്ക്, അടുപ്പത്തിരുന്നു മൊരിയുന്ന ദോശയുടെ ശ് ശ് ശ് ശബ്ദത്തിലേക്ക്, അടുക്കളയിലെ “വീതന”പ്പുറത്തിരുന്ന് സ്ഥിരം പാടിപ്പറയുന്ന ട്രാൻസിസ്റ്റർ റേഡിയോയിലേക്ക്….
പിന്നെ സംശയിച്ചില്ല. സരോജിനിയേടത്തിയെ ഫോണിൽ വിളിച്ചു. ഉള്ളിലെ ആഗ്രഹം പങ്കുവെച്ചു: ലോകമെങ്ങുമുള്ള മലയാളികളുടെ എത്രയോ തലമുറകളെ വൈകുന്നേരങ്ങളിൽ റേഡിയോയ്ക്ക് മുന്നിൽ തളച്ചിട്ട ആ ഗാനാവതരണം അതേ ശബ്ദത്തിൽ, അതേ പാലക്കാടൻ ആക്സന്റിൽ ഒരിക്കൽ കൂടി കേൾക്കണം. ശ്രീലങ്ക പ്രക്ഷേപണ നിലയത്തിന്റെ സുവർണ്ണകാലം അസ്തമിച്ചിരിക്കാം. പക്ഷേ സരോജിനി ശിവലിംഗത്തിന്റെ ശബ്ദം കാതുകളിൽ നിന്ന് ഒരിക്കലും മറയുന്നില്ലല്ലോ.
ആവശ്യം കേട്ട് അമ്പരന്നു പോയിരിക്കണം സരോജിനിയേടത്തി. നാൽപ്പതു കൊല്ലം മുൻപ് വിട പറഞ്ഞതാണ് പ്രക്ഷേപണ കലയോട്. മങ്ങിയ ഓർമ്മകളേയുള്ളൂ ആ കാലത്തിന്റെ. എങ്കിലും മകൾ രോഹിണിയുടെ സഹായത്തോടെ എനിക്ക് വേണ്ടി പ്രശസ്തമായ ആ “സൈനിംഗ് ഓഫ് ” ഓർമ്മയിൽ നിന്ന് വീണ്ടും ഉരുവിട്ട് അയച്ചുതന്നു, നവതിക്ക് രണ്ടു വയസ്സ് മാത്രം അകലെയെത്തി നിൽക്കുന്ന സരോജിനി ശിവലിംഗം — കേട്ട് കേട്ട് മനസ്സിൽ പതിഞ്ഞ അതേ വിന്റേജ് ശബ്ദത്തിൽ, അടുത്ത ദിവസം വീണ്ടും കാണാം എന്ന വാഗ്ദാനത്തോടെ.
ആ വാഗ്ദാനമായിരുന്നല്ലോ ടെലിവിഷനും എഫ് എം റേഡിയോയും ഇന്റർനെറ്റും മൊബൈൽ ഫോണുമൊന്നും വിദൂരസ്വപ്നങ്ങളിൽ പോലും ഇല്ലാതിരുന്ന കാലത്ത് മലയാളികളുടെ പ്രതീക്ഷ. അടുത്ത ദിവസം മൂന്നരക്ക് നിത്യസുന്ദര ഗാനങ്ങളുമായി സരോജിനി ശിവലിംഗം വീണ്ടുമെത്തുമെന്ന ശുഭപ്രതീക്ഷ.
1971 മുതൽ 83 വരെ എന്റെ തലമുറയുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന ആ ശബ്ദം ഒരിക്കൽ കൂടി കേട്ടപ്പോൾ കാലം ഒരു മാത്ര നിശ്ചലമായതു പോലെ. അമ്മയിലേക്ക്, അമ്മയുടെ മൂളിപ്പാട്ടിലേക്ക്, അടുപ്പത്തിരുന്നു മൊരിയുന്ന ദോശയുടെ ശ് ശ് ശ് ശബ്ദത്തിലേക്ക്, അടുക്കളയിലെ “വീതന”പ്പുറത്തിരുന്ന് സ്ഥിരം പാടുന്ന ട്രാൻസിസ്റ്റർ റേഡിയോയിലേക്ക് തിരിച്ചുനടക്കുന്നു ഓർമ്മകൾ.
നന്ദി, പ്രിയപ്പെട്ട സരോജിനിയേടത്തി… ശബ്ദത്തിലൂടെ ഒരു കാലം വീണ്ടെടുത്തു തന്നതിന്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]