
സുകുമാരക്കുറുപ്പ് എന്നുകേൾക്കുമ്പോൾ ഏവരുടേയും മനസിലേക്കുവരുന്ന ഒരു മുഖവും സംഭവവുമുണ്ട്. സുകുമാരക്കുറുപ്പ് എന്ന പേരിന് കൊടുംകുറ്റകൃത്യത്തിന്റേതായ ഒരു നിറം കേരളജനത ഇതിനോടകം മനസിൽ നൽകിയിട്ടുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തനായ പേരിൽമാത്രം സാമ്യമുള്ള മറ്റൊരു സുകുമാരക്കുറുപ്പിന്റെ കഥയാണ് ഷെബി ചൗഘട്ട് സംവിധാനംചെയ്ത ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രം.
പ്രാഥമികമായി പറയുകയാണെങ്കിൽ റാംബോ സുകുമാരക്കുറുപ്പിന്റെയും സംഘത്തിന്റെയും കഥയാണ് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്. മുജീബ്, സുഗതൻ, മറ്റുമ്മൽ പോൾ തുടങ്ങിയവരാണ് ഗ്യാങ്സ് ഓഫ് സുകുമാരക്കുറിപ്പിലെ മറ്റംഗങ്ങൾ. തിരുവനന്തപുരത്തെ ഒരു കോഫീ ഷോപ്പിനെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്.
തന്റെ അച്ഛനെ പറ്റിച്ച് സ്വത്തുക്കൾ തട്ടിയെടുത്തയാളെ കണ്ടുപിടിക്കാനായി തിരുവനന്തപുരത്തെത്തിയ ആളാണ് സുകുമാരക്കുറുപ്പിന്റെ സംഘത്തിലെ മുജീബ്. ഇയാൾ ജോലിക്ക് എത്തുന്നതാകട്ടെ ആരും കയറാത്ത, കടക്കെണിയിൽ മുന്നോട്ടു പോകുന്ന കോഫീ ഷോപ്പിലും. ഈ ഗ്യാങ് അപ്രതീക്ഷിതമായി ഒരു സംഭവത്തിൽ പെടുന്നതും അതിന് പിന്നാലെയുള്ള പരക്കം പാച്ചിലും പ്രശ്ന പരിഹാരവും ഒക്കെ അതീവ രസാവഹമായി അവതരിപ്പിച്ചിരിക്കുകയാണ് ഷെബി ചിത്രത്തിലൂടെ.
സ്ഥിരം വില്ലൻ വേഷങ്ങളിൽ മലയാള സിനിമാ പ്രേമികൾക്കിടയിൽ സ്ഥാനമുറപ്പിച്ച അബു സലിമിന്റെ മറ്റൊരു വേഷപ്പകർച്ച ചിത്രത്തിൽ കാണാം. വില്ലത്തരത്തിന് പുറമേ ആക്ഷൻ കോമഡിയും തനിക്ക് നന്നായി വഴങ്ങുമെന്ന് ചിത്രത്തിലുടനീളം തെളിയിക്കുന്നുണ്ട് അദ്ദേഹം. ഷാജി കൈലാസ് -ആനി ദമ്പതികളുടെ ഇളയമകൻ റുഷിൻ ഷാജി കൈലാസാണ് ചിത്രത്തിൽ മറ്റൊരു പ്രധാനവേഷത്തിൽ.
ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, സുജിത് ശങ്കർ, സൂര്യ കൃഷ്, എബിൻ ബിനോ, ദിനേശ് പണിക്കർ, ഇനിയ, പൂജ മോഹൻരാജ് എന്നിവരാണ് മറ്റു സുപ്രധാന കഥാപാത്രങ്ങളാവുന്നത്. സംവിധായകന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് വി ആർ ബാലഗോപാലാണ്. രജീഷ് രാമൻ ചായഗ്രഹണവും സുജിത് സഹദേവ് എഡിറ്റിങ്ങും നിർവഹിക്കുന്നു. പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതനാണ് നിർമാണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]