
തൃശ്ശൂർ: ചലച്ചിത്ര സാങ്കേതികവിദഗ്ധരുടെ സംഘടനയായ മാക്ടയ്ക്കെതിരെ പരാതിയുമായി മുതിർന്ന സംവിധായകൻ അമ്പിളി. മാക്ട മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലൈവ് ചിത്രം വര സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ അനുകൂലിച്ച് ചിത്രം വരച്ചതിനാൽ തന്നെ ഒരുസംഘമാളുകൾ ചേർന്ന് മർദിച്ചു എന്നാണ് അദ്ദേഹത്തിന്റെ പരാതി. സംവിധായകൻ ജി.എസ്.വിജയന്റെ നേതൃത്വത്തിലായിരുന്നു മർദനമെന്നും അമ്പിളി പറഞ്ഞു.
രണ്ട് ദിവസം മുൻപ് എറണാകുളം ടൗൺഹാളിനുമുന്നിൽവെച്ചായിരുന്നു സംഭവം. മൂന്ന് നാലുപേരുമായി വന്നാണ് ജി.എസ്.വിജയൻ തന്നെ മർദിച്ചതെന്ന് അമ്പിളി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സംസാരിച്ചുകൊണ്ടിരുന്ന ക്യാമറയ്ക്ക് മുന്നിൽനിന്നും തള്ളിനീക്കി. വീഴാൻ പോയപ്പോൾ പിന്നിലുണ്ടായിരുന്ന ഒന്നുരണ്ടുപേർ തന്നെ താങ്ങിപ്പിടിച്ചു. തന്റെ അഞ്ച് തലമുറയെ മോശമാക്കിക്കൊണ്ടുള്ള പച്ചത്തെറിയാണ് അവർ വിളിച്ചതെന്നും അമ്പിളി പറഞ്ഞു.
സംഭവത്തേക്കുറിച്ച് രണ്ടുദിവസം മുൻപ് അമ്പിളി ഫെയ്സ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. “ഇന്ന വിഷയത്തെക്കുറിച്ചേ വരക്കാവൂ എന്ന് MACTA നിഷ്ക്കർഷിച്ചിരുന്നില്ല. ഒരു സമകാലീന വിഷയത്തെക്കുറിച്ച് വരക്കണമെന്ന് എനിക്ക് തോന്നി. മൂന്നോ നലോ വൃക്തികളെ സന്തോഷിപ്പിക്കാൻ വേണ്ടിയിട്ടല്ല ഞാൻ വരച്ചത്. സിനിമ മേഖലയെ മുഴുവൻ കാർന്നു കൊന്നു കൊണ്ടിരിക്കുന്ന കേൻസറിനെക്കുറിച്ചു വരക്കാനാണ് എൻ്റെ ഭാവന എനിക്ക് പ്രേരണ തന്നത്. വിമൻ – സിനിമ – കേൻസർ എന്ന വിഷയത്തെക്കുറിച്ചാണ് ഞാൻ വരച്ചത്. കാണികളുടെ കൺമുന്നിൽ വെച്ചാണ് വരച്ചിരുന്നത്. കാണികൾക്ക് ആശയം ഇഷ്ട്ടപ്പെട്ടു. വരക്കുന്നതിനിടയിൽ അവർ വന്ന് ആശ്ലേഷിച്ചു. അഭിനന്ദിച്ചു. ഓട്ടോഗ്രാഫുകൾ എഴുതി വാങ്ങിച്ചു. ഭാഗ്യലക്ഷ്മി, ശ്രീമൂലനഗരം മോഹനൻ തുടങ്ങിയവർ വന്ന് ഹസ്തദാനം തന്നു. ചാനലുകാർ ദൃശ്യങ്ങൾ കേമറയിൽ പകർത്തി. അവർ ചോദ്യങ്ങൾ ചോദിച്ചു. ഉത്തരങ്ങൾ തേടി. ഹേമ കമ്മീഷൻ്റെ അഭിപ്രായത്തെക്കുറിച്ച് ആരാഞ്ഞു. എൻ്റെ നിലപാട് അവരോട് പങ്കുവെച്ചു.
അതിനിടെ ജി.എസ് വിജയനെന്ന ആൾ അവിടെ വന്നു. ഞാൻ വരച്ചു കൊണ്ടിരുന്ന ചിത്രം അയാൾ വലിച്ചെറിഞ്ഞു. പവിത്രമായ എൻ്റെ രചനയെ ആ ചട്ടമ്പി ചവിട്ടിമെതിച്ചു. ശ്രീകുമാരൻ തമ്പി സാറിന് ഒരു സ്നേഹോപഹാരമായികൊടുക്കാൻ ഞാൻ വരച്ച് ചില്ലിട്ട് വെച്ചിരുന്ന തമ്പി സാറിൻ്റെ ഫോട്ടോ ഞാൻ വരക്കുന്നിടത്ത് വെച്ചിരുന്നു. തമ്പി സാറിൻ്റെ ആ ചിത്രം ഈനീചൻ വലിച്ചെറിയുകയും കാലുകൊണ്ട് ചവിട്ടി ഉടക്കുകയും ചെയ്തു. ഒരു തെമ്മാടി തമ്പി സാറിൻ്റെ മുഖത്ത് ചവിട്ടിയതുപോലെയാണ് ഞങ്ങൾക്കപ്പോൾ തോന്നിയത് എന്നാണ് കണ്ടു നിന്നവർ പ്രതികരിച്ചത്. എന്നെ തല്ലുമെന്നും, കൊല്ലു മെന്നും, വരച്ച ഈ കയ്യില്ലാതെ ഇവിടന്ന് പോകേണ്ടിവരുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഈ വാക്കുകളും ഈ പ്രവർത്തിയും കേരളീയരായ നമ്മൾ മുമ്പ് കേൾക്കുകയും കാണുകയും ചെയ്തീട്ടുണ്ടല്ലോ. ആ വാക്കുകൾ ഉച്ചരിക്കാനുള്ള പ്രേരണയും ധൈര്യവും ഈ വിജയന് എവിടന്നായിരിക്കും കിട്ടിയിട്ടുണ്ടാവുക?ജനങ്ങളും, ക്യാമറയും കണ്ടുകൊണ്ടിരിക്കെയാണ് ആ അധമനങ്ങിനെ തുള്ളിയത്.
കല,സിനിമ എന്നിവയെ തകർക്കണമെന്ന ഗൂഢലക്ഷ്യം ചിലർക്കോ ചില സംഘടനകൾക്കോ ഉണ്ട്. അതിന് പിന്നിലെ ബുദ്ധി അവരുടേതാണ്. അതിന് പണം ചെലവാക്കുന്നതും അവരാണ്. മമ്മൂട്ടിക്കും മോഹൻലാലിനും കൊടുക്കുന്ന വേതനം ജൂനിയർ ആർട്ടിസ്റ്റിനും വാങ്ങിത്തരും. അതാണ് നമ്മുടെ ലക്ഷ്യം എന്ന് പറഞ്ഞ് ഒരു കൂട്ടം പാവം സഹോദരിമാരെ അവർ പ്രലോഭിപ്പിക്കയാണ്. ഈ പ്രചരണത്തിന് കൂട്ട് നിൽക്കുന്നവർക്കൊക്കെ പണം ലഭിക്കുന്നുണ്ടെന്നാണ് പിന്നാമ്പുറ വാർത്ത. ജി.എസ്. വിജയൻ ഹരിഹരൻ സാറിൻ്റെ കീഴിൽ പ്രവർത്തിച്ചിരുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ഗുരുനാഥനോട് അയാൾക്ക് പകയുണ്ടെന്നും കേട്ടിരുന്നു. അടുത്തിടെ വന്ന ലൈംഗിക ആരോപണത്തിൽ ഹരിഹരൻ സാറിൻ്റെ പേരും ഏതോ ഒരു വിമൻ പുറത്ത് പറഞ്ഞിരുന്നു. അവരെയാണ് ഈ വിജയൻ അനുകൂലിക്കുന്നതും താങ്ങുന്നതും. (ഹായ്… ഗുരുദക്ഷിണ…)” അമ്പിളിയുടെ വാക്കുകൾ.
റൗഡികളോ സംഘടനകളോ അല്ല സിനിമയെ വളർത്തിയത്. കാണികളാണ്. പണം മുടക്കാൻ ഒരു നിർമ്മാതാവും തിയ്യറ്ററുകളിൽ പോയി സിനിമ കാണാൻ കാണികളും ഇല്ലെങ്കിൽ ഒരു സിനിമയും പിറവിയെടുക്കില്ല. തനിയ്ക്ക് എറണാകുളത്ത് ഉണ്ടായ അനുഭവം ഇനി മറ്റാർക്കും ഉണ്ടാകാതിരിയ്ക്കണം.ഒരു ചിത്രകാരന്റെയും ചിത്രം വലിച്ചെറിയപ്പെടരുത് എന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]