
കൊച്ചി: ടൊവിനോ തോമസ് ചിത്രം ‘മിന്നൽ മുരളി’യിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി ‘മിന്നൽ മുരളി യൂണിവേഴ്സിൽ’ സിനിമ ചെയ്യുന്നതിന് കോടതി വിലക്ക്.’മിന്നൽ മുരളി’യിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമകൾ, ഗ്രാഫിക് നോവലുകൾ, സ്പിൻ-ഓഫ് സിനിമകൾ എന്നിവയുടെ നിർമാണത്തിനാണ് വിലക്ക്. ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന ‘ഡിറ്റക്ടീവ് ഉജ്വലൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോടതി ഇടപെടൽ.
മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ ചിത്രത്തിന് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിൽ ഒരുങ്ങുന്ന ചിത്രമാണ് ഡിറ്റക്ടീവ് ഉജ്വലൻ. മിന്നൽ മുരളിയുടെ തിരക്കഥാകൃത്തുക്കളായ അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ സമർപ്പിച്ച പരാതിയിന്മേലാണ് എറണാകുളം ജില്ലാ കോടതിയുടെ നടപടി. ‘ഡിറ്റക്ടീവ് ഉജ്വലന്റെ നിർമാതാക്കളായ വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന് പകർപ്പവകാശം ചൂണ്ടിക്കാട്ടി കോടതി നിർദേശം നൽകി.
ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ‘മിന്നൽ മുരളി’ സിനിമയെ സംബന്ധിച്ച കോപ്പി റൈറ്റ് പോളിസികൾ ലംഘിക്കപെടാൻ പാടില്ലെന്നാണ് അറിയിപ്പിൽ പറയുന്നത്. ‘ഡിറ്റക്ടീവ് ഉജ്വലന്റെ’ നിർമ്മാതാവായ സോഫിയ പോൾ, നെറ്റ്ഫ്ലിക്സ് ഇന്ത്യ, അമർ ചിത്രകഥ, സ്പിരിറ്റ് മീഡിയ, സിനിമയുടെ സംവിധായകരായ ഇന്ദ്രനീൽ ഗോപികൃഷ്ണൻ, രാഹുൽ ജി എന്നിവർക്കാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബർ മൂന്നിനാണ് ‘ഡിക്ടറ്റീവ് ഉജ്വലൻ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. മിന്നൽ മുരളിയിലെ സ്ഥലങ്ങൾക്കും കഥാപാത്രങ്ങൾക്കും ടീസറിൽ റഫറൻസുകളുണ്ടായിരുന്നു. ടീസർ പുറത്തുവന്നതിന് പിന്നാലെ മിന്നൽ മുരളി’ യൂണിവേഴ്സിൽ ഉൾപ്പെട്ട സിനിമയാണ് ധ്യാൻ ശ്രീനിവാസൻ ചിത്രം എന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയും ചൂടുപിടിച്ചു.
ഇന്ദ്രനീൽ ഗോപികൃഷ്ണനും രാഹുൽ ജിയും ചേർന്നാണ് ‘ഡിക്ടറ്റീവ് ഉജ്വലൻ’ സംവിധാനം ചെയ്യുന്നത്. വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]